കൊച്ചി : ഇരുണ്ട നിറങ്ങളിൽ പെണ്ണുടലിന്റെ വിഷാദ കഥകൾ വരച്ചിട്ട മലയാളത്തിന്റെ പ്രിയ ചിത്രകാരി ടി.കെ. പത്മിനിയുടെ അമ്പതാം ചരമവാർഷികമായിരുന്നു ഇന്നലെ. ഇന്ന് 79 -ാം പിറന്നാൾ ദിനവും. ജീവിച്ചിരുന്ന 29 വർഷങ്ങൾക്കുള്ളിൽ വരച്ച 230 ചിത്രങ്ങളിലൂടെ ചിത്രകലയിൽ തന്റേതായ സ്ഥാനമുറപ്പിച്ച പത്മിനിയുടെ അഞ്ച് ചിത്രങ്ങൾ ഇപ്പോൾ കാണാമറയത്താണ്. ലളിതകലാ അക്കാഡമിക്ക് നൽകാമെന്നു പറഞ്ഞ് അഞ്ചു പതിറ്റാണ്ട് മുമ്പ് ആകാശവാണിയിലെ ഒരുദ്യോഗസ്ഥൻ വാങ്ങിക്കൊണ്ടുപോയ ചിത്രങ്ങൾക്ക് പിന്നീട് എന്തു സംഭവിച്ചെന്ന് ആർക്കുമറിയില്ല.
"ഡയിംഗ് ബേർഡ് എന്ന ചിത്രമുൾപ്പെടെ അഞ്ചെണ്ണമാണ് കൊണ്ടുപോയത്. ഒരു സ്വകാര്യ ആർട്ട് ഗാലറിക്ക് വിറ്റെന്ന് കേട്ടിരുന്നു. ഇതറിഞ്ഞു ചിത്രങ്ങൾ ചോദിച്ചുചെന്ന ഞങ്ങളെ അയാൾ വീട്ടിൽ നിന്ന് പുറത്താക്കി. പിന്നീടൊരിക്കൽ തിരുവനന്തപുരത്തെ ഒരു പ്രമുഖ ഹോട്ടലിലെ റിസപ്ഷനിൽ ഡയിംഗ് ബേർഡ് ഉണ്ടെന്നറിഞ്ഞു. ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും ചിത്രം മാറ്റിയിരുന്നു" - ടി.കെ. പത്മിനിയുടെ സഹോദരീ പുത്രനും ഫോട്ടോഗ്രാഫറുമായ ഉത്തമൻ കാടഞ്ചേരി പറഞ്ഞു.
"ചിത്രങ്ങൾ വീണ്ടെടുക്കാൻ ഒരുപാട് ശ്രമിച്ചു. എം.എ. ബേബി സാംസ്കാരിക വകുപ്പു മന്ത്രിയായിരിക്കെ ആ വഴിക്കും ശ്രമിച്ചുനോക്കി. നടന്നില്ല. ഞങ്ങൾക്കു വേണ്ടിയല്ല, ചിത്രങ്ങൾ കണ്ടെത്തി ലളിതകലാ അക്കാഡമിക്ക് നൽകണമെന്നാണ് ആഗ്രഹം. പത്മിനിയുടെ ചിത്രകലാ പഠനത്തിന് താങ്ങും തണലുമായിരുന്ന അമ്മാവൻ ദിവാകരമേനോനിൽ നിന്നാണ് അയാൾ ചിത്രങ്ങൾ വാങ്ങിക്കൊണ്ടുപോയത്. ഇതിന്റെ തെളിവായി ഒരു കത്തുണ്ടായിരുന്നു. അതും നഷ്ടപ്പെട്ടു." ഉത്തമൻ പറയുന്നു.
ലളിതകലാ അക്കാഡമിയുടെ ആദരം
പത്മിനിയോടുള്ള ആദര സൂചകമായി എറണാകുളം ഡർബാർ ഹാളിലെ ടി.കെ. പത്മിനി ആർട്ട് ഗാലറി ഇൗ വർഷം തന്നെ നവീകരിച്ച് എ.സി ഗാലറിയാക്കി മാറ്റുമെന്ന് ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് കേരളകൗമുദിയോടു പറഞ്ഞു.
ടി.കെ. പത്മിനി
1940 മേയ് 12ന് പൊന്നാനിയിലെ തൊഴുക്കാട് കാടഞ്ചേരിയിൽ ജനിച്ചു. 1961ൽ കെ.സി.എസ് പണിക്കർ പ്രിൻസിപ്പലായിരുന്ന മദ്രാസ് ആർട്സ് ആൻഡ് ക്രാഫ്റ്റ് കോളേജിൽ ചേർന്നു. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ശിഷ്യയായിരുന്നു. 1965 ൽ ഒന്നാം റാങ്കോടെ കോഴ്സ് പൂർത്തിയാക്കി. പിന്നീട് മദ്രാസിൽ ചിത്രകലാദ്ധ്യാപികയായിരുന്നു. 1969 മേയ് 11ന് അന്തരിച്ചു.