കൊളംബോ: ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണത്തിനുശേഷം ശ്രീലങ്കൻ പള്ളികളിൽ ഞായറാഴ്ച കുർബാന നടന്നു. കമാൻഡോകളടക്കം സൈനികവിഭാഗങ്ങളുടെ കനത്ത സുരക്ഷയിലായിരുന്നു കുർബാന.
രാജ്യം സാധാരണനിലയിലേക്ക് നീങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മൂന്നാഴ്ചകൾക്കുഷേഷം ഇന്നലെ പള്ളികളിൽ കുർബാന നടത്താൻ കത്തോലിക്ക സഭ തീരുമാനിച്ചത്. പള്ളികളിലും വഴികളിലും സൈന്യവും സായുധപൊലീസും നിലയുറപ്പിച്ചിരുന്നു. പള്ളിപ്പരിസരങ്ങളിലേക്ക് വാഹനങ്ങളും ബാഗുകളും അനുവദിച്ചില്ല. തിരിച്ചറിയൽ കാർഡുകൾ ഉള്ളവർക്കുമാത്രമായിരുന്നു പ്രവേശനം. വീണ്ടും ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈസ്റ്റർ ദിനത്തിനുശേഷം പള്ളികൾ അടച്ചിട്ടിരിക്കുകയായിരുന്നു. അതേസമയം ശ്രീലങ്കയിലെ ചിലാവ് നഗരത്തിൽ മുസ്ലിം പള്ളികൾക്ക് നേരെ ആക്രമണമുണ്ടായി. തുടർന്ന് ഇന്ന് രാവിലെ വരെ കർഫ്യൂ പ്രഖ്യാപിച്ചു.