stock

ന്യൂഡൽഹി: അമേരിക്ക-ചൈന വ്യാപാരയുദ്ധം വീണ്ടും രൂക്ഷമായതോടെ ആഗോളതലത്തിൽ ഓഹരി വിപണികൾ തകർന്നടിയുകയാണ്. നിക്ഷേപകരുടെ കീശയിൽ നിന്നാകട്ടെ, പണം വൻതോതിൽ ചോരുന്നു. കഴിഞ്ഞവാരം മാത്രം ആഗോള ഓഹരി വിപണിയിൽ നിന്ന് 2.1 ലക്ഷം കോടി ഡോളർ (ഏകദേശം 149 ലക്ഷം കോടി രൂപ) കൊഴിഞ്ഞുവെന്ന് ബ്ളൂംബെർഗിന്റെ റിപ്പോർട്ട് വ്യക്തമാക്കി. ആഗോള മാർക്കറ്ര് കാപ്പിറ്റലൈസേഷൻ (എം-കാപ്) മൂല്യം 79.9 ലക്ഷം കോടി ഡോളറിൽ നിന്ന് 77.8 ലക്ഷം കോടി ഡോളറിലേക്കാണ് താഴ്‌ന്നത്.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയും വ്യാപാരയുദ്ധത്തിൽ അമേരിക്കയുടെ മുഖ്യശത്രുവുമായ ചൈനയ്‌ക്കാണ് ഏറ്റവും വലിയ നഷ്‌ടമുണ്ടായത്. ചൈനീസ് വിപണിയിൽ നിന്ന് കഴിഞ്ഞവാരം മാത്രം 62,400 കോടി ഡോളർ കൊഴിഞ്ഞുപോയി. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 20,000 കോടി ഡോളർ മൂല്യം വരുന്ന ഉത്‌പന്നങ്ങളുടെ നികുതി പത്തു ശതമാനത്തിൽ നിന്ന് ഈമാസം 25 ശതമാനത്തിലേക്ക് ഉയർത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് ആഗോളതലത്തിൽ ഓഹരി വിപണികളെ ഉലച്ചത്. ചൈനയുമായി അമേരിക്കയ്ക്കുള്ള വ്യാപാരക്കമ്മി കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് നികുതി കൂട്ടാനുള്ള നീക്കം.

ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്ന്, അമേരിക്കൻ ഓഹരി വിപണികളും ആടിയുലഞ്ഞു. ലോകത്തെ ഏറ്റവും വലിയ വിപണിയായ അമേരിക്കയ്ക്ക് കഴിഞ്ഞവാരം നഷ്‌ടമായത് 36,700 കോടി ഡോളറാണ്. ലോകത്തെ ഏറ്റവും വലിയ ഒമ്പതാമത്തെ വിപണിയാണ് ഇന്ത്യ. എന്നാൽ, രണ്ടു മുതൽ എട്ടുവരെ സ്ഥാനങ്ങളിലുള്ള വിപണികളേക്കാൾ വലുതാണ് ഇന്ത്യയുടെ നഷ്‌ടം. ഇന്ത്യൻ ഓഹരി സൂചികകളിൽ നിന്ന് കഴിഞ്ഞയാഴ്‌ച 9,900 കോടി ഡോളർ കൊഴിഞ്ഞു. വ്യാപാരയുദ്ധത്തിന് പുറമേ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ട്രെൻഡ് സംബന്ധിച്ച അവ്യക്തത, മോശം കോർപ്പറേറ്ര് ഫലം എന്നിവയും ഇന്ത്യൻ ഓഹരികളെ വലയ്‌ക്കുകയാണ്.

വിപണികളും നഷ്‌ടവും

(കോടി ഡോളറിൽ)

അമേരിക്ക - 36,700

ചൈന - 62,400

ജപ്പാൻ - 14,500

ഹോങ്കോംഗ് - 36,000

ബ്രിട്ടൻ - 6,200

ഫ്രാൻസ് - 4,700

കാനഡ - 1,000

ജർമ്മനി - 2,700

ഇന്ത്യ - 9,900

നഷ്‌ടരഹസ്യം

 അമേരിക്ക - ചൈന വ്യാപാരയുദ്ധം വീണ്ടും രൂക്ഷമായതാണ് ആഗോള ഓഹരികളെ വലയ്‌ക്കുന്നത്

 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവ്യക്തമായ ട്രെൻഡ്, കോർപ്പറേറ്റ് കമ്പനികളുടെ മോശം പ്രവർത്തനഫലം എന്നിവയും ഇന്ത്യൻ ഓഹരികൾക്ക് തിരിച്ചടി