ആംസ്റ്രർഡാം: ഡച്ച് സൂപ്പർതാരം റോബിൻ വാൻപേഴ്സി പ്രൊഫഷണൽ ഫുട്ബാളിൽ ഇന്ന് തന്റെ അവസാന മത്സരത്തിനിറങ്ങുന്നു. നിലവിൽ ഡച്ച് ക്ലബ് ഫെയനൂർദിന്റെ താരമാണ് വാൻപേഴ്സി. ഡച്ച് ലീഗിൽ ഇന്ന് ഫെയനൂർദിന്റെ മൈതാനമായ ആംസ്റ്രർഡാമിലെ ഫെയനൂർദ് സ്റ്രേഡിയത്തിൽ ഡെൻഹാഗിനെതിരെ നടക്കുന്ന മത്സരം തന്റെ ഫുട്ബാൾ കരിയറിലെ അവസാന മത്സരമാണെന്ന് ഇന്നലെയാണ് വാൻപേഴ്സി അറിയിച്ചത്. കരിയർ തുടങ്ങിയ ക്ലബിൽ തന്നെ കളിയവസാനിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്നും വളരെ സങ്കടത്തോടെയാണ് ബൂട്ടഴിക്കാൻ തീരുമാനിച്ചതെന്നും വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് 35കാരനായ വാൻ പേഴ്സി പറഞ്ഞു. 2001ൽ ഫെയനൂർദിലൂടെയാണ് വാൻപേഴ്സി തന്റെ പ്രഫഷമൽ കരിയർ തുടങ്ങുന്നത്. ആഴ്സനൽ, മാഞ്ചസ്റ്റർ യുണൈറ്രഡ്, ഫെനർബാഷെ എന്നീ ക്ലബുകൾക്കായി കളിച്ചു. ആഴ്സനലിനൊപ്പം യൂറോപ്പ ലീഗും മാഞ്ചസ്റ്റർ യുണൈറ്രഡിനൊപ്പം ഇംഗ്ലീഷ് പ്രിമിയർ ലീഗും സ്വന്തമാക്കി. ദേശീയ ടീമിനായും മികച്ച സംഭാവന നൽകിയ വാൻപേഴ്സി ഹോളണ്ടിനായി ഏറ്രവും കൂടുതൽ ഗോൾ നേടിയ താരമാണ്. 102 മത്സരങ്ങളിൽ നിന്ന് 50 ഗോളുകൾ വാൻ പേഴ്സി രാജ്യത്തിനായി അടിച്ചുകൂട്ടി.