muhammed-ali-jinnah-nehru

ഭോപ്പാൽ: ജവഹർലാൽ നെഹ്റുവിന് പകരം മുഹമ്മദ് അലി ജിന്നയെ ഇന്ത്യൻ പ്രധാനമന്ത്രി ആക്കിയിരുവെങ്കിൽ ഇന്ത്യ-പാക് വിഭജനം ഉണ്ടാകില്ലായിരുന്നുവെന്ന് മദ്ധ്യപ്രദേശിലെ രത്ത്‌ലം ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ഗുമാൻ സിംഗ് ദാമോർ പറഞ്ഞു. വിഭജനത്തിന്റെ ഏക ഉത്തരവാദി കോൺഗ്രസാണെന്നും ദാമോർ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് ദാമോർ വിവാദ പരാമർശം നടത്തിയത്.

'രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയാകാൻ ജവഹർലാൽ നെഹ്റു പിടിവാശി കാണിക്കാതിരുന്നുവെങ്കിൽ, മുഹമ്മദ് അലി ജിന്നയെ അതിന് അനുവദിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഇന്ത്യ-പാക് വിഭജനം ഉണ്ടാകില്ലായിരുന്നു. മുഹമ്മദ് അലി ജിന്ന അഭിഭാഷകനും വ്യക്തമായ ധാരണയുള്ള വ്യക്തിയും ആയിരുന്നു'- എന്നാണ് ഗുമാൻ സിംഗ് ദാമോറിന്റെ പരാമർശം. നേരത്തെ ജിന്ന കോൺഗ്രസ് നേതാവായിരുന്നുവെന്ന പരാമർശം നടത്തിയ ശത്രുഘ്‌നനൻ സിൻഹ വിവാദത്തിൽ ചാടിയിരുന്നു.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആറാംഘട്ട പോളിംഗ് ഇന്ന് നടക്കുകയാണ്. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഉത്തർ പ്രദേശിലെ 14 സീറ്റുകളിലും പശ്ചിമ ബംഗാളിലെയും ബിഹാറിലെയും എട്ടു വീതം സീറ്റുകളിലും ജനം വിധിയെഴുതും.