ന്യൂഡൽഹി: ബലാക്കോട്ടിൽ ഇന്ത്യ പ്രത്യാക്രമണം നടത്തുമ്പോൾ കാർമേഘങ്ങളും മഴയും കാരണം ഇന്ത്യൻ വിമാനങ്ങൾക്ക് പാക് റഡാറുകളുടെ കണ്ണ് വെട്ടിക്കാമെന്ന് താൻ നിർദ്ദേശിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവനയെച്ചൊല്ലി വിവാദം കനക്കുന്നു. മോദിയുടേത് വോട്ട് ലഭിക്കാൻ വേണ്ടിയുള്ള വിലകുറഞ്ഞ തന്ത്രമാണെന്ന് ആരോപിച്ച് രംഗത്തെത്തിയ പ്രതിപക്ഷം പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് അർഹതയില്ലെന്നും ആരോപിച്ചു. മഴമേഘങ്ങൾക്ക് റഡാറുകളുടെ കണ്ണ് വെട്ടിക്കാമെന്ന സത്യം ഐ.എസ്.ആർ.ഒയ്‌ക്കും നാസയ്‌ക്കും പറഞ്ഞ് കൊടുത്തത് മോദിയാണെന്ന തരത്തിൽ നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്.
പാകിസ്ഥാനെ പറ്റിക്കാം...
കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോദി വിവാദ പരാമർശം നടത്തിയത്. പുൽവാമയിൽ 40 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പകരംവീട്ടാനായി പാകിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിന്റെ ആസൂത്രണത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മോദിയുടെ വാക്കുകൾ ഇങ്ങനെ ' കാലാവസ്ഥ വളരെ പെട്ടെന്നാണ് മാറിയത്. ആകാശം മേഘാവൃതമാവുകയും മഴ തിമിർത്ത് പെയ്യാനും തുടങ്ങി. ഈ കാലാവസ്ഥയിൽ പാകിസ്ഥാനിൽ ആക്രമണം നടത്തണോയെന്നായിരുന്നു പിന്നീടുള്ള ചിന്ത. പ്രത്യാക്രമണം നടത്താനുള്ള തീയതി മാറ്റിവച്ചാലോ എന്ന് പോലും വിദഗ്‌ദ്ധർ ചോദിച്ചു. എന്നാൽ എന്റെ മനസിൽ ആദ്യമെത്തിയത് ദൗത്യത്തിന്റെ രഹസ്യ സ്വഭാവമായിരുന്നു. ശാസ്ത്രീയ വിഷയങ്ങളിൽ ഗഹനമായ അറിവുള്ള ആളൊന്നുമല്ല ഞാൻ. എന്നാലും മഴമേഘങ്ങൾ ഉള്ളത് നമുക്ക് ഉപയോഗപ്പെടില്ലേ എന്നായിരുന്നു എന്റെ രണ്ടാമത്തെ സംശയം. മഴമേഘങ്ങളുള്ളപ്പോൾ പാക് റഡാറുകളുടെ കണ്ണ് വെട്ടിക്കാമല്ലോ എന്നും ഞാൻ പറഞ്ഞു. ഇക്കാര്യം കേട്ടപ്പോൾ എല്ലാവരും ആശയക്കുഴപ്പത്തിലായി. എന്നാൽ ദൗത്യവുമായി മുന്നോട്ട് പോകാൻ ഞാൻ ഉത്തരവിടുകയായിരുന്നുവെന്നും' മോദി അഭിമുഖത്തിൽ പറഞ്ഞു.
