yedurappa

ന്യൂഡൽഹി: കർണാടകത്തിൽ ബി.ജെ.പി സർക്കാർ രൂപീകരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും നിലനിൽക്കുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ് യെദ്യൂരപ്പ. സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളായ കുണ്ട്‌ഗോൽ, ചിഞ്ചോലി എന്നിവിടങ്ങളിൽ പാർട്ടി അണികൾ വളരെ ഒത്തൊരുമയോടെയാണ് പ്രവർത്തിക്കുന്നതെന്നും, അതുകൊണ്ടുതന്നെ രണ്ടിടങ്ങളിലും വിജയം സുനിശ്‌ചിതമാണെന്ന് യെദ്യൂരപ്പ പറഞ്ഞു.

'എനിക്ക് വളരെ ആത്മവിശ്വാസമുണ്ട് ഈ തിരഞ്ഞെടുപ്പിൽ വലിയ മാർജിനിൽ തന്നെ ഞങ്ങൾ വിജയിക്കുമെന്ന്. വേണുഗോപാലല്ല ആരുതന്നെ വന്നാലും ബി.ജെ.പി പ്രവർത്തകരുടെ ആവേശം ചോർത്താൻ കഴിയില്ല. ഞങ്ങൾ എല്ലാവരും ഒരേമനസോടെയാണ് പ്രവർത്തിക്കുന്നത്. ബി.ജെ.പി സർക്കാർ രൂപീകരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും കർണാടകയിൽ ഒരുങ്ങി വരുന്നുണ്ട്. ഇനി എന്തെങ്കിലും അട്ടിമറിയ്‌ക്ക് ശ്രമിച്ചാൽ പരാജയം കോൺഗ്രസിനു തന്നെയാകും'- യെദ്യൂരപ്പ പറഞ്ഞു.

സംസ്ഥാനത്ത് നിലനിൽക്കുന്ന കോൺഗ്രസ്- ജെ.ഡി.എസ് ബന്ധത്തിന്റെ ആയുസ് 20 എം.എൽ.എമാരുടെ കൈയിലാണെന്ന് വെള്ളിയാഴ്‌ച യെദ്യൂരപ്പ പരാമർശിച്ചിരുന്നു. അത് മേയ് 23വരെ മാത്രമായിരിക്കുമെന്നും ബി.ജെ.പി അദ്ധ്യക്ഷൻ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ഇപ്പോൾ അലയടിക്കുന്നത് ബി.ജെ.പി തരംഗമാണെന്നും യെദ്യൂരപ്പ പറഞ്ഞു.