ലക്നൗ: ആൾവാറിൽ ദളിത് യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ ബി.എസ്.പി നേതാവ്
മായാവതി മുതലക്കണ്ണീരൊഴുക്കുകയാണെന്ന മോദിയുടെ പരാമർശത്തിനെതിരെ മായാവതി രംഗത്ത്. മോദി വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ദളിതർക്ക് നേരെയുണ്ടായ അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാത്ത മോദി രാജി വയ്ക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. അശോക് ഗെലോട്ട് നയിക്കുന്ന രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ മായാവതി പിന്തുണയ്ക്കുന്നുണ്ടെന്നും ഇത് മറച്ചുവച്ച് ദളിത് യുവതി പീഡിപ്പിക്കപ്പെട്ട കേസിൽ മുതലക്കണ്ണീരൊഴുക്കുകയാണ് മായാവതി ചെയ്യുന്നതെന്നും മോദി ആരോപിച്ചിരുന്നു.
''ഇന്ന് ഉത്തർപ്രദേശിന്റെ പെൺമക്കൾ ബഹൻജിയോടു ചോദിക്കുന്നത് നിങ്ങളല്ലേ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ പിന്തുണയ്ക്കുന്നത് എന്നാണ്. ഒരു ദളിത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടും എന്തുകൊണ്ടാണ് രാജസ്ഥാൻ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാത്തത് എന്നാണ് അവർ ചോദിക്കുന്നത്.” - ഒരു തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ മോദി പറഞ്ഞു. കോൺഗ്രസ് സർക്കാരിന് ഉദ്ദേശശുദ്ധി ഉണ്ടായിരുന്നെങ്കിൽ പീഡന വാർത്ത മൂടിവെക്കാൻ അവർ ശ്രമിക്കില്ലായിരുന്നെന്നും മോദി പറഞ്ഞു. എന്നാൽ, കേസിൽ തക്കതായ നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ ബി.എസ്.പി സമുചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് മായാവതി ഇതിനോട് പ്രതികരിച്ചത്.
ഏപ്രിൽ 26നാണ് ഭർത്താവിനോടൊപ്പം ബൈക്കിൽ പോവുകയായിരുന്ന യുവതിയെ ഒരു സംഘമാളുകൾ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഏപ്രിൽ 30ന് യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് നടപടിയെടുത്തില്ല. ഇത് സർക്കാരിന്റെ ഇടപെടൽ മൂലമാണെന്നാണ് ആരോപിക്കപ്പെടുന്നത്. മേയ് രണ്ടിനാണ് പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തത്. കേസെടുക്കാൻ ഇത്രയും വൈകിയതിൽ രൂക്ഷ വിമർശനവുമായി മായാവതി രംഗത്തെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് ഒരു വാക്കുപോലും മിണ്ടിപ്പോകരുതെന്ന് ഇരയുടെ കുടുംബത്തെ കോൺഗ്രസുകാർ ഭീഷണിപ്പെടുത്തിയിരുന്നതായും മായാവതി ആരോപിച്ചിരുന്നു.