കോട്ടയം: രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അടിയന്തരമായി കോട്ടയം സ്റ്റേഷനിലിറങ്ങിയ കാൻസർ രോഗിയെ റെയിൽവേ അധികൃതർ തിരിഞ്ഞു നോക്കിയില്ല. രോഗിയെ ആശുപത്രിയിലാക്കാൻ ആംബുലൻസ് എത്തിച്ചില്ലെന്നാണ് ആക്ഷേപം. ഒടുവിൽ ആട്ടോറിക്ഷയിലാണ് ഇവരെ മെഡിക്കൽ കോളേജിലെത്തിച്ചത്. സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിജുമോൻ നായരാണ് ആട്ടോക്കൂലി നൽകിയത്.

ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ആലപ്പുഴ സ്വദേശികളായ കുടുംബം ഗൃഹനാഥന്റെ ചികിത്സയ്‌ക്കായി വീട് വിറ്ര ശേഷം മംഗലാപുരത്താണ് താമസിക്കുന്നത്. ശനിയാഴ‌്‌ച വൈകിട്ടോടെയാണ് ഭാര്യ‌യ്‌ക്കും മകനുമൊപ്പം ഇദ്ദേഹം മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള മലബാർ എക്‌സ്‌പ്രസിൽ കയറിയത്. ട്രെയിൻ പുലർച്ചെ എറണാകുളം വിട്ടപ്പോൾ മുതൽ ഇദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് കോട്ടയത്തിറങ്ങണമെന്നും മെഡിക്കൽ കോളേജിൽ ചികിത്സ തേടണമെന്നും ഇവർ റെയിൽവേ അധികൃതരെ അറിയിച്ചു. പക്ഷേ രണ്ടാംനമ്പർ പ്ലാറ്റ്ഫോമിലാണ് ട്രെയിൻ നിറുത്തിയത്. വീൽച്ചെയറിൽ പ്ലാറ്റ്ഫോമിലിറങ്ങിയ രോഗിക്ക് പടി കയറി പുറത്തിറങ്ങാനായില്ല. തുടർന്നിവർ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരായ ബിജുമോൻ നായരുടെയും അനിലിന്റെയും സഹായം തേടി.

ബിജുമോൻ ഇടപെട്ട് രണ്ടു പോർട്ടർമാരുടെ സഹായത്തോടെ വീൽച്ചെയറോടെ രോഗിയെ പുറത്തെത്തിച്ചു. ആംബുലൻസ് വിളിക്കാൻ സ്റ്റേഷൻ മാനേജരോട് പൊലീസ് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. തുടർന്ന് ആംബുലൻസ് വരുന്നത് കാത്ത് അരമണിക്കൂറോളം സ്റ്റേഷന് മുന്നിൽ നിന്നെങ്കിലും വന്നില്ല. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ അഗ്നിശമനസേനയെ വിളിച്ചു. എന്നാൽ അവിടുത്തെ ആംബുലൻസ് തകരാറിലാണെന്നും ഈ വിവരം നേരത്തേ റെയിൽവേയെ അറിയിച്ചിരുന്നു എന്നുമായിരുന്നു മറുപടി. എന്നിട്ടും മറ്റൊരു ആംബുലൻസ് സംഘടിപ്പിക്കാനോ വിവരം കൈമാറാനോ റെയിൽവേ അധികൃതർ തയ്യാറായില്ല. തുടർന്നാണ് ആട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് പോയത്.

'വീൽച്ചെയറിലെത്തുന്ന രോഗിയെ അവർ ആവശ്യപ്പെട്ടാൽ ട്രെയിൻ ഒന്നാം നമ്പർ പ്ളാറ്റ്ഫോമിൽ നിറുത്തണമെന്നാണ് ചട്ടം. ഇത്തരത്തിൽ നിറുത്താൻ സാധിച്ചില്ലെങ്കിൽ ഇവരെ റെയിൽവേ ഉദ്യോഗസ്ഥർ സഹായിച്ച് പുറത്തെത്തിക്കണം. ആവശ്യമെങ്കിൽ ആംബുലൻസും അടിയന്തര വൈദ്യസഹായവും നൽകണം".

- നാസർകുട്ടി, റെയിൽവേ എസ്.ഐ