ന്യൂഡൽഹി: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എെസിസ് റിക്രൂട്ട്മെന്റ് നടക്കുന്നതായി ഇന്റലിജൻസ് ബ്യൂറോയ്ക്ക് റിപ്പോർട്ട് ലഭിച്ചു. പ്രദേശിക ഭാഷ സംസാരിക്കുന്നവരുടെ അടിസ്ഥാനത്തിലാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. ഒരു സംസ്ഥാനത്തിലെ ഒരു പ്രത്യേക വിഭാഗത്തെ തിരഞ്ഞെടുക്കാൻ വേണ്ടിയാണ് ഐസിസിന്റെ പ്രവർത്തനമെന്നും ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ പറയുന്നു.
പ്രാദേശിക ഭാഷ സംസാരിക്കുന്നവരെ തിരഞ്ഞെടുക്കുന്നതിന് കാരണം പ്രദേശത്തെ വിപ്ലവ ഗ്രൂപ്പുകളുമായി ആശയ വിനിമയം നടത്താൻ വേണ്ടിയാണ്. പ്രത്യേകിച്ച് തമിഴ്, മലയാളം ഭാഷയിൽ പ്രാവീണ്യമുള്ളവരെ ലക്ഷ്യം വെച്ചാണ് റിക്രൂട്ട്‌മെന്റുകൾ. ആശയവിനിമയം നടക്കാത്തത് മൂലം അവരുടടെ പദ്ധതികൾ നടക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
സിറിയയിലും ഇറാഖിലും ഐസിസിന് തിരിച്ചടി ലഭിച്ചപ്പോൾ പേരാളികൾ അവരുടെ നാട്ടിലേക്ക് തിരിച്ചു പോയി അവിടെ പ്രവർത്തനം നടത്തണമെന്ന് അബൂബക്കർ അൽ ബാഗ്ദാദി പങ്കു വെച്ച ഓഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്. ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണത്തിൽ എൻ.ടി.ജെയോ ഐസിസോ ഒറ്റയ്ക്കല്ല സ്‌ഫോടനം ആസൂത്രണം ചെയ്തിരിക്കുന്നതന്നും പ്രാദേശിക ഗ്രൂപ്പുകളുടെ സഹകരണത്തോടെയാണെന്നും വ്യക്തമാണ്.
ദക്ഷിണേന്ത്യയിലാണ് എെസിസ് ഗ്രൂപ്പുകൾ റിക്രൂട്ട്മെന്റുകൾ കൂടുതലായി നടത്തുന്നത്. ദക്ഷിണേന്ത്യയിലെ ചില മുസ്ലിം സംഘടനകൾ എൻ.ടി.ജെയുടെയും ഐസിസിന്റെയും സമാന ആശയങ്ങൾ പിന്തുടരുന്നവരാണ്. കേരളത്തിലെ മുസ്ലിം യുവാക്കളെയും എെസിസ് ഗ്രൂപ്പുകൾ ലക്ഷ്യമിടുന്നുണ്ട്. കേരളത്തിൽ മാത്രമല്ല വിദേശത്തുള്ള മലയാളി യുവാക്കളും ഭീകരസംഘടനയുടെ ഭാഗമാകുന്നുണ്ടെന്നും എൻ.ഐ.എ ഉദ്യോഗസ്ഥർ പറയുന്നു