മറ്റെല്ലാം തന്നെ ഒരൊറ്റ സത്യത്തിലേക്ക് ആകർഷിക്കപ്പെടുക, ഗുരുത്വാകർഷണം പോലെ. എത്രയോ മനസുകൾ, അതിലുമെത്രയോ സങ്കടങ്ങൾ. എല്ലാം തന്നെ ഗുരുവെന്ന പരമപദത്തിലേക്കാണ് വഴി അവസാനിപ്പിക്കുക. ആ കൂട്ടത്തിൽ 'ഗുരുത്വ"ത്താൽ വലിച്ചടുപ്പിക്കപ്പെട്ട് അവിടേക്ക് ഒഴുകിയെത്തിയ വ്യക്തിയാണ് ഞാനും. കണ്ടുമുട്ടിയതിന് ശേഷമുള്ള ഇരുപത് വർഷങ്ങൾ, വിട പറഞ്ഞതിനുശേഷമുള്ള ഇരുപത് വർഷങ്ങൾ. ഓർമ്മകൾ നിത്യമെന്നോണമുണ്ട് കൂടെ. 1978 കാലം. ഗുരു നിത്യചൈതന്യ യതി വിദേശ യൂണിവേഴ്സിറ്റികളിലെ അദ്ധ്യാപനത്തിന് വിരാമമിട്ടുകൊണ്ട് പുസ്തകരചനയും മറ്റുമായി ഊട്ടിയിലെ ഫേൺഹിൽ ആശ്രമത്തിൽ സ്ഥിരമായി താമസിക്കാൻ പോകുകയാണെന്നറിഞ്ഞു. മാദ്ധ്യമങ്ങളിലൂടെ, പുസ്തകങ്ങളിലൂടെ മാത്രമറിഞ്ഞ അദ്ദേഹത്തെ അങ്ങനെ നേരിൽ കാണാനും സംസാരിക്കാനുമുള്ള അവസരം എന്നെ തേടിയെത്തി. ആദ്യദർശനത്തിലെ ആത്മീയ അനുരാഗം അവിടെ തുടങ്ങുകയായിരുന്നു എന്നുപറയാം.
പിന്നെ അവിടെ ഒരു നിത്യസന്ദർശകനായി. ആദ്യമായി ചെന്നപ്പോൾ ഗുരുവിന്റെ അനുവാദത്തോടെ അദ്ദേഹത്തിന്റെ ചില ഫോട്ടോകളെടുത്ത് മടങ്ങി. അടുത്ത തവണ പോയപ്പോൾ അവ പ്രിന്റടിച്ചു, ഒപ്പം ചില എൻലാർജുമെന്റുകളും എടുത്ത് ഗുരുവിനു കൊടുത്തു. അദ്ദേഹത്തിന് അവ വളരെ ഇഷ്ടമായി. അക്കാലത്ത് പത്രങ്ങൾക്കും മറ്റു പ്രസിദ്ധീകരണങ്ങൾക്കും കൊടുക്കാൻ ഗുരുവിന് അത് ആവശ്യവുമായിരുന്നു. എല്ലാം ചിത്രങ്ങളും കണ്ടു വാങ്ങി വച്ചശേഷം അതിനു എത്ര രൂപയാണെന്ന് ചോദിച്ചു. ഒന്നും വേണ്ടെന്നു ഞാൻ പറഞ്ഞെങ്കിലും ഗുരു സമ്മതിച്ചില്ല. ഒരു ചെക്കുബുക്ക് കൊണ്ടുവന്ന് സാമാന്യം വലിയ ഒരു തുക എഴുതി എനിക്ക് തന്നു. ഗുരുവിന്റെ കൈയിൽ നിന്നും പ്രതിഫലം വാങ്ങുന്നത് ശരിയല്ലെന്ന് മനസ് പറഞ്ഞെങ്കിലും ഗുരു തരുന്നത് വാങ്ങാതിരിക്കുന്നത് ഗുരു നിന്ദയാകുമല്ലോ എന്ന് കരുതി രണ്ട് കൈയും നീട്ടി വാങ്ങിച്ചു. തിരികെ എത്തിയപ്പോഴും മനസ് വല്ലാതെ അസ്വസ്ഥമായിരുന്നു. കടുത്ത കുറ്റബോധം തോന്നി. ചെക്ക് മാറാതെ സൂക്ഷിച്ചുവച്ചു. അടുത്ത പ്രാവശ്യം ചെന്നപ്പോൾ ഈ വിവരം ഞാൻ ഗുരുവിനോട് പറഞ്ഞു.
