-bjp

ലഖ്‌നൗ: ബി.ജെ.പി പതാകകൊണ്ട് ചെരിപ്പ് തുടച്ചെന്നാരോപിച്ച് പോളിംഗ് ബൂത്തിൽ സംഘർഷം. ഉത്തർപ്രദേശിലെ ജോൻപൂരിലുള്ള ഷാഗഞ്‌ജിലെ പോളിംഗ്‌ ബൂത്തിലാണ്‌ സംഭവം. പാർട്ടി പതാക കൊണ്ട്‌ ചെരിപ്പ്‌ തുടച്ചെന്നാരോപിച്ച്‌ ബി.ജെ.പി പ്രവർത്തകർ വോട്ടറെ മർദിക്കുകയും ചെയ്തിരുന്നു. പോളിംഗ്‌ ബൂത്തിന്‌ പുറത്ത്‌ ഒരു മരച്ചുവട്ടിൽ കിടക്കുകയായിരുന്ന ബി.ജെ.പി പതാകയെടുത്ത്‌ വോട്ടർ തന്റെ ചെരിപ്പ്‌ തുടച്ചെന്നാണ്‌ പാർട്ടി പ്രവർത്തകരുടെ ആരോപണം.

തുടർന്ന് ഒരു ബി.ജെ.പി പ്രവർത്തകൻ സഹപ്രവർത്തകരെ വിവരമറിയിക്കുകയും എല്ലാവരും ചേർന്ന്‌ വോട്ടറെ മർദിക്കുകയുമായിരുന്നു. ബി.ജെ.പി പ്രവർത്തകരെ പിരിച്ചുവിടാൻ ഒടുവിൽ പൊലീസിന്‌ ലാത്തി പ്രയോഗിക്കേണ്ടി വന്നു. ആറാംഘട്ട വോട്ടെടുപ്പിൽ ഉത്തർപ്രദേശിൽ ഗോരഖ്പൂർ, അസംഗഡ് ഉൾപ്പടെയുള്ള മേഖലകളിലായി 49 മണ്ഡലങ്ങളിലായാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഗോരഖ്പൂർ മേഖലയിൽ യോഗി ആദിത്യനാഥ് തന്നെയാണ് ബി.ജെ.പിക്ക് വേണ്ടി പ്രചരണരംഗത്ത് മുന്നിൽ നിന്നത്.