ജോണും സുധാകരനും ഉറ്റ സുഹൃത്തുക്കൾ. നാല്പത് വർഷത്തിലേറെയായി അവരുടെ സൗഹൃദബന്ധത്തിന് സാമ്യങ്ങളേക്കാൾ വൈരുദ്ധ്യങ്ങളാണ് അധികം. അതൊന്നും അവരുടെ ബന്ധത്തെ ബാധിക്കാറില്ല. കടുത്ത വിശ്വാസിയാണ് ജോൺ. സുധാകരൻ തികഞ്ഞ യുക്തിവാദിയും. അവസാനശ്വാസം വരെയും ഈശ്വരശക്തിയും വിശ്വാസവും കൂടെയുണ്ടാകണേ എന്നാണ് ജോണിന്റെ എപ്പോഴുമുള്ള പ്രാർത്ഥന. യുക്തി വാദത്തിനപ്പുറം ഒന്നുമില്ല, കാശുണ്ടെങ്കിൽ ജീവിക്കാം. ആരോഗ്യമുണ്ടെങ്കിൽ എണീറ്റു നടക്കാം. തളർവാതം പിടിച്ചു കിടക്കുന്നവനെ ദൈവം കൈ പിടിച്ചു നടത്തുമോ? എല്ലാം തട്ടിപ്പാണ്. കച്ചവടമാണ്. ഇതൊക്കെയാണ് സുധാകരന്റെ വാദമുഖങ്ങൾ. അതുകേട്ട് കൈയടിക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരും കുറവല്ല.
ജോണിന് ഭാര്യയും രണ്ട് കുട്ടികളും. സുധാകരൻ ഇപ്പോഴും അവിവാഹിതൻ. ഒരു പെൺതുണയില്ലെങ്കിലും ജീവിക്കാൻ പറ്റുമോ എന്ന് നോക്കാം. ഒറ്റയ്ക്കാകുമ്പോൾ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ മാത്രം നോക്കിയാൽ മതി. വിവാഹിതനായാൽ ഭാര്യ, മക്കൾ, ഭാര്യവീട്ടുകാർ, ബന്ധുക്കൾ അങ്ങനെ ആരുടെയെല്ലാം മുന്നിൽ വിട്ടുവീഴ്ചകൾ ചെയ്യണം. അതുമായി ബന്ധപ്പെട്ട് എന്തെല്ലാം കുരുക്കുകൾ. വല്ലാത്ത തൊന്തരവ് തന്നെ. പോണടത്തോളം ഒറ്റയ്ക്ക് പോകണം. എവിടെവച്ച് വീണാലും സാരമില്ല. സുധാകരന്റെ വാദങ്ങളെ പ്രയോജനമില്ലെങ്കിലും ജോൺ എതിർക്കും. അവിവാഹിതർ മാത്രമാണ് ബുദ്ധിമാന്മാർ,അവരാണ് സുഖത്തോടെ ജീവിക്കുന്നത് എന്ന ചിന്ത ശരിയല്ല. ഒറ്റത്തടി മരങ്ങൾ മാത്രമായാൽ എങ്ങനെ കാടുണ്ടാകും. ഒറ്റത്തിര മാത്രമായാൽ കടലാകുമോ. ഏതു ജീവിതത്തിലും സുഖദുഃഖങ്ങളുണ്ട്. അതെങ്ങനെ കാണുന്നു, എങ്ങനെ നേരിടുന്നു എന്നതിലാണ് വിജയം. ശരീരം തന്നെ കോശസമൂഹമല്ലേ. നാഡികൾ സമൂഹമല്ലേ. ജോണിയുടെ ന്യായങ്ങൾ സുധാകരൻ പരിഹാസത്തോടെ തള്ളിക്കളയും. കാലശേഷം തന്റെ സമ്പാദ്യം ഏതെങ്കിലും അനാഥാലയത്തിന് നൽകണമെന്നാണ് സുധാകരന്റെ മോഹം. ജോൺ അതിനോട് യോജിക്കുന്നു. യുക്തിവാദത്തിന് ജീവിതം ഉഴിഞ്ഞുവച്ച സുധാകരനും വിശ്വാസത്തിന് വേണ്ടി ജീവിക്കുന്ന ജോണും ഇത്രയും കാലം ഇത്ര ഐക്യത്തോടെ കഴിയുന്നതിലാണ് പലർക്കും അതിശയം.
കുടുംബത്തിരക്കുകൾക്കിടയിൽ ജോൺ സുധാകരനെ കണ്ടിട്ട് രണ്ടു മൂന്നാഴ്ചയായി. മകളുടെ ഒരു വിവാഹാലോചനയുമായി ബന്ധപ്പെട്ട ഓട്ടമായിരുന്നു. തിരക്കൊഴിഞ്ഞ് സുധാകരന്റെ ഒറ്രപ്പെട്ട വീട്ടിൽ ചെല്ലുമ്പോൾ ആളനക്കമില്ല. കതക് തുറന്നു കിടക്കുന്നു. ആളനക്കമുണ്ട് അകത്തു ചെല്ലുമ്പോൾ ഇടതു തുടയെല്ലുപൊട്ടി വച്ചു കെട്ടി കിടപ്പാണ്. തന്നെ അറിയിക്കാത്തതിന് ജോൺ ശരിക്ക് ശകാരിച്ചു. സുധാകരന്റെ മുഖത്ത് നല്ല ക്ഷീണമുണ്ടായിരുന്നു. ആത്മവിശ്വാസം പകുതിയായിരിക്കുന്നു. പ്രാഥമിക കൃത്യങ്ങൾക്ക് പിടിച്ചെഴുന്നേല്പിക്കാനും ശരീരം തുടച്ചു വൃത്തിയാക്കാനും ഒരാളെ കിട്ടി. ദിവസം ആയിരം രൂപ. കുടിച്ചുകൊണ്ടാണ് വരുന്നത്. മറുത്തൊന്നും പറയാറില്ല. അതുകേട്ട് വരാതിരുന്നാലോ.
ജോൺ സാന്ത്വനിപ്പിച്ചുകൊണ്ടിരുന്നു. വിവാഹം കഴിക്കാത്തത് തെറ്റായെന്ന് ആ കണ്ണുകൾ പറയും പോലെ. സ്വന്തം ആരോഗ്യം മാത്രം പോരാ എണീറ്റു നടക്കാൻ എന്ന് തിരിച്ചറിഞ്ഞ മുഖഭാവം. സുധാകരന്റെ കണ്ണുകൾ ഇടയ്ക്കിടെ നനയുന്നുണ്ടായിരുന്നു. 'നാളെ മുതൽ അതിരാവിലെ ഞാൻ വരാം. ഭക്ഷണവും കൊണ്ടുവരാം. എങ്കിലേ ഒരു വിശ്വാസിയുടെ ഹൃദയത്തിന് സമാധാനം കിട്ടൂ."കതകുപാതി ചാരിയിട്ട് ജോൺ അത്താഴം വാങ്ങാൻ പുറത്തേക്കിറങ്ങി. സുധാകരന്റെ കണ്ണുകൾ തനിക്കൊപ്പം വരുന്നപോലെ ജോണിന് തോന്നി.
(ഫോൺ: 9946108220)