തന്ന ചെക്ക് ഞാൻ മാറാതെ വച്ചിട്ടുണ്ടെന്നും അത് ഗുരു തന്ന ഉപഹാരമായി സൂക്ഷിക്കുകയാണെന്നും അറിയിച്ചു. ദത്തൻ മാത്രമല്ല, ഇതേ പോലെ പലരും ചെയ്തതായി വന്നു പറഞ്ഞിട്ടുണ്ടെന്ന് ഗുരു എന്നോട് പറഞ്ഞു. വീണ്ടും പുതിയ ഫോട്ടോകൾ കൊണ്ടുചെന്നപ്പോൾ അതിന് ഒന്നും വേണ്ടെന്ന് ഞാൻ പറഞ്ഞു, പിന്നെ എന്താണ് ദത്തന് തരിക എന്നായിരുന്നു ഗുരുവിന്റെ ചോദ്യം. ഗുരുവിന്റെ അനുഗ്രഹം മാത്രം മതിയെന്നായി ഞാൻ. പിന്നെ ഒരു ചെറിയ അപേക്ഷയുള്ളത് ഗുരുവിന്റെ ഫോട്ടോ എടുക്കാനുള്ള അനുവാദം തരണമെന്നുള്ളതാണ്. അതിനെന്താ, ചോദിക്കാതെ തന്നെ എപ്പോൾ വേണമെങ്കിലും ഫോട്ടോകൾ എടുക്കാനുള്ള അനുവാദം തന്നിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അങ്ങനെ ഗുരു ഫേൺഹില്ലിൽ ഏതാണ്ട് സ്ഥിരതാമസമാക്കിയ 1978 മുതൽ 1999 ലെ സമാധിയുടെ തലേന്ന് ദിവസം വൈകുന്നേരം വരെയുള്ള ഇരുപതുവർഷക്കാലം തുടർച്ചയായി അദ്ദേഹത്തിന്റെ ഫോട്ടോകൾ എടുക്കാനുള്ള അവസരം എനിക്കുണ്ടായി. മാത്രമല്ല ഗുരുവിന്റെ പുസ്തകങ്ങളുടെ കവറിനായി സ്കെച്ചുകളും ചെയ്തു കൊടുത്തിരുന്നു. (അന്നെടുത്ത ആയിരക്കണക്കിന് ഫോട്ടോകളിൽ നിന്ന് തിരഞ്ഞടുത്ത 150 എണ്ണം 'നിത്യദർശനം" എന്നപേരിൽ ഒരു പുസ്തകമായി 2008 ൽ പ്രസിദ്ധീകരിച്ചിരുന്നു) തന്റെ ഏറ്റവും കൂടുതൽ ഫോട്ടോകളെടുത്തിട്ടുള്ള വ്യക്തി ദത്തനാണ് എന്ന് ഗുരു ഒരിക്കൽ പറയുകയുണ്ടായി. അതുകൊണ്ടു തന്നെ ഗുരുവിന്റെ ഫോട്ടോഗ്രാഫറെന്നും ഗുരുവിന്റെ മാനസപുത്രൻ എന്നും മറ്റുമാണ് ഗുരുവുമായി അടുപ്പമുള്ളവർ ഇന്നും എന്നെ വിളിക്കുന്നത്. ദേഹി ദേഹത്തിൽ നിന്നും വിട്ടുകഴിഞ്ഞാൽ അത് വെറും ജഡം മാത്രമാണെന്ന് അറിയാമായിരുന്നതുകൊണ്ടു തന്നെയാകണം താൻ സമാധിയായിക്കഴിഞ്ഞാൽ പിന്നെ തന്റെ ഫോട്ടോകൾ എടുക്കരുതെന്ന് ഗുരു നിഷ്കർഷിച്ചിരുന്നു. ആ വാക്കുകൾ അതേപടി ഞാൻ അനുസരിക്കുകയും ചെയ്തിരുന്നു. സമാധിക്കുശേഷം അന്ന് വൈകിട്ട് ഗുരുവിനെ അടക്കം ചെയ്ത സ്ഥലത്തെ സ്മൃതിമണ്ഡപത്തിൽ ആയിരക്കണക്കിന് ദീപം തെളിയിച്ചപ്പോൾ മാത്രമാണ് പിന്നെ കാമറ കൈയിലെടുത്തത്.
