ചാലക്കുടി : ചാലക്കുടി മലക്കപ്പാറയിൽ തേൻ ശേഖരിക്കാൻ കാട്ടിൽപോയ ആദിവാസിയെ കടുവ കൊന്നു തിന്നു. തലയോട്ടിയും കൈകാലുകളും മാത്രമാണ് ബാക്കി വച്ചത്. പെരുമ്പാറ കാടർ കോളനിയിലെ തങ്കപ്പനാണ് (60) കൊല്ലപ്പെട്ടത്.
പറമ്പിക്കുളം വനത്തിൽപ്പെട്ട ഷോളയാർ റിസർവോയറിലെ ചണ്ടൻതോട് തുരുത്തിൽ ശനിയാഴ്ച രാവിലെയാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകിട്ടാണ് തങ്കപ്പൻ ഭാര്യ മീന, മകൻ സന്ദീപ്, സന്ദീപിന്റെ ഭാര്യ എന്നിവർക്കൊപ്പം തേനെടുക്കാൻ കാട്ടിലേക്ക് പോയത്. കോളനിയിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള റിസർവോയറിന്റെ അവസാന ഭാഗത്തേക്ക് ചങ്ങാടത്തിലാണ് പോയത്. മരത്തിൽ ഏറുമാടമുണ്ടാക്കിയ തങ്കപ്പൻ വീട്ടുകാരെ അവിടെ താമസിപ്പിച്ചു. തുടർന്ന് ചങ്ങാടത്തിൽ പോയി മറ്റൊരു തുരുത്തിൽ തേനീച്ചക്കൂട് കണ്ടെത്തി അതെടുക്കാൻ തനിച്ച് പോയി. തങ്കപ്പന്റെ കൂടെയുണ്ടായിരുന്ന നായ ഒറ്റയ്ക്ക് തിരിച്ചെത്തിപ്പോഴാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. വനപാലകരെ വിവരമറിയിച്ചു. വെള്ളിയാഴ്ച പകൽ മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.ശനിയാഴ്ച രാവിലെ തലയോട്ടിയും ഇരുകാലുകളും ഇടതുകൈപ്പത്തിയും കണ്ടെത്തി. ബാക്കി ഭാഗങ്ങളെല്ലാം കടുവ തിന്നിട്ടുണ്ടാകുമെന്നാണ് നിഗമനം.
ഈ ഭാഗത്തും തൊട്ടടുത്ത പുഴയോരത്തും കടുവയുടെ കാൽപ്പാടുകളുണ്ട്. മനുഷ്യശരീരം ഭക്ഷിച്ച ശേഷം വെള്ളം കുടിക്കാൻ ഇറങ്ങിയതാണെന്ന് വനപാലകർ പറഞ്ഞു. മുതിർന്ന വനപാലക ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. മേൽ നടപടികൾക്ക് ശേഷം ശരീരാവശിഷ്ടങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.