പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസിൽ വീട്ടിലെ സംസാരഭാഷ പറഞ്ഞതിന് ടീച്ചർ ഡെസ്കിൽ കയറ്റി നിറുത്തിയത് ഓർമയുണ്ട് അനിൽകുമാറിന്. വർഷങ്ങൾക്കിപ്പുറം അതേ ഭാഷയ്ക്ക് ഒരു പുസ്തകവുമായി എത്തിയിരിക്കുകയാണ് ഈ യുവാവ്. തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ മുതൽ അഞ്ചുതെങ്ങ് വരെയുള്ള തീരപ്രദേശത്തെ തനതായ സംസാരഭാഷയാണ് ഡി. അനിൽകുമാർ 'കടപ്പെറപാസ" എന്ന പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. ഇതിൽ കൃത്രിമത്വവും പൊരുത്തക്കേടും ഉണ്ടാവില്ലെന്ന് ഉറപ്പാണ്. കാരണം ഒരു മത്സ്യത്തൊഴിലാളിയുടെ മകനായി ജനിച്ച്, ഇതേ ഭാഷ സംസാരിച്ച്, കടലിന്റെ താരാട്ടേറ്റ് വളർന്ന അനിലിന് തെറ്റുപറ്റുന്നതെങ്ങനെ.... ഒറ്റപ്പെട്ടു പോകുന്ന ഭാഷകളെക്കുറിച്ച് ബോദ്ധ്യമുണ്ടായിരുന്നു വിഴിഞ്ഞം സ്വദേശിയും കവിയുമായ ഇദ്ദേഹത്തിന്. കവിതകളിൽ തന്റെ വാമൊഴി ഉപയോഗിക്കാറുമുണ്ട്. അനുഭവം കൊണ്ടും നിരീക്ഷണം കൊണ്ടും സൂക്ഷ്മമായാണ് ഈ നിഘണ്ടു തയ്യാറാക്കിയിരിക്കുന്നതും.
ലാറ്റിൻ ക്രിസ്ത്യൻ വിഭാഗത്തിലായി ഏതാണ്ട് 52 തുറകളിൽ പ്രയോഗത്തിലുള്ള ഭാഷയും പദങ്ങളുമാണ് കടപ്പെറപാസയിലുള്ളത്. 1200ലധികം വാക്കുകളെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആദ്യം കേൾക്കുന്നവരിൽ കൗതുകം ജനിപ്പിക്കും തമിഴും മലയാളവും കലർന്നതും എന്നാൽ അത് രണ്ടുമല്ലാത്ത ഈ ഭാഷ. സുറിയാനി, ലത്തീൻ, പോർച്ചുഗീസ് സ്വാധീനവും കാണാൻ കഴിയും. പ്രവ്ദ ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകം ചുരുങ്ങിയ ദിവസത്തിനുള്ളിൽ രണ്ടാംപതിപ്പും പുറത്തിറക്കിക്കഴിഞ്ഞു.
ഭാഷയെക്കുറിച്ചുള്ള പഠനം, നിഘണ്ടു, പ്രയോഗങ്ങൾ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. അക്ക, അളുവ, ആങ്കറ്, അങ്ക്, ഏലംപോടൽ, എരണവെള്ളി, ചിന്നാരവിരൽ, നാസി, ലമാ, വിലങ്ക് തുടങ്ങി നിരവധി പദങ്ങളും ശൈലികളും മത്സ്യമേഖലയിലെ തനതായ പ്രയോഗങ്ങളുമടക്കം ഭാഷയ്ക്ക് വലിയ മുതൽകൂട്ടാവുകയാണ് കടപ്പെറപാസ.
മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അനിൽകുമാർ കാര്യവട്ടം കാമ്പസിൽ ഗവേഷക വിദ്യാർത്ഥിയാണ്. രണ്ട് കവിതാസമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്.