news

1. തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപാധികളോടെ എഴുന്നള്ളിക്കാന്‍ അനുമതി. നാളെ രാവിലെ 9.30 മുതല്‍ 10.30 വരെ എഴുന്നള്ളിക്കാം. നാല് പാപ്പാന്‍മാരുടെ നിയന്ത്രണത്തില്‍ ആയിരിക്കണം എഴുന്നള്ളിപ്പ്. 10 മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡുകള്‍ തീര്‍ക്കാനും നിര്‍ദ്ദേശം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി നല്‍കിയത്, ആനയുടെ ആരോഗ്യക്ഷമത വിദ്ഗധ സംഘം ഉറപ്പ് വരുത്തിയതോടെ

2. ജില്ലാ കളക്ടര്‍ ടി.വി അനുപമ അധ്യക്ഷയായ സമിതിയുടെ തീരുമാനം, വിദ്ഗധ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍. മൂന്നംഗ മെഡിക്കല്‍ സംഘമാണ് ആനയുടെ ആരോഗ്യ ക്ഷമത പരിശോധിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദപ്പാടില്ല. ആനയുടെ ശരീരത്തില്‍ മുറിവുകളില്ലെന്നും പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടെന്ന് പറയാനാകില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു

3. രാമചന്ദ്രനെ ഒന്നരമണിക്കൂര്‍ നേരം തൃശൂര്‍ പൂരം വിളംബര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാമെന്ന് ജില്ലാ കളക്ടര്‍ക്ക് ഇന്നലെ എ.ജി നിയമോപദേശം നല്‍കിയിരുന്നു. ജില്ലാ മോണിറ്റിറിംഗ് കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്ത് ആരോഗ്യക്ഷമത പരിശോധിക്കാന്‍ തീരുമാനം എടുക്കുക ആയിരുന്നു. കര്‍ശന ഉപാധികളോടെയും സുരക്ഷാ ക്രമീകരണങ്ങളോടെയും മാത്രം തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രനെ എഴുന്നെള്ളിക്കാന്‍ അനുമതി നല്‍കാം എന്നായിരുന്നു കളക്ടര്‍ക്ക് ലഭിച്ച നിയമോപദേശം.

4. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തെയും കണ്ണൂര്‍ തള്ളിപ്പറമ്പിലെ പാമ്പുരുത്തിയിലെയും കള്ളവോട്ടില്‍ കേസ് എടുത്തു. ധര്‍മ്മടത്തെ വേങ്ങാട് പഞ്ചായത്തില്‍ 52ാം ബൂത്തില്‍ കള്ളവോട്ട് ചെയ്ത സി.പി.എം പ്രവര്‍ത്തകന്‍ സായൂജിന് എതിരെ ആണ് കേസ് എടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 171 സി ഡി എഫ് പ്രകാരമാണ് സായൂജിന് എതിരെ ക്രിമിനല്‍ കേസ് എടുത്തത്.

5. ധര്‍മ്മടത്തെ കള്ളവോട്ടില്‍ പരിശോധന നടത്തിയത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്റെ പോളിംഗ് ഏജന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍. കണ്ണൂര്‍ തള്ളിപറമ്പ് പാമ്പുരുത്തിയില്‍ കള്ളവോട്ട് ചെയ്ത ഒന്‍പത് ലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരെ ആണ് പൊലീസ് കേസ് എടുത്തത്. 166ാം ബൂത്തിലാണ് കള്ളവോട്ട് നടന്നത്. പ്രവാസികളുടെ വോട്ടാണ് ഇവര്‍ കള്ളവോട്ട് ചെയ്തത്. പൊലീസ് നടപടി ശക്തമാക്കിയത്, കള്ളവോട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചതിന് പിന്നാലെ

6. സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യത ഉള്ളതിനാല്‍ മലയോര മേഖലകളില്‍ ജാഗ്രത പാലിക്കാനും നിര്‍ദേശം.

