ന്യൂഡൽഹി: അർബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായ രണ്ടര വയസുകാരിയെ ആശുപത്രിയിലെത്തിക്കാൻ സ്വകാര്യവിമാനം ഏർപ്പാടാക്കി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു പ്രിയങ്ക. പ്രയാഗ്‍രാജിലെ കമല നെഹ്റു ആശുപത്രിയിൽ ചികിൽസയിലായിരുന്ന കുഞ്ഞിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഉടൻ ഡൽഹി എയിംസ് എത്തിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. വിവരം അറിഞ്ഞ കോൺഗ്രസ് നേതാവ് രാജീവ് ശുക്ലയാണ് പ്രിയങ്ക ഗാന്ധിയോട് കുഞ്ഞിന്റെ അവസ്ഥ പറഞ്ഞത്.
കുട്ടിയുടെ ഗുരുതരവസ്ഥ മനസിലാക്കിയ പ്രിയങ്കാ ഗാന്ധി കുഞ്ഞിനെ ഡൽഹിയിലേക്ക് കൊണ്ടുപോകാമെന്ന് അറിയിച്ചു.
പ്രിയങ്ക ഉടൻ കുട്ടിയെയും കുടുംബാംഗങ്ങളെയും വിമാനമാർഗം ഡൽഹിയിലെത്തിക്കാൻ പാർട്ടി ഭാരവാഹികൾക്ക് നിർദ്ദേശം നൽകി. പിന്നാലെ കുഞ്ഞിനെയും കുടുംബത്തെയും കൊണ്ട് വിമാനം ഡൽഹി എയിംസിലേക്ക് പറന്നു.
പ്രചാരണത്തിന് എത്തിയ മുഹമ്മദ് അസ്ഹറുദീന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കളും പെൺകുട്ടിയുടെ കുടുംബത്തെ അനുഗമിച്ചു. പെൺകുട്ടിയെ പ്രിയങ്ക പിന്നീട് ആശുപത്രിയിൽ സന്ദർശിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.