ന്യൂഡൽഹി: ഇന്ത്യയിലെ ഇ.വി.എം വോട്ടിംഗ് രീതി ശരിക്കും ആകർഷണീയമായ ഒന്നാണെന്ന് ആസ്ട്രേലിയൻ സ്ഥാനപതി ഹരിന്ദർ സിദ്ദു പറഞ്ഞു. ഇ.വി എ.മ്മിൽ എങ്ങനെ ഇത്രയധികം ആൾക്കാർക്ക് വോട്ട് ചെയ്യാൻ സാധിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. "ഇത് ശരിക്കും പ്രചോദിപ്പിക്കുന്ന ഒരു അനുഭവമാണ്. നിങ്ങൾക്ക് ഇതുവഴി എങ്ങനെ ഇത്രയധികം ആളുകളെ വോട്ട് ചെയ്യിപ്പിക്കുവാൻ സാധിക്കുന്നു?അടുക്കും ചിട്ടയുമുള്ള നല്ല വോട്ടിംഗ് പ്രക്രിയയാണ് ഇ.വി.എമ്മിലൂടെ സാദ്ധ്യമാകുന്നതെ" ന്നും ആസ്ട്രേലിയൻ സ്ഥാനപതി പറഞ്ഞു.
ആസ്ട്രേലിയയിൽ ഇങ്ങനൊരു സംവിധാനം ഇല്ല. അവിടെ പേപ്പർ ബാലറ്റുകളാണെന്നും അവർ കൂട്ടിച്ചേർത്തു. അവ എണ്ണിത്തിട്ടപ്പെടുത്താൻ തന്നെ വളരെ ബുദ്ധിമുട്ടാണ്. അതിനാൽ എല്ലായ്പ്പോഴും വിശ്വാസ്യതയ്ക്ക് ഒത്ത് വരണമെന്നില്ലെന്നും സ്ഥാനപതി പറഞ്ഞു. വി.വി പാറ്റ് ഒരു നല്ല വികസനമാണെന്നും അവർ പറഞ്ഞു.
വോട്ട് രേഖപ്പെടുത്തുന്നതിന് ബാലറ്റ് പേപ്പറിനു പകരമുള്ള ഇലക്ട്രോണിക് സംവിധാനമാണ് ഇ.വി.എം( ഇലക്ട്രോണിക് വോട്ടിംഗ് മഷീൻ). കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നീ രണ്ട് ഭാഗങ്ങൾ ചേർന്നുള്ള സംവിധാനമാണിത്. ബാലറ്റ് യൂണിറ്റിനോട് സ്ഥിരമായി ബന്ധിപ്പിച്ചിരിക്കുന്ന കേബിളിന്റെ ഒരറ്റം കൺട്രോൾ യൂണിറ്റിനോട് ബന്ധിപ്പിച്ചാണ് പ്രവർത്തനസജ്ജമാക്കുന്നത് .
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 59 മണ്ഡലങ്ങളിൽ 979 സ്ഥാനാർത്ഥികൾ ഇന്ന് വിധിയെഴുതു. ബിഹാറിലും മദ്ധ്യപ്രദേശിലും ബംഗാളിലും എട്ടുവീതവും ജാർഖണ്ഡിൽ നാലും, ഉത്തർപ്രദേശില്‍ പതിന്നാലും ഹരിയാനയിൽ പത്തും, ഡൽഹിയില്‍ ഏഴും മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദടക്കമുള്ള പ്രമുഖരെല്ലാം രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ജ്യോതിരാദിത്യ സിന്ധ്യ(കോൺ.), ഷീലാ ദീക്ഷിത്(കോൺ.), അഖിലേഷ് യാദവ് (എസ്.പി) ഡോ. ഹർഷവർധൻ(ബി.ജെ.പി.), ജെ.പി. അഗർവാൾ(കോൺ.), മീനാക്ഷി ലേഖി(ബി.ജെ.പി.), അജയ് മാക്കൻ(കോൺ.), മനോജ്തിവാരി (ബി.ജെ.പി.), ഗൗതംഗംഭീർ(ബി.ജെ.പി.),തുടങ്ങിയവരാണ് ആറാംഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖർ.