മലനാടിന്റെ മനോഹാരിത മുഴുവൻ പകർത്തിവച്ച ഗ്രാമമാണ് പൂവച്ചൽ. അഗസ്ത്യാർകൂടത്തിലേക്ക് ദർശനമുള്ള വീട്ടിൽ, പ്രകൃതി നാദവും താളവും പകരുന്ന അന്തരീക്ഷത്തിൽ കവിതയ്ക്ക് പേറ്റുനോവുണ്ടായ നിമിഷത്തിൽ പിറന്ന കുഞ്ഞാണ് മുഹമ്മദ് അബ്ദുൾ ഖാദർ എന്ന പൂവച്ചൽ ഖാദർ. സാമ്പത്തികമായി ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത കൂട്ടുകുടുംബത്തിൽ കൃഷിയും കച്ചവടവും ഒരേ സമയം നടത്തിവന്നിരുന്നു അച്ഛൻ അബൂബക്കർ പിള്ള. അമ്മ റാബിയത്തൂൽ അദബിയാ ബീവി, കൂടെ പിറപ്പുകളായി മൂന്ന് ജ്യേഷ്ഠസഹോദരിമാർ, ഒരു ജ്യേഷ്ഠൻ ഒരു അനുജൻ. പാടശേഖരങ്ങളും കുന്നിൻച്ചരിവുകളും പാറക്കെട്ടുകളും തോടുകളും സമതലങ്ങളുമെല്ലാമടങ്ങിയ പ്രകൃതി ഖാദറിന്റെ മനസിൽ ചിത്രങ്ങൾ വരച്ചു കൊണ്ടിരുന്നു.
വിദ്യാലയ ജീവിതം തുടങ്ങിയതോടെ അക്ഷരസല്ലാപം ആരംഭിച്ചു. അദ്ധ്യാപകനായ വിശ്വേശരൻ നായർ കയ്യെഴുത്ത് മാസികയായ 'കൈരളി"യ്ക്ക് വേണ്ടി കവിതയെഴുതാൻ നിർദ്ദേശിച്ചതാണ് ജീവിതത്തിൽ വഴിത്തിരിവായത്. അന്ന് കിട്ടിയ പ്രശംസയും അഭിനന്ദനവും ഇന്നും ഓർമ്മയിൽ തെല്ലും മങ്ങാതെ നിൽപ്പുണ്ട്. ഉപരിപഠനത്തിനായി തിരഞ്ഞെടുത്തത് എൻജിനീയറിംഗ് മേഖലയായിരുന്നു. എത്രയും വേഗം ജോലി സമ്പാദിക്കണമെന്ന ആഗ്രഹമായിരുന്നു അതിന് പിന്നിൽ. അപ്പോഴും വായന കൈമോശം വന്നില്ല. ഇരുപത്തിമൂന്നാമത്തെ വയസിൽ കോഴിക്കോട് പൊതുമരാമത്ത് വകുപ്പിൽ ജോലി ലഭിച്ചു. ഇതോടെ മൈലാഞ്ചിയണിഞ്ഞ് ഒപ്പനപ്പാട്ടിനൊപ്പം നൃത്തം ചവിട്ടുന്ന കല്ലായിപ്പുഴയും ഖവാലിയും കെസ്സും ഗസലും ഈണമിടുന്ന മിഠായിത്തെരുവിന്റെ മധുരിമയിലേക്ക് കവിഹൃദയം പറിച്ചു നട്ടു.
