തൊഴുകൈയുമായി നിൽക്കുന്ന രാമേശ്വരം ഒരു ദേവഭൂമിയാണ്. നനുത്ത തിരമാലകൾ വലംവയ്ക്കുന്ന ഈ ചെറുപട്ടണത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത് പ്രശസ്തമായ പാമ്പൻ പാലമാണ്. ചരിത്രത്തിന്റെ വിരൽപ്പാടുകൾ വീണ ധനുഷ്ക്കോടി ഇന്ന് കണ്ണീർത്തുള്ളി പോലെ ഒരു കാഴ്ചയാണ്. മുൻരാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം പിച്ചവച്ചതും അവസാന നിദ്രയിലേക്ക് യാത്രയായതും ഈ മണ്ണിലാണ്. കൊച്ചിയിൽ നിന്ന് രാമേശ്വരത്തേക്ക് ഞായറാഴ്ചകളിലുള്ള സ്പെഷ്യൽ ട്രെയിൻ വന്നതോടെ ഏറെക്കാലത്തെ ആഗ്രഹമായ രാമേശ്വരം തേടിയുള്ള യാത്രയ്ക്ക് തുടക്കമായി. പാമ്പൻ പാലമെന്ന അത്ഭുതത്തിന്റെ, രാമകഥയുടെ, വൻചുഴലിക്കാറ്റിന്റെ, സുനാമിയുടെ, ജീവിക്കുന്ന അവശേഷിപ്പുകൾ കാട്ടാൻ രാമേശ്വരവും ധനുഷ് ക്കോടിയും വിളിക്കുകയാണ്.
രാവണനെ വധിച്ചതിൽ ദുഃഖിതനായ രാമൻ തന്റെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്തത് രാമേശ്വരത്തെ മണ്ണിലാണ്. എറ്റവും വലിയ ശിവലിംഗം ഹിമാലയത്തിൽ നിന്ന് കൊണ്ടു വരുന്നതിനായി ഹനുമാനെ ചുമതലപ്പെടുത്തി. ഹനുമാൻ വൈകിയതോടെ സീത മണ്ണുകൊണ്ട് ഒരു ശിവലിംഗം നിർമ്മിച്ചു. രാമനാഥസ്വാമി ക്ഷേത്രത്തിൽ സീതാദേവി നിർമ്മിച്ചതും ഹനുമാൻ കൊണ്ടുവന്നതുമായ രണ്ടു ശിവലിംഗങ്ങൾ ഇന്നു കാണാം. ഇവയ്ക്ക് പ്രത്യേക പൂജകളുമുണ്ട്. പണ്ട് സിലോൺ എന്നറിയപ്പെട്ടിരുന്ന ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുന്നവരുടെ ഇടത്താവളമായിരുന്നു രാമേശ്വരം ദ്വീപ്. ജാഫ്നയിലെ രാജാക്കന്മാർ സേതുകാവലൻ അഥവാ രാമേശ്വരത്തിന്റെ സംരക്ഷകർ എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. അലാവുദ്ദീൻ ഖിൽജിയുടെ സൈനിക തലവൻ രാമേശ്വരത്തേക്ക് പടനയിച്ചതിന്റെ ഓർമ്മയ്ക്കായി പണിതതാണ് അലിയ അൽ ദിൻ ഖൽദ്ജി എന്ന പള്ളി. വിജയനഗരസാമ്രാജ്യവും ബ്രിട്ടീഷ് ഭരണവും ഈ പട്ടണത്തെ വിവിധ സംസ്കാരങ്ങളുടെ സമ്മേളന ഭൂമിയാക്കി. ഈ സാംസ്കാരിക വൈവിദ്ധ്യം രാമേശ്വരത്തെ ജീവിതത്തിലും നിർമ്മിതികളുടെ ശൈലിയിലും തെളിഞ്ഞു കാണാം.