പ്രകൃതിയിലേക്ക് എന്നെ കൈപിടിച്ചുയർത്തിയതും ഗുരുവായിരുന്നു. ഒരിക്കൽ ഗുരു ഒരു പ്രോജക്ട് എനിക്കുതന്നു. ഗീതാ ഗോവിന്ദത്തിന്റെ മലയാള പതിപ്പിനുള്ള ശ്രമമായിരുന്നു അത്. ഗുരുവിന്റെ കൈവശം അതിന്റെ ഇംഗ്ളീഷിലുള്ള ഒരു കോപ്പി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതെന്നെ ഏൽപ്പിച്ചു. അതിൽ രാധയുടെയും കൃഷ്ണന്റെയും ലീലകളും ഇണക്കങ്ങളും പിണക്കങ്ങളും സല്ലാപവും എല്ലാം ചിത്രീകരിച്ചിരുന്നത് സ്കെച്ചുകളിലൂടെയായിരുന്നു. അതിനു പകരമായി ഒരു പുതിയ ആശയമാണ് ഗുരു മുന്നോട്ടുവച്ചത്. പ്രകൃതിയിലെ പക്ഷിമൃഗാദികളേയും പൂക്കളേയും വള്ളികളേയും മറ്റും ഉൾപ്പെടുത്തി രാധാകൃഷ്ണ ഭാവങ്ങൾ ഫോട്ടോകളിലൂടെ ആവിഷ്കരിക്കണമെന്നായിരുന്നു ഗുരുവിന്റെ നിർദ്ദേശം. അതിന് ഒരു മാസത്തോളം സമയവും എനിക്കുതന്നു. ഒരു വലിയ വെല്ലുവിളിയായി തന്നെ ഞാൻ അതേറ്റെടുത്തു. രണ്ടാഴ്ചക്കുള്ളിൽ അത് ശരിയാക്കി. കലയും സാഹിത്യവും മനഃശാസ്ത്രവും എല്ലാം കടൽ പോലെ അലിഞ്ഞുചേർന്ന മഹാനായ വ്യക്തിയുടെ അടുത്തേക്ക് ഇതുമായി ചെല്ലുമ്പോൾ പ്രതികരണം എന്താകുമെന്ന് ആശങ്കയുണ്ടായിരുന്നു. ''ഞാനുദ്ദേശിച്ചതിനേക്കാൾ വളരെ മികച്ച രീതിയിലുള്ളവയാണ് ഈ ചിത്രങ്ങൾ""... എന്ന് ഗുരു പറഞ്ഞപ്പോൾ മാത്രമാണ് ശ്വാസം നേരെ വീണത്. ആ മുഖം നിറയെ സന്തോഷമായിരുന്നു.
