bengaluru-metro

ബംഗളൂരു: ബംഗളുരൂ മെട്രോയിൽ പരിഭ്രാന്തി പരത്തിയ അറബ് വേഷധാരി പിടിയിൽ. രാജസ്ഥാനിൽ നിന്നുള്ള സാജിദ് ഖാനാണ് (38) പിടിയിലായത്. ഇക്കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു ബംഗളൂരുവിലെ മജസ്‌റ്റിക് മെട്രോ സ്‌റ്റേഷനിലെ യാത്രക്കാരിൽ പരിഭ്രാന്തി പരത്തി മെറ്റൽ ഡിറ്റക‌്‌ടർ ശബ്‌ദിച്ചത്. സാജിദ് ഖാൻ ഡിറ്റക്ടറിലൂടെ കടന്നതിനെ തുടർന്നായിരുന്നു ശബ്ദം. ഇയാൾ ഉടൻ തന്നെ ഓടി രക്ഷപ്പെടുകയും ചെയ്‌തു. ഇതായിരുന്നു യാത്രക്കാരിൽ പരിഭ്രാന്തി പരത്തിയത്. രാജ്യം ഭീകരാക്രമണങ്ങളുടെ ഭീഷണി നേരിടുന്ന പശ്ചത്തലത്തിൽ പൊലീസ് ഉദ്യോഗസ്ഥരും സംഭവത്തിൽ അതീവ ജാഗരൂകരായി. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ 'പ്രശ്‌നക്കാരൻ' സാജിദ് ഖാനാണെന്ന് കണ്ടെത്തുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്‌തതോടെയായിരുന്നു യഥാർത്ഥ ട്വിസ്‌റ്റ്.

ഖാൻ ജീവിതത്തിൽ ആദ്യമായായിരുന്നു ഒരു മെട്രോ സ്‌റ്റേഷൻ കാണുന്നത്. മെട്രോയിൽ യാത്രനടത്താമെന്ന ഉദ്ദേശത്തോടെ വളരെ ആവേശത്തോടെയാണ് ഇയാൾ സ്‌റ്റേഷനിൽ എത്തിയത്. തുടർന്ന് കിഴക്കേ കവാടത്തിലൂടെ സ്‌റ്റേഷനകത്തു കടന്ന ഖാൻ മെറ്റൽ ഡിറ്റക്‌ടറിൽ കയറിയതും ഉച്ചത്തിൽ ബീപ് ശബ്‌ദം കേൾക്കാൻ തുടങ്ങി. അരയിലെ മന്ത്രത്തകിടായിരുന്നു ബീപ് ശബ്‌ദത്തിനു കാരണം. ഇതുമനസിലാകാതെ പേടിച്ചരണ്ട സാജിദ് ഖാൻ ഓടിരക്ഷപ്പെടുകയായിരുന്നു.

ചോദ്യം ചെയ്യലിൽ സംഭവത്തിന്റെ സത്യവസ്ഥ മനസിലായതോടെ ഇയാളെ പൊലീസ് വെറുതെ വിട്ടു. എന്നാൽ സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഷെയർ ചെയ്‌ത് സമൂഹത്തിൽ ഭീതി സൃഷ്‌ടിച്ചവർക്കെതിരെ ക‌ർശനനടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.