ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഹരിയാനയിലെയും ഡൽഹിയിലെയും മുഴുവൻ സീറ്റുകളിലും യു.പിയിലെ പതിനാല് മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. ബംഗാളിലെ ബാരക്പുർ, അരംബഗ് മണ്ഡലങ്ങളിലെ രണ്ടു ബൂത്തുകളിലെ റീപോളിംഗും നാളെ നടക്കും.
വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളിൽ 44 സീറ്റും ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകളാണ്. ഉത്തർപ്രദേശിലാകട്ടെ പതിനാലിൽ പന്ത്രണ്ടും ബി.ജെ.പി കഴിഞ്ഞതവണ ഒറ്റയ‍്ക്ക് നേടിയതാണ്. ഒരെണ്ണം എൻ.ഡി.എ ഘടകക്ഷിയായ അപ്നാദളിന്റെയും. എന്നാൽ ഇത്തവണ ഈ മണ്ഡലങ്ങളിലെല്ലാം എസ്.പി–ബി.എസ്.പി–ആർ.എൽ.ഡി മഹാസഖ്യം കടുത്ത വെല്ലുവിളിയാണ് ബി.ജെ.പിക്ക് ഉയർത്തുന്നത്.
ഡൽഹിയിലെ ഏഴു സീറ്റിലും ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് വേദിയൊരുങ്ങുന്നത്. ഹരിയാനയിലെ പത്ത് സീറ്റുകളിൽ ചതുഷ്‍കോണ പോരാട്ടമാണ് നടക്കുന്നത്. ബി.ജെ.പിക്കും കോൺഗ്രസിനും പുറമേ ഐ.എൻ.എൽ.ഡിയും ആം ആദ്മിയുമാണ് രംഗത്തുള്ളത്.ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്ന തൃണമൂലിന്റെ എട്ടു സിറ്റിംഗ് സീറ്റുകളിലും ബി.ജെ.പി വെല്ലുവിളി ഉയർത്തുന്നുണ്ട്.
മലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രജ്ഞാ സിങ് താക്കൂറും കോൺഗ്രസിന്റെ ദിഗ്‍വിജയ് സിംഗും ഏറ്റുമുട്ടുന്ന ഭോപ്പാൽ, മേനക ഗാന്ധി ജനവിധി തേടുന്ന സുൽത്താൻപുർ തുടങ്ങിയവയാണ് ആറാം ഘട്ടത്തിലെ ശ്രദ്ധേയ മണ്ഡലങ്ങൾ.