ബലൂചിസ്ഥാൻ: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ ഭീകരാക്രമണം. ഒരാൾ കൊല്ലപ്പെട്ടു. തന്ത്രപ്രധാനമായ ഗദ്വാർ തുറമുഖ നഗരത്തിൽ സ്ഥിതി ചെയ്യുന്ന പേൾ കോണ്ടിനന്റൽ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ആക്രമണം നടന്നത്. ആയുധധാരികളായ മൂന്ന് ഭീകരർ ഇന്നലെ വൈകിട്ട് ഹോട്ടലിനുള്ളിലേക്ക് അതിക്രമിച്ചുകടക്കുകയായിരുന്നു. ഹോട്ടലിന്റെ വാതിൽക്കലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്.
ഹോട്ടൽ പരിസരത്ത് പാകിസ്ഥാൻ സുരക്ഷാ സേനയും ഭീകരരും തമ്മിൽ രാത്രിവൈകിയും ഏറ്റുമുട്ടൽ നടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഹോട്ടലിൽ കുടുങ്ങിക്കിടന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചെന്ന് ബലൂചിസ്ഥാൻ സർക്കാർ വക്താവ് സഹൂർ ബലേദി അറിയിച്ചു. ജീവനക്കാർ മാത്രമാണ് അകത്ത് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗദ്വാറിലുള്ള ഒർമാര എന്ന സ്ഥലത്ത് 11 സുരക്ഷാ സൈനികരടക്കം 14 പേരെ തോക്കുധാരി വെടിവെച്ച് കൊന്ന സംഭവം നടന്ന് ഒരാഴ്ച്ചക്ക് ശേഷമാണ് ഹോട്ടലിൽ ഭീകരരെ കണ്ടെത്തുന്നത്.