കാസർകോട് : കേരള പൊലീസിലെ പോസ്റ്റൽ ബാലറ്റ് വിവാദം കനക്കുന്നു. പൊലീസ് സേനയിലെ യു.ഡി.എഫ് അനുഭാവികളായ ഉദ്യോഗസ്ഥർ പോസ്റ്റൽ ബാലറ്റിനായി അപേക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് പുതിയ ആരോപണം. കാസർകോട് മണ്ഡലത്തിലെ ബേക്കൽ പൊലീസ് സ്‌റ്റേഷനിലെ മുപ്പത്തിമൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കാണ് ബാലറ്റ് ലഭിക്കാതിരുന്നത്. ഇവിടെ നിന്നും 44 ഉദ്യോഗസ്ഥരാണ് പോസ്റ്റൽ ബാലറ്റിനായി അപേക്ഷിച്ചിരുന്നത്. എന്നാൽ ഇതിൽ പതിനൊന്ന് പേർക്ക് മാത്രമാണ് ബാലറ്റ് ലഭിച്ചത്. അതേ സമയം അപേക്ഷിച്ച എല്ലാവർക്കും പോസ്റ്റൽ ബാലറ്റ് നൽകിയിട്ടുണ്ടെന്നാണ് റിട്ടേണിംഗ് ഓഫീസർ വ്യക്തമാക്കുന്നത്.
യു.ഡി.എഫ് അനുഭാവികളായ ഉദ്യോഗസ്ഥരുടെ ബാലറ്റ് അവർക്ക് ലഭിക്കാതിരുന്ന സംഭവത്തിൽ കളക്ടർക്ക് പരാതി നൽകിയിരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥരിപ്പോൾ. കേരളത്തിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ കള്ളവോട്ട് ആരോപണമുയർന്നിരുന്നു.
ഇതിന് പിന്നാലെയാണ് പൊലീസ് സേനയിൽ പോസ്റ്റൽ ബാലറ്റിൽ തിരിമറി നടന്നതായുള്ള ആരോപണം ഉയർന്നത്. സേനയിലെ ഉദ്യോഗസ്ഥരിൽ നല്ലൊരു പങ്കും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സംസ്ഥാനത്തിനകത്തും പുറത്തും നിയോഗിക്കുന്നതിനാൽ പോസ്റ്റൽ വോട്ടുകളാണ് ചെയ്യുന്നത്. അമ്പതിനായിരത്തിലധികം പോസ്റ്റൽ വോട്ടുകളാണ് പൊലീസ് വിഭാഗത്തിലേക്ക് അപേക്ഷ പ്രകാരം നൽകിയത്. വിവാദമുയർന്ന പശ്ചാത്തലത്തിൽ നിലവിലെ വോട്ട് റദ്ദാക്കി പോസ്റ്റൽ ബാലറ്റുകൾ വീണ്ടും അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവടക്കം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.