ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കവേ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഉത്തരേന്ത്യയിലെ സീറ്റുകൾ ഭൂരിഭാഗവും തൂത്തുവാരിയ പ്രകടനം ഇക്കുറിയുണ്ടാവില്ലെന്ന വ്യക്തമായ സൂചനയിലാണ് ഭരണകക്ഷിയായ ബി.ജെ.പി. പാർട്ടിയിലെ മുതിർന്ന നേതാക്കളടക്കം വിവിധ ഇടങ്ങളിൽ നടത്തിയ പ്രതികരണങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന വ്യക്തവുമാണ്. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ലോക്സഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷി ബി.ജെ.പിയായിരിക്കുമെന്ന് രാഷ്ട്രീയനിരീക്ഷകർ കണക്ക് കൂട്ടുന്നുണ്ട്. എന്നാൽ മോദി വിരുദ്ധത മുതൽക്കൂട്ടായിട്ടുള്ള പ്രതിപക്ഷ കക്ഷികൾ ബി.ജെ.പിയെ അധികാരത്തിൽ നിന്നും ഒരു കൈ അകറ്റി നിർത്താൻ ഒന്നിക്കുമെന്ന ഭീതിയും ബി.ജെ.പിക്കുണ്ട്. എൻ.ഡി.എയിലെ സഖ്യകക്ഷികൾക്കിടയിൽ പോലും മോദി വിരുദ്ധത പ്രകടമാണ്. ഒരു കൈ ശക്തി പ്രയോഗിക്കുവാനുള്ള അവസരമുണ്ടായാൽ എൻ.ഡി.എ സഖ്യകക്ഷിയായ ശിവസേനയുൾപ്പടെ മോദിയെ മാറ്റി നിർത്തിയുള്ള സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചേക്കാം അതിനായി മഹാരാഷ്ട്രയിൽ നിന്നുമുള്ള നിതിൻ ഗഡ്കരിയെ ഉയർത്തിക്കാണിക്കുവാനും സാദ്ധ്യതയുണ്ട്. മോദി അമിത്ഷാ കൂട്ടുകെട്ടിന്റെ കൈയ്യിൽ ബി.ജെ.പി അമരുന്നതിന്റെ അമർഷം ഉള്ളിലൊതുക്കുന്ന നേതാക്കൾ നിരവധിയുണ്ടെങ്കിലും തലമുതിർന്ന നേതാക്കളായ അദ്വാനിയുടേയും മുരളി മനോഹർ ജോഷിയുടെയും അവസ്ഥ കണ്ട് അതൃപ്തി ഉള്ളിലൊതുക്കുകയാണവർ.
അതേ സമയം ആർ.എസ്.എസ് പിന്തുണ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ആവോളമുള്ളത് മോദി സർക്കാർ വീണ്ടും അധികാരത്തിൽ എത്തുവാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്ന ഘടകമാണ്. ന്യൂഡൽഹിയിലെ രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുമുള്ള പുതിയ സൂചനപ്രകാരം തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ ബി.ജെ.പി സർക്കാർ രൂപീകരിക്കാൻ വേണ്ട പിന്തുണ തേടി പ്രാദേശിക പാർട്ടികളുമായി ചർച്ചയ്ക്ക് ആർ.എസ്.എസ് നേതൃത്വം മുന്നിട്ടിറങ്ങി. കോൺഗ്രസിനോട് അടുക്കാതെ ബി.ജെ.പിയോടും അകൽച്ച പാലിക്കുന്ന ചെറിയ പാർട്ടികളെ കൂടെക്കൂട്ടാനാണ് ആർ.എസ്.എസ്. നീക്കം. തൃണമൂൽ, ബി.എസ്.പി,എസ്.പി തുടങ്ങിയ വലിയ പ്രാദേശിക പാർട്ടികളെ വിട്ട് ചെറിയ പാർട്ടികളുമായി കൂട്ടുകൂടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. സാധാരണയായി ബി.ജെ.പി സർക്കാരിന്റെ കാര്യങ്ങളിൽ ആർ.എസ്.എസ് നേതൃത്വം പ്രത്യക്ഷമായി ഇടപെടുന്ന പതിവില്ല അതിന് പകരമായി തങ്ങൾക്ക് വിശ്വാസമുള്ള നേതാക്കളെ വേണ്ടസ്ഥാനങ്ങളിൽ എത്തിക്കുന്നതിൽ മാത്രമാണ് നാഗ്പൂരിൽ നിന്നുമുള്ള ഇടപെടലുകൾ ന്യൂഡൽഹിയിലേക്ക് എത്തുന്നത്. എന്നാൽ മോദിയെ വീണ്ടും അധികാരത്തിലെത്തിക്കുവാൻ പ്രത്യക്ഷ ഇടപെടലുകളിൽ സജീവമാകാനാണ് ഇക്കുറി ആർ.എസ്.എസ് തീരുമാനം.