കൊൽക്കത്ത : പശ്ചിമബംഗാളിൽ ആറാംഘട്ട വോട്ടെടുപ്പിനിടെ വ്യാപക അക്രമം,അക്രമ സംഭവങ്ങളിൽ ഒരു ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടു. ഝാർഗ്രാം മണ്ഡലത്തിലെ ഗോപിബല്ലാബ്പുർ സ്വദേശി രമൺ സിംഗാണ് മരിച്ചത്. ഇരുമ്പ് വടികൊണ്ട് തലയ്ക്ക് അടിയേറ്റതാണ് മരണ കാരണം.
ഘട്ടാൽ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ ഭാരതി ഘോഷിനുനേരെ രണ്ടു തവണ ആക്രമണമുണ്ടായി. കേശ്പൂർ ബസാർ പോളിംഗ് ബൂത്തിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
രാവിലെ വോട്ട് ചെയ്യാൻ പോളിംഗ് ഏജന്റുമൊത്ത് ബൂത്തിൽ പ്രവേശിക്കാന്‍ തുടങ്ങിയപ്പോൾ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരായ വനിതകൾ ഭാരതി ഘോഷിനെ തടഞ്ഞു. തുടർന്ന് പോളിംഗ് ബൂത്തിൽ നിന്ന് മടങ്ങിയ ഭാരതിയുടെ കാറിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. കല്ലേറ് രൂക്ഷമായതോടെ ഭാരതി അടുത്തുള്ള ക്ഷേത്രത്തിൽ അഭയം തേടി. അവിടെയും പ്രവർത്തകരെത്തി അക്രമം അഴിച്ച് വിട്ടതോടെ ഭാരതി ഘോഷ് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് ഉച്ചയോടെ അവരുടെ കാർ തടയുകയും വഴിയിലുടനീളം ബോബെറിയുകയും ചെയ്തതായി വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു ആക്രമണത്തിൽ ഭാരതി ഘോഷിന് പരിക്കേറ്റതായി പൊലീസ് പറഞ്ഞു.
അതേസമയം, ഭാരതി ഘോഷ് ബൂത്തിനുള്ളിൽ മൊബെെൽ ഫോൺ ഉപയോഗിച്ചതായും വീഡിയോ പകർത്തിയെന്നുമുള്ള പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. ഭാരതി ഘോഷിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ മിഡ്നാപൂർ ജില്ലാ മജിസ്ട്രേറ്റിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ നായ്ക്കളെ വലിച്ചിഴക്കുന്നതു പോലെ തൃണമൂൽ പ്രവർത്തകരെ വിലിച്ചിഴക്കുമെന്ന് കഴിഞ്ഞ ദിവസം ഭാരതി ഘോഷ് പ്രസ്താവിച്ചിരുന്നു.
മിഡ്‌നാപുർ മണ്ഡലത്തലടക്കം പലസ്ഥലത്തും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബി.ജെ.പി സ്ഥാനാർത്ഥിക്ക് നേരെ രണ്ട് തവണ ആക്രമണം ഉണ്ടായതിനെക്കുറിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ മജിസ്‌ട്രേട്ടിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്.