സിനിമ സ്വപ്നം കണ്ടില്ലെങ്കിലും ഒട്ടും പ്രതീക്ഷിക്കാതെ ശരതിനെ സിനിമ വിളിച്ചു. ആദ്യ ചിത്രം സമ്മാനിച്ച വിജയം ഒട്ടും ചെറുതായിരുന്നില്ല. വില്ലനായി തുടങ്ങി, നായകനായും സഹനടനായുമെല്ലാം തിളങ്ങി. അന്യഭാഷാ ചിത്രങ്ങളിലും സജീവമായി. സ്വപ്നം കണ്ടിരുന്നതിനേക്കാൾ വലിയ മാറ്റമാണ് തന്റെ ജീവിതത്തിലുണ്ടായിരിക്കുന്നതെന്നാണ് അപ്പാനി രവി പറയുന്നത്.
''ജീവിതം മാറി, മലയാള സിനിമയുടെ ഭാഗമായി. വിവാഹം കഴിഞ്ഞു, ഇപ്പോൾ ഞങ്ങൾക്ക് കൂട്ടായി മകളും എത്തി. അങ്കമാലിക്ക് ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളാണ് ഇതൊക്കെയും. അതുപോലെ പുതിയ കാർ സ്വന്തമാക്കി. കൊച്ചിയിൽ ഫ്ളാറ്റിലേക്ക് ചേക്കേറാനും കഴിഞ്ഞു.'' ജീവിതത്തിന് പുതിയ നിറം വന്നതിന്റെ ആഹ്ളാദത്തിൽ ശരത് ചിരിച്ചു.
പഠനം പ്രണയത്തിലേക്ക്
രണ്ടു വർഷം പഠിക്കണമെന്ന ആഗ്രഹത്തിലാണ് ഇരുപത്തിയാറാം വയസിൽ എം.എ നാടക വിദ്യാർത്ഥിയായി ശ്രീശങ്കരാ കോളേജിൽ എത്തുന്നത്.അതുവരെ പുറത്ത് പൊള്ളുന്ന ജീവിതാനുഭവങ്ങളും അമച്വറും പ്രൊഫഷണലും തെരുവുനാടകങ്ങളും കഴിഞ്ഞ് ഒന്നുമാകാതെ നിന്ന ശേഷമാണ് അഭിനയം പഠിക്കാൻ എത്തിയത്. രാവിലെ കോളേജിൽ. വൈകിട്ട് കോളേജിന് മുന്നിലെ ഹോട്ടലിൽ തൊഴിലാളി. മാസം ആയിരത്തിഅഞ്ഞൂറു രൂപ വീതം വീട്ടിൽ അയയ്ക്കും. നല്ല വരുമാനം. ജീവിതത്തിൽ ചെയ്യാത്ത ജോലികളില്ല. നാടകത്തിൽ ചെയ്യാത്ത 'വേഷങ്ങളും". രണ്ടായിരത്തിലധികം തെരുവുനാടകങ്ങളിൽ അഭിനയിച്ചു. അഭിനയം പഠിക്കണമെന്ന ആഗ്രഹം പിന്നെ തോന്നി. ഏറെ പ്രതീക്ഷയിൽ പഠിപ്പിസ്റ്റായി പോകുമ്പോഴാണ് രേഷ്മയുടെ വരവ്. സിനിമയിലെ പാസിംഗ് ഷോട്ട് പോലെ എപ്പോഴൊക്കെയോ രേഷ്മ മുന്നിലൂടെ കടന്നു പോയി. അത് ഒരു കൗതുക കാഴ്ചയായി തോന്നി. കാരണം, അവർ ഇരട്ടകളാണ്. രണ്ടുപേരും ഒരേ ക്ളാസിൽ.ചേച്ചി രമ്യ,അനിയത്തി രേഷ്മ.
നാടകം വഴി സിനിമ
കോളേജിൽ പഠിക്കുമ്പോൾ നാടകത്തിൽ സജീവമായിരുന്നു. നാടകത്തിൽ അഭിനയിക്കുമ്പോഴും സിനിമ തന്നെയായിരുന്നു ലക്ഷ്യം. എങ്ങനെയും സിനിമയിൽ എത്തുക. അതിന് ആരെ കാണണമെന്ന് അറിയില്ല. തിരുവനന്തപുരം അരുവിക്കരയാണ് നാട്. അവിടുത്തുകാർക്ക് സിനിമ വിദൂര സ്വപ്നമാണ്. കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ അങ്കമാലി ഡയറീസിന്റെ ഓഡിഷൻ നടക്കാൻ പോവുന്ന വിവരം ഒരു ദിവസം അറിഞ്ഞു. ഒാഡിഷൻ കഴിഞ്ഞ് ഇറങ്ങുമ്പോൾ പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷേ സിനിമ എന്നെ വിളിച്ചു.
