isis

ന്യൂഡൽഹി : സിറിയയിലും ഇറാഖിലും വർഷങ്ങളോളം സമാന്തര ഭരണം നടത്തിയ തീവ്രവാദ സംഘടന ഐസിസ് ഇന്ത്യയിൽ തങ്ങളുടെ പ്രവിശ്യ സ്ഥാപിച്ചതായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ഐസിസ് വാർത്താ ഏജൻസിയായ 'അമാഖ്'ആണ് ഈ വിവരം പുറത്തു വിട്ടത്. ഇന്ത്യയിൽ 'വിലയാ ഒഫ് ഹിന്ദ്' എന്ന പേരിലാണ് ഐസിസ് പ്രവിശ്യയെ വിളിക്കുന്നത്. ഈ പ്രവിശ്യ കാശ്മീരിലാണ് കേന്ദ്രമാക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇതാദ്യമായിട്ടാണ് ഇന്ത്യയിൽ പ്രവിശ്യ സ്ഥാപിച്ചതെന്ന് ഐസിസ് അവകാശപ്പെടുന്നത്. എന്നാൽ ഇന്ത്യയെപ്പോലെ അതിശക്തമായ സൈനിക ശക്തി സ്വായത്തമാക്കിയ രാജ്യത്ത് ഐസിസ് പ്രവിശ്യ പ്രഖ്യാപനം വെറും പേരിൽ ഒതുങ്ങുമെന്നാണ് ഇസ്ലാമിക ഭീകരരെ നിരീക്ഷിക്കുന്ന അമേരിക്കൻ സ്ഥാപനമായ സൈറ്റ് ഇന്റൽ ഗ്രൂപ്പിന്റെ വിലയിരുത്തൽ. പക്ഷേ ഇത്തരത്തിലൊരു വെല്ലുവിളിയെ നിസാരമായി തള്ളരുതെന്നും സൈറ്റ് ഇന്റൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഐസിസ് പ്രവിശ്യാ പ്രഖ്യാപനത്തിന് തക്ക മറുപടിയാണ് ഷോപ്പിയാൻ ജില്ലയിലെ അംശിപോറയിൽ സൈന്യം നൽകിയത്. അടുത്തിടെ ഐസിസ് പാളയത്തിലെത്തിയ കൊടും ഭീകരനെ ഏറ്റുമുട്ടലിലൂടെ വധിച്ചാണ് സൈന്യം ഐസിസിന് മുന്നറിയിപ്പ് നൽകിയത്. ഇഷ്ഫാഖ് അഹമ്മദ് സോഫി എന്ന കൊടും ഭീകരനെയാണ് സൈന്യം മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിലൂടെ വധിച്ചത്. പത്ത് വർഷത്തിലേറെയായി കാശ്മീരിലെ വിവിധ ഭീകര ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സോഫി പിന്നീട് ഐസിസിലേക്ക് മാറുകയായിരുന്നു എന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. ശ്രീനഗറിലെ ഐസിസ് അനുഭാവമുള്ള ഒരു മാഗസിന് സോഫി നൽകിയ ഇന്റർവ്യൂവിലും ഇയാളുടെ ഐസിസ് ബന്ധം വെളിപ്പെടുത്തിയിരുന്നു. സുരക്ഷാ സേനയ്ക്ക് നേരെ നടന്ന നിരവധി ഗ്രനേഡ് ആക്രമണങ്ങളിൽ ഇയാൾ പങ്കാളിയായിരുന്നു. കാശ്മീരിൽ അവശേഷിച്ച ഏക ഐസിസ് ഭീകരനായിരിക്കാം സോഫി എന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു.

isis

സൈനിക നടപടികൾ തുടരുമ്പോൾ തന്നെ പ്രാദേശികമായി ഐസിസിന് പിന്തുണ നൽകുന്നവരെ വേരോടെ പിഴുതെടുക്കാനായി അന്വേഷണം വ്യാപിപ്പിക്കുകയാണ് കേന്ദ്ര സുരക്ഷാ ഏജൻസികൾ. സോഷ്യൽ മീഡിയയിലൂടെ തീവ്ര ആശങ്ങൾ പ്രചരിപ്പിക്കയും വിദേശത്തടക്കമുള്ള തീവ്ര ഗ്രൂപ്പുകളുമായി ആശയ വിനിമയം നടത്തുന്നവരെയും നീരീക്ഷണത്തിലാക്കിയിരിക്കുകയാണ് കേന്ദ്ര സരക്ഷാ ഏജൻസികൾ. ശ്രീലങ്കയിലെ ചാവേർ ആക്രമണം ഉൾപ്പെടെ അടുത്തിടെ ഐസിസ് ആക്രമണങ്ങൾ തെക്കേ ഏഷ്യ കേന്ദ്രീകരിച്ച് വർദ്ധിച്ചിരിക്കുകയാണ്. ബംഗ്ലാദേശിലും ഐസിസ് പിടിമുറുക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ശ്രീലങ്കയിലെ ഭീകരാക്രമണം അതിന്റെ ആസൂത്രണത്തിന്റെ തലം മുതൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഈ വിവരങ്ങൾ ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നെങ്കിലും ആക്രണമം പരാജയപ്പെടുത്താൻ ശ്രീലങ്കയിലെ സുരക്ഷാ ഏജൻസികൾക്ക് കഴിഞ്ഞിരുന്നില്ല. ശ്രീലങ്കൻ സ്ഥോടനത്തിന് തൊട്ട് പിന്നാലെ എൻ.ഐ.എ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി സ്ഥലങ്ങളിൽ റെയിഡ് നടത്തിയിരുന്നു. തെക്കേ ഏഷ്യയിൽ ഐസിസിലേക്ക് പുതുതായി ആളെചേർക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വർദ്ധിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കാശ്മീർ കഴിഞ്ഞാൽ കേരളവും തമിഴിനാടുമടക്കമുള്ള തെക്കേ ഇന്ത്യയിൽ നിന്നുമാണ് ഏറെപ്പേർ ഐസിസിലേക്ക് ആകൃഷ്ടരാവുന്നതെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. അതേ സമയം മുന്നറിയിപ്പുകൾ നൽകിക്കൊണ്ടുള്ള കേന്ദ്ര സുരക്ഷാ ഏജൻസികളുടെ അറിയിപ്പുകൾ സംസ്ഥാനത്തെ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥർ വേണ്ടവിധത്തിൽ കൈകാര്യം ചെയ്യുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.