എണ്ണമറ്റ ശിവ, വിഷ്ണു ക്ഷേത്രങ്ങളും തീർത്ഥക്കുളങ്ങളും രാമേശ്വരത്തിന്റെ സവിശേഷതയാണ്. മോക്ഷം തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹിന്ദുമത വിശ്വാസികൾ വർഷം തോറും രാമേശ്വരം സന്ദർശിക്കുന്നതും അതുകൊണ്ടാണ്. രാമേശ്വരത്ത് അറുപത്തിനാലോളം തീർത്ഥക്കുളങ്ങളുണ്ട്. ഈ കുളങ്ങളിൽ മുങ്ങി കുളിക്കുന്നത് പാപങ്ങളിൽ നിന്ന് മുക്തി നൽകുമെന്നാണ് വിശ്വാസം. പ്രധാനപ്പെട്ട 24 തീർത്ഥങ്ങളിൽ മുങ്ങിക്കുളിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇവിടുത്തെ വെള്ളം തലയിലൊഴിച്ചാൽ പാപമുക്തി ലഭിക്കുമെന്ന വിശ്വാസത്താൽ നനഞ്ഞൊലിച്ചു ക്ഷേത്രപ്രദക്ഷിണ വഴികളിലൂടെ നീങ്ങുന്നവർ സ്ഥിരം കാഴ്ചയാണ്. രാമനാഥസ്വാമി ക്ഷേത്രത്തിനു സമീപമുള്ള ശാന്തമായ കടൽതീരത്ത് ശ്രീരാമൻ ബലിതർപ്പണം നടത്തിയതിന്റെ ഓർമ പുതുക്കി ബലിതർപ്പണം നടത്താം. കടലിൽ നിന്ന് ഒരു കുടം വെള്ളം നമ്മളെക്കൊണ്ട് എടുപ്പിച്ച് നടത്തുന്ന ബലിതർപ്പണത്തിനും നൂറ് കോടി പുണ്യമുണ്ടെന്നാണ് പറയുന്നത്.
കോതണ്ഡരാമർ ക്ഷേത്രം, നമ്പു നായഗി അമ്മൻ ക്ഷേത്രം വിശ്വാസികൾ തേടിയെത്തുന്ന ആരാധനാലയങ്ങൾ നീളുകയാണ്. ധനുഷ്കോടിയിലേക്കു പോകണമെങ്കിൽ പ്രത്യേക വാനുണ്ട്. ഒരാൾക്ക് 150 രൂപ വെച്ചു നൽകണം. തിരമാലകൾ നനച്ച മണ്ണിൽ വാനിന്റെ ടയറുകൾ പുതഞ്ഞ് ആടി ഉലഞ്ഞുള്ള യാത്രയ്ക്ക് ഒരു മണിക്കൂറിലേറെയെടുക്കും. വാഹനം പലപ്പോഴും നനഞ്ഞ മണ്ണിൽ താഴും. ഏറെ നേരം പണിപ്പെട്ടു വേണം മുന്നോട്ടുനീക്കാൻ. കടൽവെള്ളത്തിന്റെ ഈർപ്പത്താലും കടൽ കാറ്റേറ്റും എല്ലാ വാനിന്റെ ഭാഗങ്ങളും തുരുമ്പിച്ചതാണ്. ഉച്ചകഴിഞ്ഞ് വേലിയേറ്റമുള്ള സമയത്ത് നമ്മളെ വാഹനമടക്കം കടൽ വിഴുങ്ങുമോ എന്നു സംശയിക്കുന്ന യാത്ര പേടിപ്പെടുത്തുന്നതാകും. തമിഴ്നാടിന്റെ കിഴക്കൻ തീരത്ത് തെക്കു മാറി മാന്നാർ ഉൾക്കടലിലേക്ക് നീണ്ടുകിടക്കുന്ന രാമേശ്വരം ദ്വീപിന്റെ തെക്കേ അറ്റമാണ് ധനുഷ്ക്കോടി. അരഞ്ഞാണം ചുറ്റിയ പോല കിഴക്കു ഭാഗത്ത് ബംഗാൾ ഉൾക്കടലും പടിഞ്ഞാറുഭാഗത്ത് ഇന്ത്യൻ മഹാസമുദ്രവും വലം വെക്കുന്നു. രാമേശ്വരം പട്ടണത്തിൽ നിന്നും പതിനെട്ടു കിലോമീറ്റർ അകലെയായാണ് ധനുഷ്ക്കോടി. വൻകരയുമായി ഈ ദ്വീപിനെ ബന്ധിക്കുന്നത് പാമ്പൻ പാലമാണ്. 1964 ഡിസംബർ 22 മുതൽ 25 വരെ വീശിയ ചുഴലിക്കാറ്റിൽ സമുദ്രനിരപ്പിൽ നിന്ന് അധികം ഉയരത്തിലല്ലാതെ ഒരു വലിയ മണൽത്തിട്ടുപോലെ കിടക്കുന്ന ധനുഷ്ക്കോടി പ്രദേശമാകെ തകർന്നടിഞ്ഞു. റെയിൽപാളങ്ങൾ എടുത്തെറിയപ്പെട്ടു.പാസഞ്ചർ ട്രെയിനിലുണ്ടായിരുന്ന 150 പേർ മരിച്ചു.
