kottayam-wedding

കോട്ടയം : മഹിമ എന്ന് പേരുള്ള ഓട്ടോറിക്ഷയുടെ മുൻ സീറ്റിൽ ഇന്നലെയും മഹിമയുണ്ടായിരുന്നു. പിന്നിൽ യാത്രാക്കാരും. പക്ഷേ ഇന്നലെ മഹിമ ഓട്ടോ ഓടിച്ചത് സവാരിക്കായല്ല, കല്യാണമണ്ഡപത്തിലേക്ക് വധുവായി വേഷമിട്ടായിരുന്നു. പിന്നിലെ സീറ്റിലുണ്ടായിരുന്നത് അമ്മയും ബന്ധുക്കളും, മഹിമയുടെ ഓട്ടോയ്ക്ക് പിന്നാലെയായി നിരനിരയായി മുപ്പതോളം ഓട്ടോറിക്ഷകളിലായിരുന്നു കല്യാണത്തിന് കൂടാനെത്തിയ മറ്റ് ബന്ധുക്കളും നാട്ടുകാരും എത്തിയത്. ഉഴവൂർ ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളികളാണ് തങ്ങളുടെ സഹപ്രവർത്തകന്റെ മകളുടെ വിവാഹം കെങ്കേമമാക്കാൻ മുന്നിട്ടിറങ്ങിയത്.

രണ്ട് വർഷം മുൻപാണ് ബി.എഡ് ബിരുദധാരിയായ മഹിമ ഓട്ടോറിക്ഷ ഓടിക്കുവാനുള്ള ലൈസൻസ് സ്വന്തമാക്കുന്നത്. ഉഴവൂർ ടൗണിൽ ഓട്ടോറിക്ഷ തൊഴിലാളിയായ മോഹനൻ നായരുടെ മകളാണ് മഹിമ. വിവാഹദിനത്തിൽ ഓട്ടോറിക്ഷയിൽ എത്തണമെന്ന അച്ഛന്റെ ആഗ്രഹമാണ് മകൾ നടപ്പിലാക്കിയത്. നീലയും വെള്ളയും നിറമുള്ള ബലൂൺ ഓട്ടോറിക്ഷയിൽ കെട്ടി അലങ്കരിച്ചാണ് വിവാഹ സംഘം യാത്ര ചെയ്തത്. ബഹ്റനിൽ ജോലിചെയ്യുന്ന പട്ടാമ്പി സ്വദേശിയായ സൂരജായിരുന്നു വരൻ. രണ്ട് മാസം മുൻപ് നടന്ന നിശ്ചയത്തിനും മഹിമ ഓട്ടോ ഓടിച്ചായിരുന്നു എത്തിയത്. വിവാഹവേദിയിൽനിന്ന് സദ്യ നടക്കുന്നിടത്തേക്കും തിരികെ മഹിമയുടെ വീട്ടലേക്കും എല്ലാം ഓട്ടോറിക്ഷയിൽ തന്നെയായിരുന്നു യാത്ര.