കോട്ടയം: കെ.എം. മാണി മരിച്ച് ഒരു മാസമായിട്ടും പാർട്ടി മുൻകൈയെടുത്ത് അനുസ്മരണയോഗം നടത്തുന്നില്ലെന്ന പരാതി വ്യാപകമായതോടെ 15ന് തിരുവനന്തപുരത്ത് അനുസ്മരണ സമ്മേളനം നടത്താൻ കേരള കോൺഗ്രസ് തീരുമാനിച്ചു. വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫാണ് അദ്ധ്യക്ഷത വഹിക്കുന്നത്. ജോസഫ് അദ്ധ്യക്ഷനാകുന്ന സാഹചര്യം ഒഴിവാക്കാനാണ് അനുസ്മരണയോഗം നടത്താത്തതെന്നാണ് പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ ആക്ഷേപം.
27ന് നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കേ പാർലമെന്ററി പാർട്ടി കൂടി ലീഡറെ തിരഞ്ഞെടുക്കണം. നേതാക്കൾക്കിടയിൽ പൊതു ധാരണ ഉണ്ടാകാത്തതിനാൽ തീയതി തീരുമാനിച്ചിട്ടില്ല. നേതൃത്വം പിടിച്ചെടുക്കാൻ മാണി - ജോസഫ് വിഭാഗങ്ങൾ ആളെക്കൂട്ടലിലും രഹസ്യ യോഗം ചേരലിലും വ്യാപൃതരാണിപ്പോൾ.
യൂത്ത് ഫ്രണ്ട് (എം) കഴിഞ്ഞ ദിവസം പാലായിൽ അനുസ്മരണയോഗം നടത്തിയിരുന്നു. പി.ജെ.ജോസഫായിരുന്നു ഉദ്ഘാടകൻ. ജോസ് കെ. മാണി പങ്കെടുത്തില്ല. നാൽപ്പത്തൊന്നാം ഓർമദിനത്തിനു ശേഷമേ പൊതു പരിപാടികളിൽ പങ്കെടുക്കൂ എന്നായിരുന്നു വിശദീകരണം.
പാർട്ടി മുഖപത്രമായ പ്രതിച്ഛായയിൽ വന്ന വിമർശനത്തിന് യോഗത്തിൽ പി.ജെ.ജോസഫ് മറുപടി നൽകി. ചെയർമാന്റെ അഭാവത്തിൽ ചുമതലയും അധികാരവും നിയമപരമായി വർക്കിംഗ് ചെയർമാനാണെന്ന് മാണിയുടെ വിശ്വസ്ഥനും പാർട്ടി ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായ ജോയി എബ്രഹാം ഈ യോഗത്തിൽ പറഞ്ഞു. ഇതോടെ ജോയ് എബ്രഹാം ജോസഫ് ഗ്രൂപ്പിലേക്ക് മാറിയെന്ന് മറുവിഭാഗം ആരോപിച്ചു. ഓഫീസ് ചുമതല മാണി തന്നെ ജോയ് എബ്രഹാമിൽ നിന്ന് മാറ്റി സ്റ്റീഫൻ ജോർജിന് നൽകിയിരുന്നെന്നും ഇവർ പ്രചരിപ്പിക്കുന്നുണ്ട്.
ജോസ് കെ. മാണിയെ
ചെയർമാനാക്കാൻ നീക്കം
അതിനിടെ തോമസ് ഉണ്യാടന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ജോസ് കെ. മാണിയെ ചെയർമാനാക്കാൻ സംസ്ഥാന കമ്മിറ്റി യോഗം വിളിക്കണമെന്നാവശ്യപ്പെടാൻ രഹസ്യയോഗം ചേർന്ന് തീരുമാനിച്ചു. ഉന്നത സ്ഥാനങ്ങളുടെ കാര്യത്തിൽ പൊതു ധാരണ ഉണ്ടാക്കിയ ശേഷം യോഗമെന്ന നിലപാടിൽ ജോസഫ് വിഭാഗം നിൽക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള നീക്കം. ഇതിന് പിന്നിൽ ജോസ് കെ. മാണിയാണെന്നാണ് സംസാരം. ഭരണഘടന 29ാം വകുപ്പ് പ്രകാരം ചെയർമാൻ സ്ഥാനം വർക്കിംഗ് ചെയർമാന് അവകാശപ്പെട്ടതെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. അർഹമായ സ്ഥാനങ്ങൾ കിട്ടണമെന്ന നിലപാടിൽ അനുരഞ്ജന നീക്കത്തിന് ജോസഫ് തയ്യാറായിട്ടും ഉന്നത സ്ഥാനങ്ങൾ വിട്ടു കൊടുക്കാതിരിക്കാനുള്ള കളികളാണ് നടത്തുന്നതെന്നാണ് ജോസഫ് അനുകൂലികൾ പറയുന്നത്.