thechikkotukavu-ramachand

തൃശൂർ: കേരളത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ആനകളിൽ ഏറ്റവും ഉയരം കൂടിയ ആനയാണ് ഗജകേസരി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. വിരിഞ്ഞ മസ്‌തകം, കൊഴുത്തുരുണ്ട ഉടൽ, ഉറച്ച കാലുകൾ ആനച്ചന്തത്തിന്റെ പര്യായമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന തൃശൂർകാരന്റെ സ്വന്തം രാമൻ. എഴുന്നള്ളത്തിന് തിടമ്പേറ്റിയാൽ തല ഉയർത്തിപ്പിടിച്ചിരിക്കും എന്നതാണ് രാമചന്ദ്രന്റെ ഏറ്റവും വലിയ പ്രത്യേകത.

ബിഹാറിൽ നിന്ന് തൃശിവപേരൂരിലേക്ക്

1982ലാണ് ബിഹാറിയായ രാമൻ കേരളത്തിലേക്ക് വണ്ടി കയറുന്നത്. 13 വയസുള്ളപ്പോഴായിരുന്നു അത്. തൃശൂർ കേന്ദ്രീകരിച്ച് ആനകളെ വിതരണം ചെയ്‌തിരുന്ന ഏ‌ജന്റായ വെങ്കിടാദ്രി നാരായണസ്വാമിയാണ് രാമനെ കണ്ടെത്തുന്നത്. മൊട്ടിപ്രസാദ് എന്ന് പേരിട്ടിരുന്ന ആനയെ ലക്ഷ്ണങ്ങളെല്ലാം ഒത്തുനോക്കിയാണ് വെങ്കിടാദ്രി വാങ്ങുന്നത്. ആനയ്‌ക്ക് പിന്നീട് ഗണേശൻ എന്നു പേരിട്ടു. 1984 മാർച്ചിൽ തെച്ചിക്കോട്ടുകാവ് ദേവസം അധികൃതർ വെങ്കിടാദ്രിയിൽ നിന്നും ഗണേശനെ വാങ്ങുകയായിരുന്നു. ക്ഷേത്രത്തിൽ നടയ്‌ക്കിരുത്തിയ ഗണേശനെ രാമചന്ദ്രൻ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്‌തു.

thechikkotukavu-ramachand

തെച്ചിക്കോടിന്റെ രാമചന്ദ്രനാകുന്നു

വികൃതി അന്നേ അധികമായിരുന്നു രാമചന്ദ്രന്. പാപ്പാന്മാരെ പെട്ടെന്നൊന്നും അടുപ്പിക്കുമായിരുന്നില്ല. എന്നാൽ വിധി രാമനോട് അൽപം ക്രൂരത കാണിച്ചു. ഒരു കണ്ണിന്റെ കാഴ്‌ചശക്തി വൈകാതെ നഷ്‌ടപ്പെട്ടു. ഏറെക്കാലം ചികിത്സ നടത്തിയിട്ടും കാഴ്‌ച വീണ്ടെടുക്കാനായില്ല. രാമചന്ദ്രനെ ഇനി എഴുന്നള്ളിക്കാനാകില്ലെന്ന് അധികൃതർ വിധി എഴുതി. അക്കാലത്താണ് പാലക്കാട് എരുമയൂർകാരനായ മണി രാമന്റെ ഒന്നാം പാപ്പാനായി എത്തുന്നത്. രാമചന്ദ്രന്റെ പിന്നീടുള്ള എല്ലാ ഖ്യാതികൾക്കും ദേവസ്വം കടപ്പെട്ടിരിക്കുന്നത് മണിയോടാണ്. മണിയുടെ മണം പിടിച്ചാൽ രാമൻ ശാന്തനാകുമായിരുന്നു. കടുവ വേലായുധനായിരുന്നു ആ സമയം ഒന്നാം പാപ്പാൻ. ആദ്യമായി കിട്ടുന്ന ആനയെ അനുസരണ പഠിപ്പിക്കാൻ പാപ്പാന്മാർ പട്ടിണിക്കിടുന്ന ശീലമുണ്ട്. എന്നാൽ അതുവരെ നൽകാത്ത രുചികൾ പകർന്ന് മണി രാമചന്ദ്രന്റെ സ്നേഹം പിടിച്ചുപറ്റി.

നായകനിൽ നിന്ന് വില്ലനിലേക്ക്

പത്തര അടിയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഉയരം. കേരളത്തിലെ ഇന്ന് ജീവിച്ചിരിക്കുന്ന ആനകളിൽ ഏറ്റവും ഉയരം കൂടിയത് രാമചന്ദ്രനാണ്. ഏഷ്യയിൽ രണ്ടാമതും. ലക്ഷണമൊത്ത നഖങ്ങളും, നിലംമുട്ടുന്ന തുമ്പികൈയും. ഗജകേസരി, ഗജസാമ്രാട്ട്, ഗജചക്രവർത്തി എന്നീ പട്ടങ്ങൾ പടിപടിയായി ആരാധകർ രാമചന്ദ്രന് ചാർത്തി നൽകി. പലയിടങ്ങളിലും തലപ്പൊക്ക മത്സരങ്ങളിൽ വിജയിയായി. ഏക്കത്തിന് ലക്ഷങ്ങൾ വരെ രാമചന്ദ്രന് ലഭിച്ചു. ഗുരുവായൂർ കേശവനെ മറികടന്ന് 2.5 ലക്ഷം രൂപ ലഭിച്ചതിന്റെ റെക്കോർഡുണ്ട് രാമചന്ദ്രന്.

thechikkotukavu-ramachand

ഇതിനിടയിൽ നായകനിൽ നിന്ന് വില്ലനിലേക്കും തെച്ചിക്കോടൻ പരിണമിച്ചു. നിരവധിയാളുകൾ രാമനാൽ കൊല്ലപ്പെട്ടു. എന്തിനേറെ പറയുന്നു തിരുവമ്പാടി ചന്ദ്രശേഖരൻ, മംഗലാംകുന്ന് കർണൻ തുടങ്ങിയ കരിവീരന്മാരെ പോലും രാമചന്ദ്രൻ വെറുതെ വിട്ടില്ല. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന പേര് ഓരോ ആനപ്രേമിയുടെയും മനസിൽ കൊത്തിവയ്‌ക്കപ്പെട്ടതാണ്. അതു തന്നെയാണ് ഇത്തവണത്തെ പൂരത്തിൽ കണ്ടതും.

തെച്ചിക്കോടന്റെ ശരീരശാസ്‌ത്രം

ഉയരം : 317 സെന്റീ മീറ്റർ. (321.5 സെന്റീ മീറ്റർ ആണ് പുതിയ അളവെങ്കിലും ഇത് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല.) കേരളത്തിൽ വലിയ പൂരങ്ങൾക്ക് എഴുന്നള്ളിക്കുന്ന ഒരാനയുടെ ഉയരം 285 സെന്റി മീറ്റർ മുതൽ 300 സെന്റീ മീറ്റർ വരെയാണ്.
തൂക്കം : 6000 കിലോ.
പ്രായം : 54
കൊമ്പിന്റെ നീളം : 75 സെന്റീമീറ്റർ