കൊല്ലം: കാഷ്യു ബോർഡ് നടത്തുന്ന തോട്ടണ്ടി ഇടപാടുകൾ സുതാര്യമായിരിക്കണമെന്നും വാങ്ങൽ ഇ ടെൻഡറിലൂടെ മാത്രമേ പാടുള്ളൂവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർദ്ദേശിച്ചു. കാഷ്യു ബോർഡ് മൊസാംബിക്കിൽ നിന്ന് വാങ്ങിയ 3086 ടൺ തോട്ടണ്ടി ഇടപാട് വിവാദമായ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത കശുഅണ്ടി മേഖലയിലെ സി.പി.എം ഫ്രാക്‌ഷൻ യോഗത്തിലാണ് കോടിയേരി നിർദ്ദേശം നൽകിയത്. നാളെ കൊല്ലത്ത് ചേരുന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിലും വിഷയം ചർച്ച ചെയ്തേക്കുമെന്നാണറിയുന്നത്.
കാഷ്യുബോർഡിന് തോട്ടണ്ടി വാങ്ങാൻ ഇ ടെൻഡർ ഒഴിവാക്കി സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 5 ലക്ഷത്തിനു മുകളിലുള്ള വാങ്ങലും വില്പനയും ഇ ടെണ്ടർ വഴി വേണമെന്ന കേന്ദ്ര വിജിലൻസിന്റെ നിബന്ധന മറികടക്കാനാണ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്. കാഷ്യുബോർഡിന്റെ ഇടപാട് സീൽഡ് ടെൻഡറിലൂടെയായിരുന്നു. സീൽഡ് ടെൻഡറിനെ ന്യായീകരിക്കാൻ മന്ത്രി മേഴ്സിക്കുട്ടിഅമ്മ യോഗത്തിൽ ശ്രമിച്ചെങ്കിലും കോടിയേരി അത് ചെവിക്കൊണ്ടില്ലെന്നാണ് അറിയുന്നത്.
മേഖലയുടെ നിലനിൽപ്പിനായി ഒരുമിച്ച് നിൽക്കണമെന്ന് പറഞ്ഞ കോടിയേരി, കാഷ്യു ബോർഡ് നടപടിക്രമങ്ങൾ പാലിച്ച് വാങ്ങുന്ന തോട്ടണ്ടി കാഷ്യു കോർപറേഷനും കാപ്പക്സിനും നൽകണമെന്ന് പറഞ്ഞു. കശുഅണ്ടി മേഖലയെ തകർക്കാനുള്ള നീക്കം ആരുടെ ഭാഗത്തു നിന്നുണ്ടായാലും അതിനെ രാഷ്ട്രീയമായി നേരിടാനും യോഗം തീരുമാനിച്ചു. നാടൻ തോട്ടണ്ടി വാങ്ങിയതുമായി ബന്ധപ്പെട്ട് കാപ്പക്സിനെതിരെ ഉയർന്ന ആരോപണവും മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ യോഗത്തിൽ ചൂണ്ടിക്കാട്ടി.
ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങി കാഷ്യു കോർപറേഷനും കാപ്പക്സിനും നൽകിയതു വഴി കോടികളുടെ നഷ്ടം സംഭവിച്ചതായാണ് ആരോപണം ഉയർന്നത്. കേരളകൗമുദി ഇതുസംബന്ധിച്ച് വാർത്തകൾ പ്രസിദ്ധീകരിക്കുകയും എഡിറ്റോറിയൽ എഴുതുകയും ചെയ്തിരുന്നു.