ചന്ദ്രിക വാരികയുടെ എഡിറ്ററായിരുന്ന കഥാകാരനും കവിയും ഗാനരചയിതാവുമായ കാനേഷ് പൂനൂർ, എം.എൻ. കാരശേരി, യു.കെ. കുമാരൻ, ഷെരീഫ്, കെ. എസ്. കൃഷ്ണൻ, പി.എം. ശ്രീധരൻ തുടങ്ങിയവരുമായുള്ള സൗഹൃദസദസുകൾ പിന്നീട് നിറഞ്ഞ വസന്തമായി. കോഴിക്കോട്,തിരുവനന്തപുരം ആകാശവാണിക്ക് വേണ്ടി നാടകത്തിനും സംഗീതപഠനത്തിന് വേണ്ടിയും ഗാനങ്ങളും ലളിതഗാനങ്ങളും എഴുതിത്തുടങ്ങി. അക്കാലത്ത് സംഗീത സംവിധായകനായ രാഘവൻ മാഷുമായി സൗഹൃദത്തിലാവുകയും ചെയ്തു. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പൂവച്ചൽ ഖാദർ എന്ന പേരിൽ എഴുതിയതോടെ സ്വന്തം നാടും പ്രശസ്തിയിലേക്കുയർന്നു. ഔദ്യോഗിക കാര്യങ്ങളെ ഇതൊന്നും ബാധിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധ ചെലുത്തി. ഇതിനിടയിൽ ബാബുരാജിനെ സന്ദർശിക്കാനും അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാനുമുള്ള ഭാഗ്യവുമുണ്ടായി.
ഐ.വി. ശശി അന്ന് ചന്ദ്രിക മാസികയ്ക്ക് വേണ്ടി ചിത്രങ്ങൾ വരയ്ക്കുമായിരുന്നു. ഈ ബന്ധം 'കവിത" എന്ന ചിത്രത്തിന് വേണ്ടി കവിതയെഴുതാൻ നിമിത്തമായി. 1972 ൽ മദിരാശിയിലേക്ക് യാത്രയായി. വിജയനിർമ്മല സംവിധാനം ചെയ്ത സിനിമയിൽ സംഗീതം പകർന്നത് രാഘവൻ മാഷായിരുന്നു. കോടമ്പാക്കത്ത് അനുഭവിക്കേണ്ടി വരുന്ന യാതനകളേതുമില്ലാതെ 'വേദം അവതരിപ്പിക്കുന്ന അല്ലാഹുവാണ് എന്റെ രക്ഷാധികാരി" എന്ന പരിശുദ്ധ ഖുറാനിലെ വാചകം ഈ നല്ല മനുഷ്യനിലൂടെ കാലം തെളിയിക്കാൻ തുടങ്ങി.
ആദ്യമായി ഗാനരചന നിർവഹിച്ചത് പീറ്റർ രൂപന്റെ സംഗീതസംവിധാനത്തിൽ 'കാറ്റ് വിതച്ചവൻ" എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. യേശുദാസ് പാടിയ 'മഴവില്ലിനജ്ഞാത വാസം കഴിഞ്ഞു" എന്ന പാട്ട് മനസിന്റെ മടിത്തട്ടിലെന്നും ലാളിച്ചിരുന്ന അഗസ്ത്യാർ കൂടത്തിന്റെ അഴക് ഏഴ് വർണ്ണങ്ങളായി വിടർത്തി കേരളക്കരയാകെ ചാരുത പടർത്തി.