ഉടനെ തന്നെ ഇവ ചേർത്ത് പുസ്തകം പ്രസിദ്ധീകരിക്കണമെന്നും പറഞ്ഞു. ഞാൻ ഇതുമായി ഗുരുവിന്റെ അടുത്തെത്തിയപ്പോൾ കോഴിക്കോട്ടെ ഒരു വലിയ പ്രസിദ്ധീകരണക്കാരൻ അവിടെ ഉണ്ടായിരുന്നു. അയാൾ ഇത് നല്ലരീതിയിൽ കളർ പ്ളേറ്റുകളാക്കി പ്രിന്റ് ചെയ്തു പുസ്തകമിറക്കാമെന്നു പറഞ്ഞു മുന്നോട്ടുവന്നു. എന്നാൽ പറഞ്ഞ സമയത്തൊന്നും അയാൾ അത് കൊണ്ടുവന്നില്ല. ഒടുവിൽ അത് അടിച്ച് തീരെ ഗുണമേന്മയില്ലാതെ ബ്ളാക്ക് ആന്റ് വൈറ്റിൽ പ്രിന്റ് ചെയ്ത് കൊണ്ടു വന്നത് ഗുരുവിനെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു. ആ നെഗറ്റീവുകളും നഷ്ടപ്പെട്ടു പോയിരുന്നു. ആ പ്രോജക്ട് നമുക്ക് വീണ്ടും ഒന്ന് ചെയ്യണമെന്ന് ഗുരു വിഷമത്തോടെ പലതവണ പറഞ്ഞിരുന്നു. ഞാൻ തയ്യാറുമായിരുന്നു. എങ്കിലും എന്തോ പലകാരണങ്ങൾ കൊണ്ടും സമാധിവരെയും പിന്നെ അത് നടന്നില്ല ! അവസാന ദിനത്തെക്കുറിച്ചുകൂടി അല്പം ചിലതു പറയട്ടെ.
ഗുരുവുമായുള്ള ആത്മബന്ധം വിശദീകരിക്കാൻ കഴിയില്ല. വലിയ വാത്സല്യമായിരുന്നു. പല കയ്യെഴുത്ത് പ്രതികളും വായിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അതേക്കുറിച്ചുള്ള അഭിപ്രായവും ചോദിക്കുമായിരുന്നു. അതിശയകരമായ പലഅനുഭവങ്ങളും എനിക്കറിയാം. പലപ്പോഴും ഞാൻ ഗുരുവിനെക്കാണാൻ എത്തുമ്പോൾ അന്തേവാസികളിൽ ചിലർ ഗുരു ഫോൺ ചെയ്തിരുന്നോ എന്ന് അന്വേഷിച്ചിരുന്നു. ഇല്ലെന്ന് പറഞ്ഞാലും അവർക്ക് വിശ്വാസം വരാറില്ല ! അങ്ങനെ ചോദിയ്ക്കാൻ കാരണമെന്തെന്ന് അന്വേഷിക്കുമ്പോഴാണ് അവർ പറയുന്നത് രാവിലെ മുതൽ എന്നെ കാണണമെന്ന് ഗുരു പറയുന്നുണ്ടായിരുന്നു എന്ന്. ചിലപ്പോൾ പുസ്തകത്തിന്റെ കവർ പേജുകൾക്കോ പത്രങ്ങൾക്കോ മറ്റോ ഫോട്ടോ വേണ്ടിവരുമ്പോഴോ മറ്റുചില ആവശ്യങ്ങൾക്കോ ഗുരുവിന് എന്നെ കാണണമെന്ന് തോന്നും. അന്ന് മിക്കവാറും ഞാൻ അവിടെ എത്തും. ഇങ്ങനെ പലതവണ ആയപ്പോൾ ഈ കാര്യം ഞാൻ ഗുരുവിനോട്പറഞ്ഞു. ഗുരു തമാശയായി എന്നോട് പറഞ്ഞു, ഇതാണ് ടെലിപ്പതി എന്ന് ! അങ്ങനെ ഒരു ദിവസം ഞാൻ ഫേൺഹില്ലിലെത്തി. പുതിയ ലൈബ്രറി കെട്ടിടത്തിലേക്ക് പുസ്തകങ്ങൾ മാറ്റിയിരുന്നതിനാൽ ഗുരുവിന്റെ മുറിയിൽ നിന്നും അവിടേക്കു വീൽചെയറിൽ എത്താനുള്ള ഒരു പാത ഉണ്ടാക്കുന്ന ജോലികൾ പുരോഗമിക്കുകയായിരിന്നു. പക്ഷാഘാതത്തിൽനിന്നും ഗുരു മുക്തനായി വാക്കർവച്ച് നടക്കാൻ തുടങ്ങിയിരുന്നു. പ്രഭാത സവാരിയും സായാഹ്ന സവാരിയും എല്ലാം മുടങ്ങിയിരുന്നു. എന്നാൽ ഞാൻ എത്തിയപ്പോഴേക്കും ഗുരു കൂടുതൽ ഉൻമേഷവാനായി.
വീണ്ടും പുതിയ ചില ഫോട്ടോകളൊക്കെ എടുത്തു. വൈകുന്നേരമായപ്പോൾ ദത്തൻ വന്നല്ലോ ഇന്ന് സായാഹ്ന സവാരിക്കു പോകണമെന്ന് ഗുരു പറഞ്ഞു. ശിഷ്യരും അന്തേവാസികളും ചേർന്ന് വീൽ ചെയറും സ്വെറ്ററും കോട്ടും കമ്പിളി തൊപ്പിയുമൊക്കെകൊണ്ടുവന്നു റെഡിയായി. യാത്രയ്ക്കിടയിൽ ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിച്ചു. ഭൂമിയെക്കുറിച്ചും സൂര്യനെക്കുറിച്ചും ജീവജാലങ്ങളെപ്പറ്റിയും ആകാശത്തെപ്പറ്റിയും ചിലകാര്യങ്ങൾ പറഞ്ഞു. അത് കേട്ടുകൊണ്ട് തന്നെ ചില ഫോട്ടോകളും ഞാൻ എടുത്തു. അപ്പോഴക്കും അന്തിമാനം ചുവന്നു തുടുത്തു. സൂര്യൻ അസ്തമയത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. അങ്ങോട്ടു ചൂണ്ടി ഗുരു പറഞ്ഞു. നോക്ക് ഈ സൂര്യൻഅസ്തമിക്കുന്നതോടെ ഭൂമി ഇരുട്ടിലാകും അത് പ്രകൃതിയുടെ നിയമമാണ് ! അതെല്ലാം മൂളിക്കേട്ട എനിക്ക് അപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. തിരികെ ഗുരുകുലത്തിലെത്തി. സാമാന്യം ഇരുട്ട് വ്യാപിക്കാൻ തുടങ്ങി. യാത്ര പറഞ്ഞിറങ്ങുമ്പോൾ ഗുരു പറഞ്ഞു ഈ ഫോട്ടോകൾ നാളെത്തന്നെ വേണം, നാളെ അതിനു ആവശ്യമുണ്ടെന്ന്. ഞാൻ സമ്മതിച്ചു.
