കേരളത്തിൽ പിറവിയെടുത്ത്, ചുരുങ്ങിയ കാലത്തിനുള്ളിൽ ദേശീയ തലത്തിൽ വളർന്ന് പന്തലിച്ച ജനപ്രിയ ഫുട്‌വെയർ ബ്രാൻഡാണ് വി.കെ.സി. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഫുട്‌വെയർ നിർമ്മാതാക്കൾ. ഹവായ് ചെരിപ്പുകൾ നിർമ്മിച്ചായിരുന്നു വി.കെ.സിയുടെ തുടക്കം. 2013ൽ സ്വന്തമായി സ്‌പോർട്‌സ് സാൻഡലുകൾ നിർമ്മിച്ച്, വി.കെ.സിയുടെ കീഴിലുള്ള യൂഫോറിക് ഇന്റർനാഷണലിന്റെ 'വാക്കറൂ" വിപണിയിലെത്തി.

സ്‌ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും അനുയോജ്യമായ, ഉന്നത ഗുണനിലവാരവും ആകർഷക ഡിസൈനുകളുമുള്ള പാദരക്ഷകൾ വാക്കറൂവിനുണ്ട്. വിപണിയിലെ മറ്റ് ബ്രാൻഡുകളെ അപേക്ഷിച്ച് ഏറെ വിലക്കുറവാണ് എന്നതും വാക്കറൂവിന്റെ സവിശേഷതയാണ്. വാക്കറൂവിന്റെ വിശേഷങ്ങൾ മാനേജിംഗ് ഡയറക്‌ടർ വി.കെ.സി നൗഷാദ് 'കേരളകൗമുദി"യോട് പങ്കുവയ്‌ക്കുന്നു....

 സുന്ദരവും ഈടുനിൽക്കുന്നതുമാണ് വാക്കറൂവിന്റെ ഉത്‌പന്നങ്ങൾ. ഉന്നത നിലവാരമുള്ള ഈ ഫുട്‌വെയറുകൾ ഇത്ര വിലകുറച്ച് വില്‌ക്കുന്നതിന്റെ രഹസ്യമെന്താണ്?

ഉപഭോക്താവിന് താങ്ങാനാകുന്ന വിലയ്‌ക്ക് പാദരക്ഷകൾ ലഭ്യമാക്കുകയെന്നത് വാക്കറൂവിന്റെ നയമാണ്. പുതിയ ഫാഷനുകളും ടെക്‌നോളജിയും ഏവരിലേക്കും എത്തിച്ച് ജനകീയമാക്കുകയാണ് ലക്ഷ്യം. വാക്കറൂവിന്റെ വിജയമന്ത്രവും അതുതന്നെയാണ്.

 ഹവായ് ചെരിപ്പിൽ നിന്നായിരുന്നു തുടക്കം. ഇപ്പോൾ ഏത് പ്രായക്കാർക്കും ഇണങ്ങിയ വിവിധതരം പാദരക്ഷകൾ കമ്പനിക്കുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കമ്പനികളിലൊന്നുമാണ്. വളർച്ചയുടെ വിവിധഘട്ടങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

സുഖമായി നടക്കാൻ സഹായിക്കുന്ന ചെരിപ്പുകൾ നിർമ്മിക്കുകയായിരുന്നു കമ്പനിയുടെ ആദ്യലക്ഷ്യം. അതേസമയം, ഉന്നത നിലവാരം പുലർത്തണമെന്നതും വില കുറവായിരിക്കണമെന്നതും നയമായിരുന്നു. ഏത് പ്രായക്കാർക്കും ഇണങ്ങിയ പാദരക്ഷകൾ കമ്പനിക്കുണ്ട്. അഞ്ച് വിഭാഗങ്ങളിലായാണ് പാദരക്ഷകൾ വാക്കറൂ വിപണിയിലെത്തിക്കുന്നത് - സ്‌പോർട്‌സ്, ലൈഫ്‌സ്റ്റൈൽ, കാഷ്വൽ, ഫോർമൽസ്, കിഡ്‌സ് എന്നിവയാണവ. വാക്കറൂവിന്റെ സ്‌പോർട്‌സ് ഷൂ, ബെല്ലി ഷൂ, ഹാഫ് ഷൂ എന്നിവ ചുരുങ്ങിയ കാലത്തിനകമാണ് യുവാക്കൾക്കിടയിൽ തരംഗമായത്.

 വില്‌പന വളർച്ചയെ കുറിച്ച്?