കവിത, ആകസ്മികമായും പാട്ട് സാഹചര്യത്തിന് വേണ്ടിയും രൂപം കൊള്ളുന്നതാണെന്ന പക്ഷക്കാരനാണ് അദ്ദേഹം.. ഭൂമിയുമായും സംസ്കാരവുമായും കെട്ടുപിണഞ്ഞ പാട്ടുകൾ ഒത്തൊരുമയുടെ പ്രതീകം കൂടിയായിരുന്നു. ഐ.വി.ശശിയുടെ ആദ്യ ചിത്രമായ 'ഉത്സവ"ത്തിലെ എ.ടി. ഉമ്മർ സംഗീത സംവിധാനം ചെയ്ത സ്വയംവരത്തിന് പന്തലൊരുക്കി നമുക്ക് നീലാകാശം, ആദ്യസമാഗമ ലജ്ജയിലാതിരാ താരകം കണ്ണടയ്ക്കുമ്പോൾ തുടങ്ങിയ ഗാനങ്ങൾ സംഗീതസീമയ്ക്കതിരുകളില്ലെന്ന് തെളിയിച്ചു. അങ്ങനെ പാട്ടിന്റെ വഴിയിൽ എ.ടി. ഉമ്മർ ഉറ്റമിത്രമായി മാറുകയും ചെയ്തു. ഇതിനിടയിൽ ജീവിത സഖിയായി അമീന എത്തി. 1979 ൽ പുറത്തിറങ്ങിയ കായലും കയറുമെന്ന ചിത്രത്തിൽ തെന്നിന്ത്യയിലെ മികച്ച സംഗീത സംവിധായകനായ കെ.വി. മഹാദേവന്റെ ഈണത്തിൽ മലയാളിയായ പുകഴേന്തിയുടെ സാന്നിദ്ധ്യത്തിൽ 'ശരറാന്തൽ തിരിതാണു, മുകിലിൻ കുടിലിൽ...",'ചിത്തിരത്തോണിയിലക്കരെപോകാൻ..." എന്നീ പാട്ടുകളോടെ തിരക്ക് വർദ്ധിച്ചു. അതോടെ, ജോലിയിൽ നിന്ന് അവധിയെടുത്ത് മദ്രാസിൽ താമസമാക്കി. മുൻഗാമികളെ ഗുരുനാഥൻമാരായി മനസിൽ പ്രതിഷ്ഠിച്ച് എഴുത്ത് തുടർന്നു. വയലാർ, പി. ഭാസ്കരൻ, ഒ.എൻ.വി, ശ്രീകുമാരൻ തമ്പി,യൂസഫ് അലി കേച്ചേരി, ബിച്ചു തിരുമല തുടങ്ങിയ പ്രമുഖരുടെ ഗാനങ്ങൾക്കൊപ്പം ഖാദറിന്റെ പാട്ടുകൾക്കും സ്ഥാനം ലഭിച്ചു. 'തകര" എന്ന ചിത്രത്തിന് വേണ്ടി എം.ജി. രാധാകൃഷ്ണൻ ഈണം നൽകി എസ്. ജാനകി പാടിയ 'മൗനമേ...നിറയും മൗനമേ..." എന്ന പാട്ടുമാത്രം മതിയാകും അർത്ഥതലങ്ങളുടെ മാസ്മരിക പ്രപഞ്ചം സൃഷ്ടിക്കുന്ന പൂവച്ചൽ ഖാദറിന്റെ മഹത്വം മനസിലാക്കാൻ. പ്രശസ്തരായ എല്ലാ സംഗീത സംവിധായകരും തന്റെ ഗാനങ്ങൾക്ക് ഈണമിട്ടതിലെ സന്തോഷത്തിനൊപ്പം ദക്ഷിണാമൂർത്തി സ്വാമികളുമായി അവസരം ലഭിക്കാതിരുന്നതിന്റെ ദുഃഖം ലളിതഗാനസംഗീതത്തിലൂടെ ആശ്വാസം പകരുന്നുണ്ട്.