ലാലേട്ടൻ എന്ന സ്വപ്നം
ലാലേട്ടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ലാലേട്ടന്റെ കട്ട ഫാനാണ്. പുതിയ സിനിമകളുടെ റിലീസിന് തിരുവനന്തപുരത്ത് ലാലേട്ടന്റെ കട്ടൗട്ട് ഉയർത്തി നടന്ന ആളാണ് ഞാൻ. സിനിമ സ്വപ്നം കണ്ടിരുന്നു. എന്നാൽ ലാലേട്ടനൊപ്പമുള്ള അഭിനയം സ്വപ്നത്തിലില്ലായിരുന്നു. ദൈവം 'വല്ലാത്ത പണി" തന്നു! ദൈവം എപ്പോഴും കൂടെയുണ്ട്. ആഗ്രഹിച്ചതിലും കൂടുതൽ തന്നു. ഒരു തുടക്കകാരനായിട്ട് പോലും ലാലേട്ടന്റെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ചെറുതല്ല.
സമയം തെളിയുന്നുണ്ട്
ജീവിതത്തിന് പുതിയ നിറം വന്നു. വെളിപാടിന്റെ പുസ്തകത്തിന് ശേഷമാണ് നായക സിനിമകൾ എത്തുന്നത്.' കോണ്ടസ"കുഴപ്പമില്ലാതെ പോയി. സച്ചിൻ, അമല, ആൻഡ് ദ ഓസ്കർ ഗോസ് ടു, ലവ് എഫ്.എം എന്നീ സിനിമകൾ വരാൻ പോകുന്നു. തമിഴിൽ മണിരത്നം സാറിന്റെ സിനിമയിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. വിശാലിന്റെ സണ്ടക്കോഴി ടുവിൽ വില്ലൻ വേഷം ചെയ്തു. തമിഴിൽ നായകനായി അഭിനയിച്ച 'നെല്ല് " മാർച്ചിൽ എത്തും.ഓട്ടോ ശങ്കറെപ്പറ്റി ചെയ്ത വെബ്സീരീസ് വേറിട്ട അനുഭവമാണ്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ട്. മലയാളത്തിൽ മൂന്ന് സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കണമെന്നാണ് ആഗ്രഹം
പ്രളയം സമ്മാനിച്ച സന്തോഷം
അവന്തിക എന്നാണ് മോളുടെ പേര്. വീട്ടിൽ തീയ്യാമ്മ എന്നു വിളിക്കും. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയകാലത്തായിരുന്നു മകളുടെ ജനനം. തിരുവല്ലയ്ക്ക് അടുത്ത് കടപ്രയാണ് നാട്. വീട് അരയറ്റം വെള്ളത്തിലായി. ഉടൻ വെൺമണിയിൽ ബന്ധുവീട്ടിലേക്ക് മാറി. അവിടെ വെള്ളം കയറില്ലെന്ന ഉറപ്പിലാണ് പോയത്. ഒരു രാത്രി കൊണ്ട് വെള്ളം കയറി. രക്ഷാപ്രവർത്തകരെ കാത്ത് ഏറെ നേരമിരുന്നു. അന്ന് ഞാൻ സ്ഥലത്തില്ല. ഫോൺ, വൈദ്യുതി ബന്ധം നിലച്ചു. ഒടുവിൽ എഫ്.ബി ലൈവ് വന്നു. അതു കണ്ട് ആരൊക്കെയോ വന്നു രക്ഷപ്പെടുത്തി.
നായകനാകണമെന്നില്ല
സ്വപ്നം കാണുന്ന ആളാണ് ഞാൻ. സിനിമയിൽ എന്തെങ്കിലും ആയിത്തീരണമെന്ന് സ്വപ്നം കണ്ടു. ലിജോ ജോസ് സാറിലൂടെയാണ് അത് യാഥാർത്ഥ്യമായത്. അപ്പാനി ശരത്തിന്റെ സിനിമ കാണാൻ പ്രേക്ഷകർ കാത്തിരിക്കുന്ന ദിവസം വരുന്നതാണ് അടുത്ത സ്വപ്നം. അത് വരാതിരിക്കില്ല. ഞങ്ങൾ രണ്ടുപേരും ചേർന്ന് നാടക-നൃത്ത ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാൻ ആലോചനയുണ്ട്. അപ്പാനി രവി എന്ന് വിളിച്ചവർ ഇപ്പോൾ അപ്പാനി ശരത് എന്ന പേര് തന്നു. സിനിമയിൽ നായകനാവണമെന്നില്ല. ചെറിയ വേഷം ലഭിച്ചാലും അഭിനയിക്കും. അരുവിക്കരക്കാരനെ മനസ് അറിഞ്ഞ് സ്നേഹിച്ചത് കാലടിക്കാരും അങ്കമാലിക്കാരുമാണ്. ആ സ്നേഹം എന്നും ഉണ്ടാവും.