 അപകടം ദേശീയപാതയിൽ മുണ്ടൂർ പുറ്റേക്കര

മുണ്ടൂർ: ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബാംഗങ്ങൾ സഞ്ചരിച്ച ആട്ടോയും ടാങ്കർലോറിയും കൂട്ടിയിടിച്ച് ആറ് വയസുകാരനും വീട്ടമ്മയും മരിച്ചു. മലപ്പുറം തിരൂർ ഒഴൂർ പൈക്കാട്ടിൽ രാമചന്ദ്രന്റെ ഭാര്യ രുഗ്മിണി (42), രാമചന്ദ്രന്റെ സഹോദരൻ രവീന്ദ്രന്റെ മകൻ അലൻകൃഷ്ണ (6) എന്നിവരാണ് മരിച്ചത്. രാമചന്ദ്രന്റെ മകൻ രജീഷ് (27) ആണ് ആട്ടോ ഓടിച്ചിരുന്നത്. രജീഷിനെ ഗുരുതര പരിക്കുകളോടെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന പരിക്കേറ്റ രാമചന്ദ്രൻ (50), രവീന്ദ്രന്റെ മറ്റു മക്കളായ ഒമ്പതിൽ പഠിക്കുന്ന നിയ (14), ഏഴാം ക്‌ളാസ് വിദ്യാർത്ഥിനി നിവ്യ (12), ടാങ്കർ ലോറിയുടെ ഡ്രൈവർ നാഗർകോവിൽ സ്വദേശി മാരിയമ്മൻ കോവിൽ രമേശൻ (50) എന്നിവരും അമല ആശുപത്രിയിൽ ചികിത്സയിലാണ്. രമേശന്റെ പരിക്ക് സാരമുള്ളതല്ല.

ഇന്നലെ രാവിലെ 6.50ന് തൃശൂർ - കോഴിക്കോട് ദേശീയ പാതയിൽ പുറ്റേക്കരയിലാണ് അപകടം. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ഒഴൂരിൽ നിന്നുള്ള വീട്ടിൽ നിന്ന് ഗുരുവായൂർ ദർശനത്തിന് തിരിച്ചതാണ് കുടുംബം. ഗുരുവായൂർ ദർശനത്തിന് ശേഷം തൃശൂർ പൂരം പ്രദർശനം കാണാനും ക്ഷേത്ര ദർശനത്തിനുമായി വരുമ്പോഴായിരുന്നു അപകടം. ആട്ടോ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ടാങ്കർ ലോറിയിൽ ഗ്യാസ് ഇല്ലാതിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു. അപകടം നടന്നയുടൻ നാട്ടുകാർ വിളിച്ചുപറഞ്ഞത് അനുസരിച്ചെത്തിയ ഫയർഫോഴ്‌സാണ് ടാങ്കറിൽ ഗ്യാസ് ഇല്ലെന്ന് ഉറപ്പാക്കിയത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട് റോഡിലെ കാനയിലേക്ക് ടാങ്കർ ചരിഞ്ഞു. ആട്ടോ പൂർണമായും തകർന്നു. പേരാമംഗലം സി.ഐ. എ.എ. അഷ്റഫിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി, പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അപകടത്തെ തുടർന്ന് തൃശൂർ കുന്നംകുളം റൂട്ടിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.