ദേവരാജൻ, ബാബുരാജ്, എം.ജി. രാധാകൃഷ്ണൻ, രാഘവൻ, എ.ടി. ഉമ്മർ, യേശുദാസ്, എം. എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ, ജെറി അമൽദേവ്, ജയ വിജയ, കെ.വി. മഹാദേവൻ, ശങ്കർ ഗണേഷ്, ഗംഗൈ അമരൻ, ഇളയരാജ, രഘുകുമാർ, ശ്യാം, ഔസേപ്പച്ചൻ, റാം ലക്ഷ്മൺ, ജോൺസൺ, കണ്ണൂർ രാജൻ, രാജസേനൻ തുടങ്ങിയവരുടെ സംഗീതത്തിൽ ഗാനശാഖയ്ക്ക് അതിമധുരമായ സംഭാവനകൾ നൽകി. എം.ജി. രാധാകൃഷ്ണന്റെ സംഗീത സംവിധാനത്തിൽ രാമായണക്കിളി ശാരികപ്പൈങ്കിളി..., ജയദേവ കവിയുടെ ഗീതികൾ കേട്ടെന്റെ രാധേ ഉറക്കമായോ..." എന്നീ ലളിതഗാനങ്ങൾ യുവജനോത്സവ മത്സരവേദികളിൽ നിറസാന്നിദ്ധ്യമായി. ദൂരദർശനും മറ്റു മാദ്ധ്യമങ്ങൾക്ക് വേണ്ടിയും തൂലിക ചലിപ്പിച്ചിട്ടുണ്ട്. ആൽബങ്ങൾക്ക് വേണ്ടിയും ഗാനങ്ങളെഴുതുന്നു. 1980 മുതൽ 1995 വരെ സിനിമാ ഗാനശാഖയിൽ സജീവസാന്നിദ്ധ്യമായി. തുടക്കത്തിൽ ഗാനത്തിൽ നിന്നും ഈണവും പിന്നീട് ഈണത്തിൽ നിന്നും ഗാനവും ഉണർന്നു. ചട്ടക്കൂട്ടിനുള്ളിൽ ഗാനമൊതുങ്ങുമ്പോഴും നിലവാരമുള്ള നല്ല ഗാനങ്ങൾ ഉടലെടുത്തു. താരമൂല്യം നിലനിർത്തുന്ന രീതിയിലുള്ള ചിത്രങ്ങളുടെ വരവോടെ എവിടെയിരുന്നും ഗാനരചന നിർവ്വഹിക്കാമെന്നായി.
'മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ' 'ചിഞ്ചിലും തേൻമൊഴിച്ചിത്തുകൾ" (ചിത്രം: ദശരഥം, സംഗീതം: ജോൺസൺ) തുടങ്ങിയ ഗാനങ്ങൾ തീവണ്ടിയാത്രയ്ക്കിടെ പിറന്നതാണ്. ശ്രീകുമാരൻ തമ്പി അവതാരികയെഴുതിയ തന്റെ തിരഞ്ഞെടുത്ത ഗാനങ്ങളുടെ സമാഹാരമായ 'ചിത്തിരത്തോണിയും, പാടുവാൻ പഠിക്കുവാൻ, കളിവീണ' എന്നീ കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ നാടകങ്ങളും രചിച്ചിട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് ഗാനരചയിതാവെന്ന നിലയിൽ പേരും പ്രശസ്തിയും ലഭിച്ചത്. മദ്രാസിലെ പതിനഞ്ച് വർഷത്തെ ജീവിതത്തെ തുടർന്ന് തിരുവനന്തപുരത്ത് താമസമാക്കുകയും ജലസേചന വകുപ്പിൽ എൻജിനീയറായി പുനഃപ്രവേശിക്കുകയും വിരമിക്കുകയും ചെയ്തു. സഞ്ചാരപഥത്തിന് താങ്ങും തണലുമായി കുടുംബം കൂടെയുണ്ട്.
കുളിരായി, നനുത്ത കാറ്റായി, പെയ്തൊഴിയാതെ മലയാളക്കരയെ പുളകം കൊള്ളിക്കുന്ന ആയിരത്തിയഞ്ഞൂറോളം ഗാനങ്ങൾ. ഇവയുടെ രചയിതാവായ ശുദ്ധനും സൗമ്യനും സംതൃപ്തനുമായ പച്ചയായ മനുഷ്യൻ. അതിശയകരമായി,വിചാരിക്കാത്ത മേഖലകളിലൂടെ കടന്നുപോയ സഞ്ചാരിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന പതിതയും പരിഭവവുമില്ലാതെ നന്മകളുടെ കേദാരമായ പൂവച്ചൽ ഖാദറെന്ന അപൂർവ പ്രതിഭയ്ക്ക് മുന്നിൽ കൈരളിയെന്നും കൈവണങ്ങും.
(ലേഖികയുടെ ഫോൺ : 9446570573)