ന്യൂഡൽഹി: ഇസ്ലാമിക് ഭീകരസംഘടനയായ ഐസിസ് പശ്ചിമബംഗാളിലും ബംഗ്ലാദേശിലും ചാവേറാക്രമണം നടത്താൻ പദ്ധതിയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. ''ഉടൻ വരുന്നു" എന്ന് ബംഗാളി ഭാഷയിലെഴുതിയ പോസ്റ്റർ ഐസിസ് അനുകൂല ടെലിഗ്രാം ചാനൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച പുറത്തുവിട്ടതിനെ തുടർന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ബുദ്ധപൂർണിമ ദിനമായ ഇന്ന്, ബുദ്ധമത ക്ഷേത്രത്തിലോ ഹിന്ദു ക്ഷേത്രത്തിലോ ഗർഭിണിയായ സ്ത്രീയുടെ വേഷത്തിലെത്തി ആക്രമണം നടത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. ഭീഷണിയെത്തുടർന്ന് ബംഗാളിൽ ഹിന്ദു- ബുദ്ധ ക്ഷേത്രങ്ങൾക്ക് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അൽ-മുർസാലത് എന്ന തീവ്രവാദ ഗ്രൂപ്പിന്റെ ലോഗോയും പോസ്റ്ററിൽ ഉണ്ടായിരുന്നു. ബംഗ്ലാദേശിൽ ശക്തമായ വേരുകളുള്ള ജമാഅത്ത്-ഉൾ മുജാഹിദീൻ ബംഗ്ലാദേശും ഐസിസും ചേർന്നാണ് ആക്രമണ പദ്ധതി തയാറാക്കുന്നത്. ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കി. സമാനമായ മുന്നറിയിപ്പ് ശ്രീലങ്കയിലെ ചാവേറാക്രമണത്തിന് മുമ്പായി ലഭിച്ചതായിരുന്നുവെന്നും എന്നാൽ ശ്രീലങ്ക അത് അവഗണിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രാദേശിക തീവ്രവാദ ഗ്രൂപ്പായ തൗഹീദ് ജമാഅത്തിനെ ഉപയോഗിച്ചായിരുന്നു ശ്രീലങ്കയിൽ ഐസിസ് ചാവേറാക്രമണം നടത്തിയത്.