ചുഴലിക്കാറ്റിൽ മൊത്തം 1800 പേരെ കാണാതായി. ധനുഷ്ക്കോടി തന്നെ കടൽ കയറി ഇല്ലാതായി. 2004 ഡിസംബർ 26ലെ സുനാമി ദുരന്തത്തിൽ ഈ പ്രദേശം ഏതാണ്ട് പൂർണമായും കടലെടുത്തുപോയതോടെയാണ് ഇന്നത്തെ മൺകൂനയായി ധനുഷ്ക്കോടി മാറിയത്. ഇന്ന് രാമസേതുവിന്റേതെന്ന് പറഞ്ഞ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പവിഴപ്പുറ്റുകൾ സൂക്ഷിച്ചിട്ടുള്ള ഒരാശ്രമവും സഞ്ചാരികൾക്കായി രാമേശ്വരത്തുണ്ട്. രാമന്റെ പാദം പതിഞ്ഞതെന്നു വിശ്വസിക്കുന്ന രാമ പാദവും കടലിന് സമീപം സീതയ്ക്ക് കുടിക്കാനായി രാമൻ അമ്പെയ്തു തീർത്ത ഉപ്പുരസമില്ലാത്ത വെള്ളമുള്ള കിണറും നമ്മെ അത്ഭുതപ്പെടുത്തും. പൗരാണികകാലത്ത് 'മഹോദധി"എന്നറിയപ്പെട്ടിരുന്ന ബംഗാൾ ഉൾക്കടലും, 'രത്നാകരം" എന്നറിയപ്പെട്ടിരുന്ന ഹിന്ദു മഹാസമുദ്രവും സംഗമിക്കുന്ന രാമസേതുവിലെ പുണ്യസ്നാനം (സേതുസ്നാനം) രാമേശ്വരതീർഥാടനത്തിന്റെ മുന്നോടിയാണ്. ശ്രീരാമൻ നിർമ്മിച്ച രാമസേതുവിന്റെ അവശിഷ്ടമെന്ന് വിശ്വസിക്കപ്പെടുന്ന, ഏകദേശം പതിനെട്ട് കിലോമീറ്റർ നീളത്തിൽ ശ്രീലങ്കയോളമെത്തുന്ന പാറക്കെട്ടുകളുടെ ഒരു നിര ധനുഷ്ക്കോടിയിൽ നിന്ന് ആരംഭിക്കുന്നു. ഹിന്ദുവിശ്വാസപ്രകാരം, കാശി തീർത്ഥാടനം പൂർത്തിയാകണമെങ്കിൽ രാമേശ്വരം ക്ഷേത്രദർശനവും സേതുസ്നാനവും കൂടി വേണം.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമർപ്പിച്ച രാമേശ്വരം പേക്കുരുമ്പിലെ ഡോ. എ.പി.ജെ. അബ്ദുൾകലാം സ്മാരകം ദേശീയ ചരിത്രസ്മാരകങ്ങളുടെ മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്. പ്രവേശനകവാടം ഇന്ത്യാ ഗേറ്റിന്റെ മാതൃകയിലും. പിൻഭാഗം രാഷ്ട്രപതി ഭവന്റെ മാതൃകയിലും. 15 കോടി ചെലവഴിച്ച് ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ ആണ് രണ്ടു വർഷം കൊണ്ട് സ്മാരകം പൂർത്തിയാക്കിയത്. 45 അടി ഉയരവും നാലു ടൺ ഭാരവുമുള്ള അഗ്നി 2 മിസൈൽ മാതൃക ഇന്ത്യയുടെ മിസൈൽ മാനായി ഇവിടെ ഒരുക്കിയിട്ടുണ്ട്. കലാമിന്റെ ജീവിതവുമായി ബന്ധപ്പെട്ട 900 പെയിന്റിംഗും 200 അപൂർവചിത്രങ്ങളുമുണ്ട്. കലാമിന്റെ വെങ്കല പ്രതിമയും വീണ വായിക്കുന്ന മരത്തിൽ തീർത്ത പ്രതിമയും ഇവിടുണ്ട്. രാമേശ്വരം ക്ഷേത്രം സന്ദർശിക്കുന്ന തീർത്ഥാടകർ മോസ്ക് സ്ട്രീറ്റിലെ കലാമിന്റെ വീടും അന്ത്യവിശ്രമസ്ഥലവും സന്ദർശിക്കാൻ ഏറെ താത്പര്യം കാട്ടുന്നുണ്ട്. കലാമിന്റെ ബാല്യകാല സ്മരണകളിൽ നിറഞ്ഞു നിൽക്കുന്ന ധനുഷ് കോടിയിലേക്കുള്ള വഴിയിലാണ് കലാമിന്റെ വീട്.
