kerala-congress

കോട്ടയം: ജോസ്.കെ.മാണിയെ കേരള കോൺഗ്രസ് എം ചെയർമാനാക്കണമെന്ന് ആവശ്യപ്പെട്ട് മാണി വിഭാഗം ജില്ലാ പ്രസിഡന്റുമാർ രംഗത്തെത്തി. ഒൻപത് ജില്ലാ പ്രസിഡന്റുമാരാണ് കെ.എം.മാണിയുടെ പിൻഗാമിയായി ജോസ് കെ.മാണിയെ കേരള കോൺഗ്രസ് (എം) ചെയർമാനാക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. നേതാക്കൾ ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസിനെ കണ്ട് ആവശ്യം ഉന്നയിച്ചു. സി.എഫ് തോമസ് പാർലമെന്ററി പാർ‌ട്ടി നേതാവകണമെന്ന ആവശ്യവും ഇവർ ഉന്നയിച്ചു. കേരള കോൺഗ്രസ് എം ചെയർമാൻ സ്ഥാനവും പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനവും മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

കെ.എം മാണിക്ക് ശേഷം നേതൃസ്ഥാനത്തിലേക്ക് ആരാണെന്നതിനെ ചൊല്ലി കേരളാ കോൺഗ്രസിൽ അധികാര വടംവലി അതിരൂക്ഷമായി തുടരവെയാണ് നിലപാട് വ്യക്തമാക്കി മാണി വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. അതേസമയം,​ ജില്ലാ പ്രസിഡന്റുമാരുടെ നീക്കത്തിൽ സി.എഫ്. തോമസ് അതൃപ്തി അറിയിച്ചു. സമവായത്തിലൂടെ വിഷയത്തിൽ പരിഹാരം കാണാനാണ് ശ്രമമെന്ന് അദ്ദേഹം അറിയിച്ചു. ഇത്തരം നീക്കങ്ങൾ ഉചിതമല്ലെന്നും സി.എഫ്. തോമസ് നേതാക്കളോടു പറഞ്ഞതായാണു വിവരം. എന്നാൽ,​ ജില്ലാ പ്രസിഡന്റുമാർ മാത്രമല്ല കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും,​ തീരുമാനം വെെകില്ലെന്നും നിലവിൽ ഒരു നിർദേശവുമില്ലെന്നും ജോസ്.കെ.മാണി വ്യക്തമാക്കി.

പാർട്ടിയുടെ 14 ജില്ലാ പ്രസിഡന്റുമാരിൽ 10 പേരും മാണി വിഭാഗത്തിലുള്ളവരാണ്. ചെയർമാൻ, പാർലമെന്ററി പാർട്ടി ലീഡർ, പാലാ സീറ്റ് എന്നിവ സംബന്ധിച്ച ചർച്ചകൾ സജീവമായിരിക്കെയാണ് പാർട്ടിയിലെ ഒരു വിഭാഗം വൈസ് ചെയർമാൻ ജോസ് കെ മാണിക്ക് വേണ്ടി രംഗത്ത് വന്നിരിക്കുന്നത്. ചെയർമാൻ സ്ഥാനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന ഉറച്ച നിലപാടിലാണ് മാണി വിഭാഗം. എന്നാൽ, ജോസ് കെ മാണിയെ ചെയർമാനാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫിനെ അനുകൂലിക്കുന്നവരും വാദിക്കുന്നു.