2013ലാണ് കമ്പനിയുടെ തുടക്കം. രണ്ടുവർഷത്തിനകം 100 കോടി രൂപയുടെ വിറ്റുവരവ് നേടി. കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റുവരവ് 480 കോടി രൂപയായിരുന്നു. നടപ്പുവർഷം ലക്ഷ്യം ആയിരം കോടി രൂപയാണ്.

 എന്തൊക്കെയാണ് ലക്ഷ്യം കാണാൻ സ്വീകരിക്കുന്ന നടപടികൾ?

ഉപഭോക്താക്കൾക്ക് മികച്ച നിലവാരവും ഭംഗിയുള്ളതുമായ പാദരക്ഷകൾ ലഭ്യമാക്കി ഈ ലക്ഷ്യം കഴിയുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ ഇന്ത്യയിലാണ് പാദരക്ഷകളുടെ ഡിസൈനിംഗ്. യൂറോപ്പ്യൻ ഡിസൈനിംഗ് കൂടി സ്വായത്തമാക്കി ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച ഉത്‌പന്നങ്ങൾ ലഭ്യമാക്കും.

 ഇന്ത്യയുടെ പാദരക്ഷാ വിപണിയുടെ വളർച്ച എങ്ങനെ?

ഏകദേശം 30,000-40,000 കോടി രൂപയുടെ മൂല്യമുണ്ട് ഇന്ത്യൻ വിപണിക്ക്. പ്രതിവർഷം ശരാശരി പത്തു ശതമാനമാണ് വളർച്ച. പ്രതിവർഷം ആയിരം കോടി രൂപയിൽ കുറയാത്ത കച്ചവടമാണ് കേരളത്തിൽ നടക്കുന്നത്.

 വാക്കറൂവിന്റെ വിപണി ശൃംഖലയെക്കുറിച്ച് വ്യക്തമാക്കാമോ?

ദേശീയ തലത്തിൽ അഞ്ഞൂറോളവും കേരളത്തിൽ 50ഓളവും ഡീലർമാരുണ്ട്. കേരളം ഉൾപ്പെടെ പത്തു സംസ്‌ഥാനങ്ങളിൽ നിർമ്മാണ യൂണിറ്റുകളുണ്ട്. നേരിട്ടും പരോക്ഷമായും 20,​000 പേർ കമ്പനിയിൽ ജോലി ചെയ്യുന്നു. കോഴിക്കോടാണ് സ്വന്തം സ്‌റ്രോർ ഉള്ളത്. മറ്റു നഗരങ്ങളിലും വൈകാതെ സ്വന്തം സ്‌റ്രോറുകൾ തുറക്കും. കമ്പനിയുടെ മൊത്തം വില്‌പനയിൽ പത്തു ശതമാനം കേരളത്തിൽ നിന്നാണ്.

 വാക്കറൂ ഉത്‌പന്നങ്ങൾ ഓൺലൈനിലും ലഭ്യമാണല്ലോ?

ഫ്ളിപ്‌കാർട്ടിൽ 'ഗോൾഡൻ" സ്‌റ്രാറ്റസുണ്ട് വാക്കറൂവിന്. ഓൺലൈനിലൂടെ പ്രതിദിനം 50 ജോഡി പാദരക്ഷകൾ വില്‌ക്കാനാകുന്നുണ്ട്. ആമസോണുമായും ചർച്ചകൾ നടക്കുന്നു. സ്വന്തം വെബ്‌സൈറ്റായ www.walkaroo.in വഴിയും ഉടൻ വില്‌പന ആരംഭിക്കും.

 ബോളിവുഡ് സൂപ്പർതാരം ആമിർഖാൻ വാക്കറൂവിന്റെ ബ്രാൻഡ് അംബാസഡറാണ്. പുതിയ കാമ്പയിനെ കുറിച്ച് വിശദമാക്കാമോ?​

ഫെർഫെക്‌ഷനിസ്‌റ്ര് എന്ന നിലയിൽ രാജ്യത്തിനകത്തും പുറത്തും ആദരം നേടിയെ വ്യക്തിയാണ് ആമിർ. അദ്ദേഹത്തിന്റെ വ്യക്തിത്വം വാക്കറൂവിന്റെ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്നതാണ്. ആമിർ ഖാന്റെ സാന്നിദ്ധ്യത്തിനൊപ്പം പുതിയ മോഡലുകൾ അവതരിപ്പിച്ചും 'ബി റെസ്‌റ്ര്‌ലെസ്" എന്ന പുതിയ പരസ്യ കാമ്പയിനുമായി വളർച്ചയുടെ പുതിയ പടവുകൾ കീഴടക്കാനാകുമെന്നാണ് വാക്കറൂവിന്റെ പ്രതീക്ഷ.