time-m-agazine

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് ടൈം മാഗസിനിൽ വന്ന ലേഖനത്തിനെതിരെ ബി.ജെ.പി. ലേഖനമെഴുതിയത് ‘പാക്കിസ്ഥാനി’ ആണെന്നും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കിനാവില്ലെന്നുമാണ് ബി.ജെ.പി പ്രതികരിച്ചത്.മാദ്ധ്യമപ്രവർത്തകൻ ആതിഷ് തസീറിനെതിരെയാണ് ബി.ജെ.പി ആരോപണം ഉന്നയിച്ചത്. പാക്കിസ്ഥാന്റെ അജണ്ട പിന്തുടരുന്ന ആതീഷ് തസീർ മോദിയുടെ പ്രതിച്ഛായ തകർക്കാനാണ് ലേഖനം എഴുതിയതെന്ന് ബി.ജെ.പി വക്താവ് സംപിത് പത്ര പറഞ്ഞു. ലേഖനം റീട്വീറ്റ് ചെയ്ത കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെയും അദ്ദേഹം വിമർശിച്ചു.

ഇന്ത്യൻ മാദ്ധ്യമപ്രവർത്തക തൽവീൻ സിംഗിന്റെയും പാക് രാഷ്ട്രീയ നേതാവും ബിസിനസുകാരനുമായ സൽമാൻ തസീറിന്റെയും മകനാണ് ആതിഷ് തസീർ. 2014ലും തസീർ മോദിയെ വിമർശിച്ച് പല വിദേശ മാഗസിനുകളിലും ലേഖനം എഴുതിയതായും പത്ര പറഞ്ഞു. മോദിയുടെ ഭരണത്തിൽ ഇന്ത്യ പുതിയ ഉയരങ്ങളിലേക്കാണ് പോകുന്നതെന്നും പത്ര കൂട്ടിച്ചേർത്തു.

ആതിഷിന് നേരെ സംഘപരിവാറിന്റെ സൈബർ ആക്രമണവും നടക്കുന്നുണ്ട്. ആതിഷിനെ കുറിച്ചുള്ള വിക്കിപീഡിയ പേജിൽ വിക്കിപീഡിയ പേജിൽ ആതിഷ് കോൺഗ്രസിന്റെ പി.ആർ. മാനേജർ ആണെന്ന് ഉൾപ്പെടെയുള്ളവ എഡിറ്റ് ചെയ്ത് ചേർത്താണ് സംഘപരിവാർ ആക്രമണം. ആതിഷ് കോൺഗ്രസിന്റെ പി.ആർ.മാനേജരാണെന്ന് വ്യാജപ്രചാരണം നടത്തി ടൈം മാഗസിനിലെ ലേഖനത്തിന് വിശ്വാസ്യതയില്ലെന്ന് സ്ഥാപിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെതിരെ വൃലേഖനം ശക്തമായ വിമർശനം ഉയർത്തുന്നു. പശുവിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലകളിലും ഭരണസംവിധാനങ്ങളിൽ നടക്കുന്ന ഗൂഢനീക്കങ്ങളിലും മോദി മൗനാനുവാദം നൽകുകയാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കൈവരിച്ച മഹത്തായ നേട്ടങ്ങൾ മോദി അധികാരത്തിലേറിയ ശേഷം അട്ടിമറിക്കുകയാണ്. മതേതരത്വം, ജനാധിപത്യം, സ്വാതന്ത്ര്യം, നിർഭയമായ മാദ്ധ്യമപ്രവർത്തനം തുടങ്ങിയവയൊക്കെ അപകടത്തിലായിരിക്കുന്നു. 2002ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്ത് നടന്ന കൂട്ടക്കൊലയിൽ ഇതുവരെ ഖേദം പ്രകടിപ്പിക്കാത്തതിനെയും മാഗസിൻ ശക്തമായി വിമർശിക്കുന്നുണ്ട്.