കടലിന് അക്കരെ ഇക്കരെ 2065 മീറ്റർ നീളത്തിലുള്ള പാമ്പൻ പാലവും സഞ്ചാരികളെ രാമേശ്വരത്തേക്ക് ആകർഷിക്കുന്നു. കടലിന് കുറുകേയുള്ള ഇന്ത്യയിലെ ആദ്യപാലമാണിത്. 1911ൽ പണി തുടങ്ങി 1914ൽ പൂർത്തിയായി. സിലോണിലേക്ക് വ്യാപാരത്തിനായി ബ്രിട്ടീഷുകാരാണ് കടൽ നിരപ്പിൽ നിന്ന് പന്ത്രണ്ടര മീറ്റൽ ഉയരത്തിൽ നിർമിച്ചത്. റെയിൽപ്പാളം താഴെ കടലിൽ കപ്പൽ കടന്നു പോകുമ്പോൾ ഉയർത്താൻ കഴിയും വിധത്തിലാണ്. നൂറ് വർഷം പിന്നിട്ട പാമ്പൻ പാലം ബ്രിട്ടീഷ് നിർമാണ വൈദഗ്ദ്യത്തിന് മകുടം ചാർത്തുന്നു. 1964ൽ 240 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച ചുഴലികാറ്റിൽ ഈ പാലം തകർന്നു. അതിനുമുമ്പുവരെ മീറ്റർ ഗേജ് ട്രയിനിൽ ധനുഷ് ക്കോടി വരെ എത്താമായിരുന്നു. ചുഴലികാറ്റിൽ ധനുഷ്ക്കോടിയിലേക്കുള്ള റെയിൽപ്പാളവും തകർന്നു . ഏവരെയും അത്ഭുതപ്പെടുത്തി 46 ദിവസം കൊണ്ട് പാമ്പൻ പാലം പുനർ നിർമ്മിച്ചത് മലയാളിയായ മെട്രോമാൻ ഇ.ശ്രീധരനായിരുന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലാണ് ഇന്ന് പാമ്പൻ പാലം. 2009ൽ ഈ പാലത്തോട് ചേർന്ന് മധുര റോഡിൽ നിന്ന് രാമേശ്വരത്തെത്താവുന്ന പാലവും പൂർത്തിയായതോടെയാണ് രാമേശ്വരം ദ്വീപിലേക്ക് സഞ്ചാരികൾ ഏറെ എത്തി തുടങ്ങിയത്. രാമേശ്വരം പാലത്തിലൂടെ ട്രെയിൻ യാത്രയിൽ കടൽവെള്ളത്തിന്റെ സാമീപ്യവും തിരകളുടെ ഹുങ്കാരവും നമുക്ക് തൊട്ടറിയാം. പാമ്പൻ പാലത്തിലൂടെ ട്രെയിൻ കടന്നു പോകുന്നതും പാളം ഉയർത്തി കപ്പൽ കടന്നു പോകുന്നതുകാണാൻ ഏറെ സഞ്ചാരികളാണ് ട്രെയിൻ സമയം നോക്കി എത്തുന്നത്. ഡോ എ.പി.ജെ അബ്ദുൾകലാം രാഷ്ട്രപതി ആയതോടെയാണ് മീറ്റർ ഗേജ് മാറ്റിയത് ഇരട്ട പാളങ്ങളോടെ ബ്രോഡ് ഗേജ് ആക്കിയതും.