ലക്‌നൗ : തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിനിടെ അർബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായ രണ്ടര വയസുകാരിക്ക് താങ്ങായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി. പ്രിയങ്ക സ്വകാര്യവിമാനം ഏർപ്പാടാക്കിയതിനാൽ കുഞ്ഞിനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞു.
ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് അർബുദം ബാധിച്ച് പ്രയാഗ്‌രാജിലെ കമല നെഹ്‌റു ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന കുഞ്ഞിനെക്കുറിച്ച് പ്രിയങ്ക അറിയുന്നത്. കുട്ടിയെ ഉടൻ ഡൽഹി എയിംസിൽ എത്തിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ അതിനുള്ള സാമ്പത്തികമോ സൗകര്യങ്ങളോ വീട്ടുകാർക്കില്ലായിരുന്നു.
കോൺഗ്രസ് നേതാവ് രാജീവ് ശുക്ലയാണ് വിവരം പ്രിയങ്കഗാന്ധിയെ അറിയിച്ചത്. കുട്ടിയുടെ ഗുരുതരാവസ്ഥ മനസിലാക്കിയ പ്രിയങ്ക ഉടനെ തന്നെ കുഞ്ഞിനെ ഡൽഹിയിലേക്ക് കൊണ്ടുപോകാനായി സ്വകാര്യ വിമാനം ഏർപ്പാടാക്കി. പിന്നാലെ കുഞ്ഞിനെയും കുടുംബത്തെയും കൊണ്ട് വിമാനം ഡൽഹി എയിംസിലേക്കു പറന്നു. രണ്ടര വയസുകാരിയുടെ ചികിൽസ എയിംസിൽ പുരോഗമിക്കുകയാണ്.