keerthy-suresh

ചെന്നെെ: തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് കീർത്തി സുരേഷ്. മേനകയുടെയും നിർമ്മാതാവ് സുരേഷിന്റെയും മകളായ കീർത്തി അഭിനയിച്ച മിക്ക സിനിമകളും ബോക്സോഫീസിൽ വൻ വിജയമായിരുന്നു. ഇപ്പോൾ താരത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

കീർത്തി സുരേഷ് ബി.ജെ.പിയിൽ ചേർന്നെന്ന തരത്തിലായിരുന്നു പ്രചാരണം. മേനകയും സുരേഷും ബി.ജെ.പിയുമായി സഹകരിച്ചതിന് പിന്നാലെ കീർത്തി സുരേഷും ബി.ജെ.പിയിലേക്ക് എത്തിയെന്നും പ്രചരിക്കപ്പെട്ടു. നേരത്തെ നരേന്ദ്രമോദിയേയും ബി.ജെ.പിയേയും പിന്തുണച്ച് കൊണ്ടുള്ള സിനിമാ കൂട്ടായ്മയിൽ മേനകയും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാർത്ഥ ഹീറോയാണെന്നാണ് പരിപാടിയിൽ മേനക അഭിപ്രായപ്പെട്ടത്.

എന്നാൽ കീർത്തിയുടെ രാഷ്ട്രീയ പ്രവേശത്തെ കുറിച്ച് പ്രതികരണവുമായി മേനക രംഗത്തെത്തി. ബി.ജെ.പിക്കായുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം പ്രധാനമന്ത്രിക്കൊപ്പം താനും സുരേഷും ഒരു ചിത്രമെടുത്തിരുന്നു. ഈ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ വൈറലായി ഇതാണ് പ്രചാരണങ്ങളുടെ പ്രധാന കാരണം. ഞാനും ചിത്രത്തിലുള്ളതിനാൽ മകളും രാഷ്ട്രീയത്തിലേക്കെന്നും കീർത്തി സുരേഷ് ബി.ജെ.പിയിലേക്കന്നും വാർത്ത പ്രചരിക്കുകയായിരുന്നു. കുടുംബപരമായി ബി.ജെ.പിയോട് താല്‍പര്യമുണ്ട്. എന്നാൽ കീർത്തി ഇതുവരെ അത്തരത്തിലൊരു താൽപര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും മേനക വ്യക്തമാക്കി. അടിസ്ഥാന രഹിതമായ വാർത്തയാണ് പ്രചരിക്കുന്നതെന്നും മേനക കൂട്ടിച്ചേർത്തു.