bjp

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങൾ പിന്നിട്ടപ്പോൾ ഉത്തർപ്രദേശിൽ മുൻതൂക്കം ബി.ജെ.പിക്ക് തന്നെയെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ബി.ജെ.പിയെ പരമ്പരാഗതമായി പിന്തുണയ്ക്കുന്ന വോട്ടർമാർ കൂട്ടത്തോടെ പോളിംഗ് ബൂത്തിലെത്തിയതാണ് പാർട്ടിക്ക് നേട്ടമായത്. അതേസമയം മഹാസഖ്യവും തൊട്ടുപിന്നിലായുണ്ട്. കോൺഗ്രസിന് പ്രതീക്ഷിച്ച നേട്ടം ഉത്തർപ്രദേശിൽ ലഭിക്കില്ലെന്നാണ് വിലയിരുത്തൽ.

ബി.ജെ.പിക്കെതിരെ മഹാസഖ്യം ഒന്നിച്ചെത്തിയാലും വലിയ പരിക്കേൽക്കാതെ രക്ഷപ്പെടുമെന്നാണ് ദേശീയ മാദ്ധ്യമങ്ങളുടെയും റിപ്പോർട്ടുകൾ. ബി.ജെ.പി 2014ൽ കൊണ്ടുവന്ന ജാതിസമവാക്യ രീതി അതേ രീതിയിൽ തന്നെ സംസ്ഥാനത്ത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതിനെ മറികടക്കാൻ കോൺഗ്രസിന് സാധിക്കില്ലെന്നാണ് കരുതുന്നത്.


യു.പിയിൽ ബി.ജെ.പി കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നെന്നാണ് നഗരത്തിലെ വോട്ടർമാരുടെ അഭിപ്രായം. യുവാക്കൾക്കിടയിൽ മികച്ച റോഡുകളും, നരേന്ദ്ര മോദിയുടെ പ്രതിച്ഛായയുമാണ് നേട്ടമുണ്ടാക്കിയിരിക്കുന്നത്. ഭരണത്തിൽ പോരായ്മകളുണ്ടെങ്കിലും, മോദിക്ക് ഒരവസരം കൂടി നൽകാൻ തയ്യാറാണെന്ന നിലപാടിലാണ് വോട്ടർമാർ. സംസ്ഥാനത്ത് മുസ്ലീം വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവരിൽ മോദി ഇപ്പോഴും ജനപ്രിയ നേതാവാണ്. അതേസമയം മുസ്ലീം വോട്ടർമാർ ഇത്തവണ ബി.ജെ.പിക്ക് കാര്യമായി വോട്ടു നൽകിയിട്ടില്ല.

ഗൊരഖ്പൂർ, വാരണാസി, ലക‌്നൗ, ഫൂൽപൂർ തുടങ്ങിയ നിർണായക മണ്ഡലങ്ങൾ ബി.ജെ.പി പിടിക്കുമെന്നാണ് വോട്ടിംഗ് നില വ്യക്തമാക്കുന്നത്. നിലവിൽ ബി.ജെ.പി നേടിയ 40 സീറ്റുകൾ ഇത്തവണ നിലനിറുത്തും. എന്നാൽ ചില സിറ്റിംഗ് സീറ്റുകൾ ബി.ജെ.പിക്ക് നഷ്ടപ്പെടും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടങ്ങളിലായി നടത്താനുള്ള തീരുമാനമാണ് ബി.ജെ.പിക്ക് മുൻതൂക്കം നൽകിയത്. കൂടുതൽ ദിവസം ലഭിച്ചതിലൂടെ സംസ്ഥാനത്തെ എല്ലാ പോക്കറ്റുകളിലും ശക്തമായ പ്രചാരണം നടത്താൻ ബി.ജെ.പിക്ക് സാധിച്ചെന്നാണ് വിലയിരുത്തൽ. ബി.എസ്‌പിക്കും സമാജ് വാദി പാർട്ടിക്കും കോൺഗ്രസിനും ഇതിനൊപ്പം എത്താൻ സാധിച്ചിട്ടില്ല.
മഹാസഖ്യവുമായുള്ള പോരാട്ടത്തിൽ കോൺഗ്രസാണ് ബി.ജെ.പിക്ക് മുൻതൂക്കം നല്‍കിയത്. യാദവ, മുസ്ലീം വോട്ടുകൾ ഭിന്നിപ്പിക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് സാധിച്ചുവെന്ന് കണക്കുകൾ പറയുന്നു.