അഞ്ചുമണിക്ക് തന്നെ ഫോട്ടോ റെഡിയാക്കാമെന്നും ഞാൻ അറിയിച്ചപ്പോൾ വാങ്ങാനായി ആളെ അയക്കാമെന്നും ഗുരു പറഞ്ഞു. സാധാരണ ഗുരു അങ്ങനെ പറയാറില്ല. ഞാൻ അടുത്തതവണ ചെല്ലുമ്പോൾ പ്രിന്റടിച്ച് കൊണ്ടുക്കൊടുക്കാറാണ് പതിവ്. അടുത്തദിവസം നാലര മണിയോടെ ഫോട്ടോകൾ റെഡിയാക്കിവച്ചു. അഞ്ചു മണിക്ക് ശേഷം ഗുരു ആളെ വിടുന്നതും നോക്കിയിരിക്കുമ്പോൾ ടീ പ്ലാന്റേഷൻ ഓഫീസിൽ നിന്നും ഫോട്ടോ ചർച്ചയ്ക്കു വേണ്ടി കൂട്ടിക്കൊണ്ടുപോയി. അവിടെ ചെന്ന് അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ സ്റ്റുഡിയോയിൽ നിന്നും ഗുരുകുലത്തിൽ നിന്നും ഫോട്ടോ വാങ്ങാൻ ആൾ വന്നെന്ന് അറിയിച്ചു. പത്തുമിനിറ്റിനകം വരാമെന്നു ഞാൻ അറിയിച്ചു. എന്നാൽ അഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ ഫോട്ടോ വാങ്ങാൻ വന്ന ഡോക്ടർ തമ്പാൻ (ഇന്നത്തെ തന്മയ സ്വാമി) എനിക്ക് ഫോൺ ചെയ്തു. ''അടിയന്തിരമായി ഗുരു കുലത്തിലെത്താൻ സന്ദേശം വന്നിരിക്കുന്നു. കാത്തുനിൽക്കുന്നില്ല ഞാൻ പോകുന്നു”... മറുപടി പറയുന്നതിന് മുമ്പ് ഫോൺവച്ച് അദ്ദേഹം പോയിക്കഴിഞ്ഞിരുന്നു.
എന്താണ് സംഭവമെന്നറിയാതെ വേഗം ഞാൻ തിരികെ സ്റ്റുഡിയോയിലെത്തി. എന്നോട് അസിസ്റ്റന്റ് വിവരങ്ങൾ പറയുന്നതിനിടെ ഗുരുകുലത്തിൽ നിന്നും എനിക്ക് ഫോൺ വന്നു, അഞ്ചരമണിയോടെ ഗുരു സമാധിയായി. വേഗം പുറപ്പെട്ടു വരിക. " അപ്പോൾ തന്നെ ഞാൻ ആ ഫോട്ടോകളുമായി അങ്ങോട്ടു പുറപ്പെട്ടു. എല്ലാവർക്കും ഗുരുവിന്റെ ഫോട്ടോ എടുക്കണമെന്ന് നിർബന്ധമായി. ചിലർ തർക്കിച്ചു. സമാധിക്കുശേഷം ഗുരുവിന്റെ ഫോട്ടോ എടുക്കരുതെന്ന് ഗുരു പറഞ്ഞിരുന്ന കാര്യം അവരെ പറഞ്ഞുമനസിലാക്കാനുള്ള ചുമതല എനിക്കായിരുന്നു. അവരോടു വിവരം പറഞ്ഞു ധരിപ്പിച്ചശേഷം പകരം ഞാൻ എടുത്ത പടങ്ങൾ ഓരോന്നായി അവർക്കൊക്കെ കൊടുത്തു കാര്യം പരിഹരിച്ചു. അതെല്ലാം കഴിഞ്ഞപ്പോഴാണ് നാളെ ഫോട്ടോകൾക്ക് ആവശ്യം വരുമെന്ന ഗുരുവിന്റെ വാക്കുകളുടെ സൂചന മനസിലായത് ! ഗുരു സമാധിയിൽ പണിതീർത്ത മനോഹരമായ മന്ദിരം ഇപ്പോൾ നിത്യധ്യാനമണ്ഡപം എന്നപേരിൽ അറിയപ്പെടുന്നു.
(പ്രശസ്ത ഫോട്ടോഗ്രാഫറായ ലേഖകന്റെ ഫോൺ: 9443032995)