road-accident

പാലാ : പുതിയ വാഹനത്തിലെ ആദ്യയാത്ര ജൻസിനും മകനും അന്ത്യയാത്രയായി. കടനാട്ടിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിട്ടുണ്ടായ അപകടത്തിൽ മരിച്ച മറ്റത്തിപ്പാറ അരയനോലി പുതിയാമഠത്തിൽ ജൻസിനും ഒരു വയസുകാരൻ മകൻ അഗസ്റ്റോക്കുമാണ് പുതിയ വാഹനത്തിലെ ആദ്യയാത്ര അന്ത്യയാത്രയയാത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ കടനാട് പഞ്ചായത്ത് ഓഫീസിന് സമീപം മെയിൻ റോഡിലായിരുന്നു അപകടം. റോഡരുകിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് പിഞ്ചുകുഞ്ഞും പിതാവും മരിച്ചു. മറ്റത്തിപ്പാറ അരയനോലി പുതിയാമഠത്തിൽ അഗസ്റ്റിൻ ജോസഫിന്റെ മകൻ ജൻസ് (33), ഒരു വയസുകാരൻ മകൻ അഗസ്റ്റോ എന്നിവരാണ് മരിച്ചത്.

പനി ബാധിച്ച ഇളയ കുട്ടി അഗസ്റ്റോയെ അമ്പാറ ഭാഗത്തുള്ള ഹോമിയോ ആശുപത്രിയിൽ കാണിക്കാനായി ഭാര്യയും കുട്ടികളുമായി പോകുന്നതിനിടെയാണ് അപകടം. ജൻസിന്റെ ഭാര്യ ജോസ്മി (30), മകൾ ആഗ്നസ് (3) എന്നിവർക്കും പരിക്കുണ്ട്. ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ല.

ദിവസങ്ങൾക്ക് മുമ്പാണ് ജൻസ് പുതിയ ഓട്ടോറിക്ഷ വാങ്ങിയത്. ചെറുകിട കർഷിക ജോലിക്കൊപ്പം സ്വന്തമായുള്ള ഇന്നോവ, റിറ്റ്സ് കാറുകളിൽ ഓട്ടംപോകുന്നതും ഒക്കെയായിരുന്നു ജൻസിന്റെ ജോലി . രണ്ട് ദിവസമായി അഗസ്‌റ്റോക്ക് പനിയുണ്ടായിരുന്നു. അമ്പാറ ഭാഗത്തുള്ള ഹോമിയോ ആശുപത്രിയിൽ കുട്ടിയെ കാണിക്കാൻ തീരുമാനിച്ചതനുസരിച്ചായിരുന്നു നാലുപേരും യാത്രപുറപ്പെത്. അടുത്തിടെ വാങ്ങിയ പുതിയ ഓട്ടോയാണ് യാത്രക്കായി തെരഞ്ഞെടുത്തത്. ഈ യാത്രയാണ് ഭാര്യയെയും മകളെയും തനിച്ചാക്കിയുള്ള അന്ത്യ യാത്രയായത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ ലോറിയുടെ അടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് ജൻസിനെ പുറത്തെടുത്തത്. പാലായിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തിയിരുന്നു.

കടനാട് പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടം നടന്നത്. ഒരു കൺസ്ട്രക്ഷൻ സ്ഥാപനത്തിന്റെ ലോറിയായിരുന്നു നിർത്തിയിട്ടിരുന്നത്. വല്യാത്ത് ഭാഗത്തുനിന്നും കൊല്ലപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ പെട്ടന്ന് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശബ്ദം കോട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തിൽപെട്ടവർക്ക് രക്ഷകരായത്. പിന്നാലെയെത്തിയ വാഹനങ്ങളിൽ പരുക്കേറ്റവരെ ആശുപത്രിലേക്ക് എത്തിച്ചു. പിതാവിന്റെയും പിഞ്ചുകുഞ്ഞിന്റെയും മരണവാർത്ത ഞെട്ടലോടെയാണ് കടനാട് ഗ്രാമം കേട്ടത്. നാട്ടുകാരും ബന്ധുക്കളും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരുമെല്ലാം ആശുപത്രിയിലേക്ക് എത്തിയിരുന്നു.