ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമാന പദ്ധതിയായിരുന്നു ഗുജറാത്തിലെ നർമദ നദിയിൽ സർദാർ സരോവർ അണക്കെട്ടിനു സമീപത്തെ സാധുബേട് ദ്വീപിൽ പണിത സർദാർ വല്ലഭ്ഭായ് പട്ടേൽ പ്രതിമ. സ്‌റ്റാച്യൂ ഒഫ് യൂണിറ്റി എന്ന് പേരിട്ടിരിക്കുന്ന പ്രതിമയുടെ നിർമ്മാണ ചിലവ് 2063 കോടിരൂപയായിരുന്നു. നാലു വർഷമെടുത്താണ് പ്രതിമ നിർമ്മിച്ചത്. എന്നാൽ കോടികൾ മുടക്കി നിർമ്മിച്ച പ്രതിമയ്‌ക്കെതിരെ പ്രതിപക്ഷം കടുത്ത വിമർശവും ഉന്നയിച്ചിരുന്നു. രാജ്യത്ത് ജനങ്ങൾ പട്ടിണിയും ദുരിതവും അനുഭവിക്കുമ്പോൾ മോദി സർക്കാർ പ്രതിമയുണ്ടാക്കി ഖജനാവ് ദൂർത്തടിക്കുകയാണെന്നായിരുന്നു ആക്ഷേപം.
'ഇപ്പോഴിതാ, കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂരും പട്ടേൽ പ്രതിമയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. എന്തൊരു വഷളാണത് എന്നാണ് തരൂർ പ്രതികരിച്ചത്. മേയ്‌ക്ക് ഇൻ ഇന്ത്യ എന്ന് പറഞ്ഞു നടക്കുന്ന പ്രധാനമന്ത്രി അത് ചൈനയിലാണുണ്ടാക്കിയത്. ഇവിടെ വന്നിട്ട് കെട്ടാൻ പോലും ചൈനയിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരേണ്ടി വന്നു. അതുകഴിഞ്ഞിട്ട് കഴിഞ്ഞമാസം, ഇലക്ഷൻ തുടങ്ങുന്ന സമയത്ത് അവിടുത്തെ മൂവായിരത്തോളം വരുന്ന തൊഴിലാളികളും ചേർന്ന് ശമ്പളം കിട്ടാത്തതിനെ തുടർന്ന് പ്രതിമയ്‌ക്ക് ചുറ്റും അണിനിരന്ന് ഖരാവോ ചെയ്‌തു. ഇതാണ് ഈ പ്രതിമയുടെ യാഥാർത്ഥ്യം'- ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു തരൂരിന്റെ വിമർശം.