7. കിഴക്കന്‍ ഡല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീറിന് ആം ആദ്മി പാര്‍ട്ടിയുടെ വക്കീല്‍ നോട്ടീസ്. എ.എ.പി സ്ഥാനാര്‍ത്ഥി ആതിഷിയെ അധിക്ഷേപിക്കുന്ന ലഖുലേഖ പുറത്തിറക്കിയതിനാണ് പാര്‍ട്ടി വക്കീല്‍ നോട്ടീസ് അയച്ചത്. നാളെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആണ് ആം ആദ്മി പാര്‍ട്ടിയുടെ പുതിയ നീക്കം. ആരോപണം കെട്ടിച്ചമച്ചതാണെന്ന് ആണ് ബി.ജെ.പിയുടെ വാദം

8. ബി.ജെ.പിയെ കറുത്ത ബ്രിട്ടീഷുകാരെന്ന് അഭിസംബോധന ചെയ്ത് കോണ്‍ഗ്രസ് നേതാവ് നവജ്യോതി സിംഗ് സിദ്ദു. വെള്ളക്കാരില്‍ നിന്ന് സ്വാതന്ത്ര്യം നേടി തന്നത് കോണ്‍ഗ്രസ് ആണെന്നും കറുത്ത വെള്ളക്കാരില്‍ നിന്നും രാജ്യത്തെ സ്വതന്ത്ര്യമാക്കണെന്നും സിദ്ദു. ഇന്‍ഡോറിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു സിദ്ദുവിന്റെ വിവാദ പരാര്‍മശം

9. ഗുരുതരാവസ്ഥയിലായ രണ്ടര വയസുകാരിയെ ആശുപത്രിയിലെത്തിക്കാന്‍ അടിയന്തര സഹായവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ട്യൂമര്‍ ബാധിച്ച് ഉത്തര്‍പ്രദേശിലെ കമലാ നെഹ്റു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി ഡല്‍ഹിയില്‍ എത്തിക്കാന്‍ സ്വകാര്യ വിമാനം ഏര്‍പ്പെടുത്തിയാണ് പ്രിയങ്ക സഹായിച്ചത്

10. ട്വിറ്ററില്‍ ബി.ജെ.പിയെ പിന്തുടരുന്നവരുടെ എണ്ണം 110 ലക്ഷം കവിഞ്ഞു. ബി.ജെ.പി ഫോര്‍ ഇന്ത്യ എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടാണ് 11 മില്യണ്‍ ഫോളോവേഴ്സ് എന്ന ചരിത്ര നേട്ടം കൈവരിച്ചത്. ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവിയാണ് ബി.ജെ.പിയുടെ ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം പുറത്ത് വിട്ടത്. കോണ്‍ഗ്രസിന് ട്വിറ്ററില്‍ വെറും 5.14 മില്യണ്‍ മാത്രമാണ് ഫോളോവേഴ്സ്

11. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തകരാറിലായ ഹെലികോപ്ടര്‍ നന്നാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രാഹുല്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പങ്ക് വച്ചത്. ഹിമാചല്‍ പ്രദേശിലെ ഉനയില്‍ വച്ച് ഞങ്ങളുടെ ഹെലികോപ്ടറിന് തകരാര്‍ ഉണ്ടായി. ഒരുമിച്ച് ഇറങ്ങിയത് കൊണ്ട് എല്ലാം പെട്ടെന്ന് പരിഹരിക്കാന്‍ സാധിച്ചു എന്ന കുറുപ്പോടെ ആണ് ദൃശ്യങ്ങള്‍ രാഹുല്‍ പങ്ക് വച്ചത്

12. മെറ്റ് ഗാലയിലെ ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെ വേഷമാണ് കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം. എന്നാല്‍ പ്രിയങ്ക ധരിച്ച ഗൗണിന്റെയും കമ്മലിന്റെയും ഒക്കെ വിലയാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 45 ലക്ഷം രൂപയാണ് പ്രിയങ്ക ധരിച്ച ഗൗണിന്റെ വില. അതു നിര്‍മ്മിക്കാന്‍ 1500 മണിക്കൂറാണ് വേണ്ടി വന്നത്. പ്രിയങ്ക് ധരിച്ച പിങ്ക് കമ്മലിന് 4.51 ലക്ഷം രൂപയാണ് വില. ഏറ്റവും ഫാഷനബിള്‍ ആയി വസ്ത്രം ധരിച്ച സെലിബ്രിറ്റികളുടെ പട്ടികയിലെ ആദ്യ പത്തിലും പ്രിയങ്ക ഇടം നേടിയിരുന്നു