ന്യൂഡൽഹി: ഇതുവരെ നടന്നത് സ്‌നേഹവും വിദ്വേഷവും തമ്മിലുള്ള പോരാട്ടമാണെന്നും അതിൽ സ്‌നേഹം വിജയിക്കുമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ തന്റെ വോട്ട് രേഖപ്പെടുത്തിയ ശേഷം ന്യൂഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി അജയ് മാക്കനും ബി.ജെ.പി എം.പി മീനാക്ഷി ലേഖിയും തമ്മിലാണ് മത്സരം. ആം ആദ്മിയുടെ ബ്രിജേഷ് ഗോയലും ഇവിടെ മത്സരിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിൽ വിവിധ വിഷയങ്ങൾ പ്രചാരണത്തിന് ഉപയോഗിച്ചു. തൊഴിലില്ലായ്‌മ, കാർഷിക പ്രശ്‌നങ്ങൾ, നോട്ടുനിരോധനം, റാഫേൽ തുടങ്ങിയവ ഏറെ ചർച്ചയായി. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷത്തിന്റെ ഭാഷയിലും ഞങ്ങൾ സ്‌നേഹത്തിന്റെ ഭാഷയിലുമാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ട് തന്നെ സ്‌നേഹം വിജയിക്കുമെന്ന് തനിക്ക് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനം തന്നെയാണ് യഥാർത്ഥ ബോസെന്ന് തനിക്കറിയാം. അവർ എന്ത് വിധിച്ചാലും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബി.ജെ.പിയും നരേന്ദ്ര മോദിയും തിരഞ്ഞെടുപ്പിൽ വൻ തോൽവി ഏറ്റുവാങ്ങുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഇപ്പോഴത്തെ ഭരണത്തിൽ അസംതൃപ്‌തരായ ജനങ്ങൾ മോദിക്കെതിരെ വോട്ട് ചെയ്യുമെന്നും അവർ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളെല്ലാം അസംതൃപ്‌തരാണ്. യഥാർത്ഥ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാതെ അനാവശ്യമായ ചില കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. ഇതിനെല്ലാം ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ പ്രതികാരം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.