ന്യൂഡൽഹി: മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയും ബംഗാളിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ എം.എസ് ഭാരതി ഘോഷിനു നേരെ ആക്രണം. പോളിംഗ് ഏജന്റുമൊത്ത് ബൂത്തിൽ പ്രവേശിക്കാൻ തുടങ്ങിയപ്പോൾ തൃണമൂൽ പ്രവർത്തകരായ വനിതകൾ അവരെ തടസപ്പെടുത്തുകയായിരുന്നു. തുടർന്ന് അവർ മറ്റൊരു പോളിംഗ് സ്റ്റേഷനിലുമെത്തിയിരുന്നു. അതേസമയം, ഭാരതി ഘോഷ് ബൂത്തിനുള്ളിൽ മൊബെെൽ ഫോൺ ഉപയോഗിച്ചതായും വീഡിയോ പകർത്തിയെന്നുമുള്ള പരാതിയിൽ ഇലക്ഷൻ കമ്മീഷൻ വിശദീകരണം തേടി.
നേരത്തെ ബംഗാളിലെ ജാർഗ്രാമിൽ ബി.ജെ.പി പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. രമൺ സിംഗാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാൽ, ആരോപണം തൃണമൂൽ നിഷേധിച്ചു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു.
അതേസമയം, ഈസ്റ്റ് മേദിനിപൂരിൽ രണ്ടു ബി.ജ.പി പ്രവർത്തകർക്ക് വെടിയേറ്റു. ആനന്ദ് ഗുജയ്ക്ക്, രഞ്ജിത് മെയ്തി എന്നിവർക്കാണ് വെടിയേറ്റത്. വോട്ടെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ സംസ്ഥാനത്ത് പലയിടത്തും ബി.ജെ.പി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. ജാർഗ്രാമടക്കം എട്ട് മണ്ഡലങ്ങളിലാണ് ബംഗാളിൽ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.