thechikkottukavu-ramachan

തൃശൂർ: പൂരപ്രേമേികളുടെ ആഗ്രഹം പോലെ തന്നെ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുരനട തള്ളി തുറന്ന് ഗജരത്നം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എഴുന്നള്ളി. വിവാദങ്ങൾക്കും വാഗ്വാദങ്ങൾക്കുമൊടുവിലാണ് കർശന ഉപാധികളോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളത്തിനെത്തിച്ചത്. തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്ന പൂരവിളംബരത്തിനാണ് തൃശൂരിന്റെ പ്രിയപ്പെട്ട 'രാമൻ' ആറാം വട്ടവും എത്തിയത്.

നെയ്‌തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് ശ്രീമൂലസ്ഥാനത്തെത്തി അവിടെ നിന്നാണ് തിടമ്പ് രാമചന്ദ്രൻ ശിരസിലേറ്റിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നെയ്‌തലക്കാവിലമ്മയെ പുറത്തേറ്റി രാമചന്ദ്രൻ തെക്കേഗോപുരനട തുറന്നതോടെ ഈ വർഷത്തെ തൃശൂർപൂരത്തിനു തുടക്കമായിരിക്കുകയാണ്.

പതിവിന് വ്യത്യസ്ഥമായി ലോറിയിലാണ് രാമചന്ദ്രനെ വടക്കുംനാഥ ക്ഷേത്രത്തിൽ എത്തിച്ചത്. പൂരപ്രേമികളും ആനപ്രേമികളുമായി വലിയ ആൾക്കൂട്ടമാണ് ക്ഷേത്ര പരിസരത്തുള്ളത്. തേക്കിൻകാട് മൈതാനത്തേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എത്തിച്ചപ്പോൾ തിങ്ങിക്കൂടിയ പുരുഷാരം ആവേശത്തിമിർപ്പിലാറാടി. രാമൻ..രാമൻ എന്ന വിളികളോടെ അവർ തങ്ങളുടെ കരിവീരനെ സ്വഗതം ചെയ്‌തു. ഭഗവതിയുടെ തിടമ്പേറ്റി പടിഞ്ഞാറെ നടയിൽ കൂടിയാണ് രാമചന്ദ്രൻ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത്.

രാമചന്ദ്രനെ എഴുപന്നള്ളിക്കുന്ന കാര്യത്തിൽ അവസാന നിമിഷം വരെ അനിശ്‌ചിതത്വം നിലനിന്നിരുന്നെങ്കിലും, ആനയ്‌ക്ക് ആരോഗ്യപ്രശ‌നങ്ങൾ ഒന്നുംതന്നെയില്ലെന്ന മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് കർശന ഉപാധികളോടെ ജില്ലാ കളക്‌ടർ ടി.വി അനുപമ അനുമതി നൽകുകയായിരുന്നു.