അംബാല മണ്ഡലത്തിന് കുമാരി സെൽജ പുതുമുഖമല്ല. ഹരിയാനയിലെ ഈ പട്ടികജാതി സംവരണ മണ്ഡലത്തിൽ, നിലവിൽ രാജ്യസഭാംഗമായ സെൽജ ജനസമ്മതം തേടുന്നത് മൂന്നാം തവണ. 2004, 2009 തിരഞ്ഞെടുപ്പുകളിൽ സെൽജ പരാജയപ്പെടുത്തിയ ബി.ജെ.പി സിറ്റിംഗ് എം.പി രത്തൻ ലാൽ കടാരിയ ആണ് ഇത്തവണയും എതിർപക്ഷത്ത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ രാജ്കുമാർ ബാൽമീകിയെ 3,34,074 വോട്ടിന് പരാജയപ്പെടുത്തിയ കടാരിയ പണ്ടത്തേക്കാൾ ശക്തനാണ്. സെൽജയുടെ മത്സരം ഇത്തവണ കടുപ്പമേറിയതാണെന്ന് അർത്ഥം.
ആദ്യ തിരഞ്ഞെടുപ്പു മുതൽ ഇന്നോളം കോൺഗ്രസും ബി.ജെ.പിയുടെ ആദിരൂപമായ ജനസംഘവും പിന്നീട് ബി.ജെ.പിയും നേർക്കുനേർ മത്സരിക്കുന്ന മണ്ഡലമാണ് അംബാല. 1988 ൽ ബഹുജൻ സമാജ് പാർട്ടിയിലെ അമൻ കുമാർ നാഗ്ര വിജയിച്ചതു മാത്രമാണ് അപവാദം. അല്ലാത്തപ്പോഴെല്ലാം അംബാല കോൺഗ്രസ് പക്ഷത്തോ ബി.ജെ.പി പക്ഷത്തോ നിന്നു.
അംബാലയിൽ രാഷ്‌ട്രീയമല്ല, വികസനമാണ് സെൽജയുടെ ആയുധം. താൻ രണ്ടു തവണ എം.പി ആയിരുന്നപ്പോൾ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും, കഴിഞ്ഞ അഞ്ചുവർഷം ബി.ജെ.പി എം.പി നടത്തിയ വികനസവും താരതമ്യം ചെയ്യാനാണ് സെൽജ പ്രചാരണ യോഗങ്ങളിൽ പറയുന്നത്.
2004-ലെയും 2009-ലെയും മത്സരജയങ്ങൾക്കു ശേഷം, കഴിഞ്ഞ തവണ സെൽജ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. രണ്ടുവട്ടം തന്നെ കാത്ത അംബാല, അഞ്ചു വർഷത്തെ ഇടവേളയുടെ അകലം കാണിക്കില്ലെന്നാണ് സെൽജയുടെ വിശ്വാസം. നേരത്തേ നടത്തിയ വികസന പ്രവർത്തനങ്ങൾ അതിനു തുണയാകുമെന്നും സെൽജ കരുതുന്നു.
രത്തൻ ലാൽ കടാരിയ 1999-ലും അംബാലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതു കൂടി കണക്കിലെടുത്താൻ അദ്ദേഹം അംബാലയിൽ നിന്ന് ജനവിധി തേടുന്നത് തുടർച്ചയായ അഞ്ചാം തവണ. അക്കൗണ്ടിൽ രണ്ടു ജയവും രണ്ട് പരാജയവും. മത്സരം തുല്യശക്തികൾ തമ്മിലെന്ന് ചുരുക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നേട്ടങ്ങൾ നിരത്തിയാണ് കടാരിയയുടെ വോട്ടുപിടിത്തം. ഹരിയാനയിലെ ബി.ജെ.പി സർക്കാർ പാവപ്പെട്ടവർക്കും കൃഷിക്കാർക്കും വേണ്ടി നടത്തിയ ക്ഷേമപദ്ധതികളും അദ്ദേഹം പ്രചാരണവേദികളിൽ പുറത്തെടുക്കുന്നുണ്ട്.
മഹിളാ കോൺഗ്രസിലൂടെയായിരുന്നു സെൽജയുടെ രാഷ്‌ട്രീയത്തുടക്കം. 1990-ൽ സെൽജ സംഘടനയുടെ അദ്ധ്യക്ഷ പദവിയിലെത്തി. ആദ്യ തിരഞ്ഞെടുപ്പു ജയം 1991- ൽ ഹരിയാനയിലെ സിർസ മണ്ഡലത്തിൽ നിന്ന്. നരസിംഹ റാവു മന്ത്രിസഭയിൽ സെൽജ വിദ്യാഭ്യാസ- സാംസ്‌കാരിക വകുപ്പ് സഹമന്ത്രിയാകുമ്പോൾ പ്രായം മുപ്പതു തികഞ്ഞിട്ടില്ല. അന്ന് മന്ത്രിസഭയിലെ ബേബി ആയിരുന്നു സെൽജ. 1996-ലെ തിരഞ്ഞെടുപ്പിൽ ഹരിയാനയിൽ കോൺഗ്രസ് തകർന്നടിഞ്ഞിട്ടും സെൽജ ജയിച്ചു കയറി.
2004-ൽ അംബാലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മൻമോഹൻസിംഗ് സർക്കാരിൽ സെൽജ പാർപ്പിട വികസന വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി. അംബാലയിലെ രണ്ടാം ജയത്തിൽ അതേ വകുപ്പിൽ ക്യാബിനറ്റ് മന്ത്രി. 2009-ൽ ടൂറിസം മന്ത്രി. ചെറുതല്ല, സെൽജയുടെ രാഷ്ട്രീയ മേൽവിലാസവും പരിചയസമ്പത്തും. പക്ഷേ, സെൽജയെയും രത്തൻലാൽ കടാരിയയെയും ഒരുപോലെ തുണച്ചിട്ടുള്ള അംബാലയിൽ ഇത്തവണ തെളിയുന്നത് ആരുടെ ഭാഗ്യജാതകമാകും? ഇന്നാണ് വിധിയെഴുത്ത്.