social-media

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള സമരത്തിന്റെ പേരിൽ സംഘപരിവാർ സംഘടനകളിൽ പ്രവർത്തിക്കുന്നവർ തമ്മിലുള്ള തർക്കങ്ങൾ മറനീക്കി പുറത്തേയ്ക്ക് എത്തിയിരിക്കുകയാണ്. ശബരിമല സ്ത്രീ പ്രവേശനത്തിൽ റെഡി ടു വെയിറ്റ് ക്യാംപെയിനുമായെത്തിയ പദ്മ പിള്ളയാണ് സമരത്തിന്റെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇതിന് പിന്നാലെയാണ് ഈ വിഷയത്തെ ചൊല്ലി സംഘപരിവാർ സംഘടനയിലുള്ളവർ ആശയപരമായി തമ്മിലടിക്കുന്നത്.

ശബരിമലയിൽ സ്ത്രീപ്രവേശനവിധി വന്നയുടനെ അതിനെ സ്വാഗതം ചെയ്യുന്ന നിലപാടിലേക്ക് ആർ.എസ്.എസിലേതടക്കമുള്ള നേതാക്കൾ എത്തിയിരുന്നു. എന്നാൽ വിശ്വാസികളുടെ ഇടയിൽ നിന്നും കനത്ത എതിർപ്പ് ഉയർന്നതും, നാമജപയാത്രകളിലെ സ്ത്രീകളടക്കമുള്ളവരുടെ വമ്പിച്ച ജനപങ്കാളിത്തവും പിന്നീട് നിലപാട് മാറ്റുവാൻ നേതാക്കളെ പ്രേരിപ്പിക്കുകയായിരുന്നു. ആദ്യം മുതൽക്കേ ആർ.എസ്.എസ് ദേശീയ നേതൃത്വത്തിന് സ്ത്രീ പ്രവേശനത്തെ എതിർക്കുവാനുള്ള മനസുണ്ടായിരുന്നില്ല. എന്നാൽ ശബരിമല സമരത്തിൽ രാഷ്ട്രീയ ലാഭമുണ്ടാവുമെന്ന തിരിച്ചറിവിൽ ബി.ജെ.പി പ്രക്ഷോഭങ്ങളുടെ ചുക്കാൻ ഏറ്റുപിടിച്ചതോടെയാണ് സംഘപരിവാർ ശക്തികൾ ശബരിമലയെ മുഖ്യവിഷയമാക്കി ഉയർത്തിയത്.

social-media

എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ചില നേതാക്കൻമാർ പഴയ നിലപാടിലേക്ക് മാറിയെന്ന സൂചന പരക്കവേയാണ് പുതിയ തർക്കങ്ങൾ ഉടലെടുത്തത്. ആചാരസംരക്ഷണത്തിനായി കാത്തിരിക്കുവാൻ തയ്യാറാണ് എന്നർത്ഥത്തിൽ റെഡി ടു വെയിറ്റ് ക്യാംപെയിനുകൾക്ക് സമൂഹത്തിൽ വലിയതോതിലാണ് സ്വീകരണം ലഭിച്ചിരുന്നത്. റെഡി ടു വെയിറ്റ് എന്നെഴുതിയ പ്ലക്കാർഡുകളുമായി സോഷ്യൽ മീഡിയയിലടക്കം പോസ്റ്റുചെയ്ത് യുവതികൾ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഈ ക്യാംപെയിനിലൂടെ ശ്രദ്ധേയയായി മാറിയ പദ്മ പിള്ളയാണ് ശബരിമല വിഷയത്തിലെ പുതിയ നിലപാടുകളെ ചോദ്യം ചെയ്തിരിക്കുന്നത്. എന്നാൽ ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ സമരം ചെയ്ത വിവിധ സംഘടകളുടെ പ്രവർത്തനങ്ങളിൽ വിള്ളൽ വീഴ്ത്തരുതെന്ന ആവശ്യവുമായി നിരവധി പേരാണ് പദ്മ പിള്ളയുടെ പോസ്റ്റിൽ കമന്റ് ചെയ്തിരിക്കുന്നത്. അതേ സമയം സമരത്തിനിറങ്ങി നിരവധി കേസിൽ പ്രതിയായെന്നും, ജോലി നഷ്ടമായെന്നും കമന്റ് രേഖപ്പെടുത്തുന്നവരും ഉണ്ട്. പദ്മ പിള്ളയെ അനുകൂലിച്ചും, ശബരിമല സമരത്തിൽ അവർ നൽകിയ സംഭാവനകളെ ചെറുതായി കാണരുതെന്ന് വാദിച്ച് രംഗത്ത് വരുന്നവരും നിരവധിയാണ്.