ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് വെറുപ്പ് നിറയ്ക്കുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ജനങ്ങളെ കേൾക്കാതെ ഭരിക്കുകയാണെങ്കിൽ നിങ്ങൾക്ക് നല്ലരീതിയിൽ ഭരിക്കാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം,
ആർക്കും മോദിയെ തോൽപ്പിക്കാനാകില്ലെന്ന് അഞ്ചുവർഷം മുമ്പുവരെ ചിലർ റഞ്ഞിരുന്നു. പക്ഷേ, ഞങ്ങൾ പിൻവാങ്ങിയില്ല. പാർലമെന്റിലും പുറത്തും ഞങ്ങളുടെ പോരാട്ടം തുടർന്നു.നരേന്ദ്രമോദി വിജയിക്കുമെന്ന് ഇപ്പോൾ ആരും പറയുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി. പൊതുപരിപാടികളിൽ സ്നേഹത്തോടെ സംസാരിച്ചാലും അദ്ദേഹം മറുപടി നൽകാറില്ല. സ്നേഹംകൊണ്ടു നിറഞ്ഞ രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി ബി.ജെ.പിയും ആർ.എസ്.എസുമായി കോൺഗ്രസ് ആശയപരമായ പോരാട്ടമാണു നടത്തുന്നതെന്നും രാഹുൽ അഭിമുഖത്തിൽ പറഞ്ഞു.
ആർബിഐയെ അവഗണിച്ചാണു നോട്ടുനിരോധനം നടപ്പാക്കിയത്. രാജ്യത്തെ അധീനതയിലാക്കാൻ ഒരു ശക്തി ശ്രമിക്കുന്നതായി പ്രചരണത്തിനെത്തുന്ന എല്ലായിടത്തും ആളുകൾ പറയുന്നു. നെഹ്‌റുവിനെക്കുറിച്ചും ഇന്ദിര ഗാന്ധിയെക്കുറിച്ചും രാജീവ് ഗാന്ധിയെക്കുറിച്ചും മോദി സംസാരിക്കുന്നു. പക്ഷേ സത്യമെന്താണെന്ന് എനിക്കറിയാം. മോദി പ്രചരിപ്പിക്കുന്ന നുണകളെക്കുറിച്ചും അറിയാം. മേയ് 23 ആകുന്നതോടെ എല്ലാം വ്യക്തമാകുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.