dead

കൊൽക്കത്ത: ആറാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ബംഗാളിലെ ജാർഗ്രാമിൽ ബി.ജെ.പി പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രമൺ സിംഗാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാൽ, ആരോപണം തൃണമൂൽ നിഷേധിച്ചു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു.

അതേസമയം, ഈസ്റ്റ് മേദിനിപൂരിൽ രണ്ടു ബി.ജ.പി പ്രവർത്തകർക്ക് വെടിയേറ്റു. ആനന്ദ് ഗുജയ്ക്ക്, രഞ്ജിത് മെയ്തി എന്നിവർക്കാണ് വെടിയേറ്റത്. വോട്ടെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ സംസ്ഥാനത്ത് പലയിടത്തും ബി.ജെ.പി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. ജാർഗ്രാമടക്കം എട്ട് മണ്ഡലങ്ങളിലാണ് ബംഗാളിൽ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

59 മണ്ഡലങ്ങളിലായി 979 സ്ഥാനാർത്ഥികളാണ് ഇന്ന് വിധിയെഴുതുക. ബിഹാറിലും മദ്ധ്യപ്രദേശിലും ബംഗാളിലും എട്ടുവീതവും, ജാർഖണ്ഡിൽ നാലും ഉത്തർപ്രദേശിൽ പതിന്നാലും, ഹരിയാനയിൽ പത്തും, ഡൽഹിയിൽ ഏഴു മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യ(കോൺ.), ഷീലാ ദീക്ഷിത്(കോൺ.), അഖിലേഷ് യാദവ് (എസ്.പി) ഡോ. ഹർഷവർധൻ(ബി.ജെ.പി.), ജെ.പി. അഗർവാൾ(കോൺ), മീനാക്ഷി ലേഖി(ബി.ജെ.പി.), അജയ് മാക്കൻ(കോൺ), മനോജ്തിവാരി (ബി.ജെ.പി.), ഗൗതംഗംഭീർ(ബി.ജെ.പി.), ഹൻസ്രാജ് ഹാൻസ്(ബി.ജെ.പി.) തുടങ്ങിയവരാണ് ആറാംഘട്ടത്തിൽ മത്സരിക്കുന്ന പ്രമുഖർ.