thechikkkottukavu-ramacha

തൃശൂർ: വിവാദങ്ങൾക്കൊടുവിൽ പൂരത്തിന് കർശന ഉപാധികളോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തി. തുടർച്ചയായ ആറാം വർഷമാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നത്. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് ശ്രീമൂലസ്ഥാനത്തെത്തി അവിടെ നിന്നാണ് തിടമ്പ് രാമചന്ദ്രൻ ശിരസിലേറ്റിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നെയ്തലക്കാവിലമ്മയെ പുറത്തേറ്റി രാമചന്ദ്രന്‍ തെക്കേഗോപുരനട തുറന്നിടുന്നതോടെ പൂരത്തിനു തുടക്കമാകും.

നെയ്തലക്കാവിൽ നിന്ന് തിടമ്പേറ്റി വടക്കുംനാഥനിലേക്കെത്തുന്ന പതിവിന് വ്യത്യസ്ഥമായി ലോറിയിലാണ് ആനയെ വടക്കുംനാഥ ക്ഷേത്ര പരിസരത്ത് എത്തിച്ചത്. പൂര പ്രേമികളും ആനപ്രേമികളുമായി വലിയ ആൾക്കൂട്ടമാണ് ക്ഷേത്ര പരിസരത്ത്. തേക്കിൻകാട് മൈതാനത്തേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എത്തിച്ചപ്പോൾ ആവേശത്തോടെ പുരുഷാരം എത്തി. എന്നാൽ, ആർപ്പ് വിളിക്കരുതെന്ന മുന്നറിയിപ്പ് ദേവസ്വം ഭാരവാഹികൾ നൽകിയിരുന്നു. തിടമ്പേറ്റി പടിഞ്ഞാറെ നടയിൽ കൂടിയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്നത്. അതിന് ശേഷം ഭഗവതിയുടെ തിടമ്പേറ്റി തെക്കേ ഗോപുര നട തള്ളി തുറക്കുന്നതോടെയാണ് 36 മണിക്കൂർ നീളുന്ന പൂര ചടങ്ങുകൾക്ക് തുടക്കമാകുന്നത്.

ആനയുടെ പത്തുമീറ്റർ അകലത്തിൽ മാത്രമേ ആളുകൾ നിൽക്കാവൂ എന്നാണ് നിബന്ധന. എന്നാൽ, ഇപ്പോൾ തന്നെ പൂരത്തിനുള്ള ജനക്കൂട്ടം ക്ഷേത്രമുറ്റത്തുണ്ട്. ആരോഗ്യ പ്രശ്നങ്ങളും അക്രമ സ്വഭാവവുമുള്ള ആനയ്ക്ക് അനുമതി നൽകുന്ന കാര്യത്തിൽ അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും കർശന ഉപാധികളോടെയാണ് എഴുന്നെള്ളിക്കാൻ ധാരണയായത്.