മോദിക്ക് തുടരാൻ അർഹതയില്ലെന്ന് പ്രതിപക്ഷം
ചാനലിലെ അഭിമുഖം വൈറലായതിന് പിന്നാലെ ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റർ പേജും ഇക്കാര്യം ട്വീറ്റ് ചെയ്‌തു. എന്നാൽ ഇത് പിന്നീട് പിൻവലിക്കുകയും പകരം മോദിയുടെ വീഡിയോ ഉൾപ്പെടുത്തുകയും ചെയ്‌തു. അതേസമയം, മോദിയുടെ പരാമർശത്തിൽ വൻ വിമർശനമാണ് പ്രതിപക്ഷ നേതാക്കൾ ഉന്നയിക്കുന്നത്. മോദിയിൽ നിന്ന് ഇത്തരം അപക്വമായ പ്രസ്‌താവനകളുണ്ടായത് നാടിന് മൊത്തം നാണക്കേടാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യസുരക്ഷയിൽ പോലും മോദി നുണപ്രചാരണം നടത്തുകയാണ്. ഇത്തരമൊരാൾക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിൽ തുടരാൻ അർഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കാലാവസ്ഥ എത്ര മോശമാണെങ്കിലും മോദിയുടെ അഞ്ച് വർഷത്തെ കപട വാഗ്‌ദ്ധാനങ്ങൾ പുറത്തുവരുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. പാകിസ്ഥാൻ റഡാറുകൾക്ക് മേഘങ്ങൾക്കിടയിൽ കൂടി സഞ്ചരിക്കുന്ന വിമാനങ്ങളെ കണ്ടെത്താനാവില്ലെന്നത് വലിയ കണ്ടെത്തലെന്നാണ് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ള പ്രതികരിച്ചത്. ഇനിയുള്ള വ്യോമാക്രമണങ്ങളിൽ മോദിയുടെ കണ്ടുപിടുത്തം ഉപയോഗിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
എല്ലാം തീരുമാനിച്ചത് സൈന്യം
അതേസമയം, ബലാക്കോട്ടിൽ ആക്രമണം നടത്തിയത് സൈന്യത്തിന്റെ തീരുമാന പ്രകാരമായിരുന്നു എന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പറയുന്നത്. പ്രത്യാക്രമണത്തിന്റെ രീതി, സ്ഥലം, തീയതി എന്നിവ തീരുമാനിച്ചത് സൈന്യമാണെന്നും ഇതിന് കേന്ദ്രസർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഏത് കാലാവസ്ഥയിലും ഇന്ത്യൻ വിമാനങ്ങളെ കണ്ടെത്താൻ പാക് റഡാറുകൾക്ക് കഴിയുമെന്നതും സൈന്യത്തിന് വ്യക്തമായി അറിയാം. ഇപ്പോൾ മോഡിയുടെ ധൃതിപിടിച്ചുള്ള പ്രസ്താവന തിരഞ്ഞെടുപ്പ് തന്ത്രമാണെന്നും മുൻ നയതന്ത്രജ്ഞൻ കെ.സി.സിംഗ് പറഞ്ഞു.
മഴമേഘങ്ങൾ ചതിച്ചു?
അതേസമയം, പ്രത്യാകമണ ദിവസത്തെ കാലാവസ്ഥ ഇന്ത്യയ്‌ക്ക് തിരിച്ചടിയാെന്ന സൂചനയാണ് പ്രതിരോധ വൃത്തങ്ങൾ നൽകുന്നത്. മഴമേഘങ്ങൾ കാരണം ആറ് ക്രിസ്‌റ്റൽ മേസ് മിസൈലുകൾ അന്ന് വിക്ഷേപിക്കാനായില്ലെന്ന് ഇന്ത്യൻ വ്യോമസേനാ വൃത്തങ്ങൾ പറയുന്നു. ലക്ഷ്യസ്ഥാനത്ത് എന്തൊക്കെ നാശനഷ്ടങ്ങൾ വരുത്തിയെന്ന് കണ്ടെത്തുകയും അവയുടെ ദൃശ്യങ്ങൾ ശേഖരിക്കുകയുമാണ് ഈ മിസൈലുകളുടെ ജോലി. എന്നാൽ പ്രതികൂല കാലാവസ്ഥ മൂലം ഇവ തൊടുക്കാനായില്ല. ബാലാക്കോട്ട് ആക്രമണത്തിന്റെ ബോംബ് ഡാമേജ് അസസ്മെന്റ് കണക്കാക്കാൻ പറ്റാത്തത് ഈ മിസൈലുകളുടെ അഭാവമാണെന്നും വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു.
അത് ലിഡാറാണോ?
അതേസമയം, ലേസർ രശ്‌മികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലിഡാറാണോ മോദി ഉദ്ദേശിച്ചതെന്ന സംശയവും ചിലർ ഉയർത്തുന്നുണ്ട്. ആകാശ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഈ ഉപകരണത്തിന് മഴമേഘങ്ങൾ ഉണ്ടെങ്കിൽ കൃത്യമായി പ്രവർത്തിക്കാൻ കഴിയില്ല. എന്നാൽ റഡാറുകൾ എന്ന് മോദി അഭിമുഖത്തിൽ എടുത്തുപറയുന്നുണ്ട്. ഏത് കാലാവസ്ഥയിലും ആകാശ നിരീക്ഷണം നടത്താൻ കഴിയുന്ന ഉപകരണമാണ് റഡാറുകൾ.